എരുമേലി∙ മാല പൊട്ടിക്കാനെത്തിയ കള്ളന്റെ ധൈര്യം ആരോഗ്യപ്രവർത്തകയുടെ മനോബലത്തിനു മുൻപിൽ ചെലവായില്ല! മാല പൊട്ടിച്ചെടുക്കൽ പരാജയപ്പെട്ടതോടെ ഓടിയ കള്ളൻ പിന്നീടു വേഷം മാറി വന്നു സ്വന്തം ബൈക്കുമായി കടന്നെങ്കിലും പൊലീസിന്റെ വലയിലായി. കള്ളനെ കുതറിത്തെറിപ്പിച്ച ആരോഗ്യ പ്രവർത്തകയ്ക്കു ജില്ലാ പൊലീസ് മേധാവിയുടെ പ്രശംസ. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.എരുമേലിയിൽ കോവിഡ് ഡ്യൂട്ടിക്ക് എത്തിയ നഴ്സ് പാലാ സ്വദേശിനി അനുജ സലിമിന്റെ(22) മാല പൊട്ടിക്കാനെത്തിയ കുറുവാമൂഴി പീടികച്ചാൽ ഷിനു(42)ആണ് അറസ്റ്റിലായത്.

എരുമേലി ദേവസ്വം ബോർഡ് സ്കൂൾ പരിസരം വഴി സർക്കാർ ആശുപത്രിയിലേക്കുള്ള കുറുക്കുവഴിയിലാണു മോഷണശ്രമം. മാല പൊട്ടിച്ചെടുത്തെങ്കിലും കള്ളനെ അനുജ സധൈര്യം നേരിട്ടു. പിടിവലിയിൽ പരാജയപ്പെട്ട കള്ളൻ ശ്രമം ഉപേക്ഷിച്ച് ഓടി.സ്കൂൾ പരിസരത്തു പാർക്ക് ചെയ്ത ബൈക്ക് എടുക്കാതെ സ്ഥലം വിട്ട കള്ളൻ പിന്നീടു വേഷം മാറി ഓട്ടോയിലെത്തി ബൈക്കുമായി കടന്നു. കള്ളൻ ഓടിമറയുന്നതും വേഷം മാറിയെത്തുന്നതുമെല്ലാം പൊലീസിന്റെയും പഞ്ചായത്തിന്റെയും ക്യാമറയിൽ പതിഞ്ഞിരുന്നു. എരുമേലി പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ കെ.എൻ.അനീഷ്, കെ.എസ്.സുമേഷ് എന്നിവർ ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഒരേ ആൾ തന്നെയാണു വേഷം മാറി വന്നതെന്നു വ്യക്തമായി.

കള്ളൻ ബൈക്ക് തിരികെ എടുക്കാൻ എത്തിയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി. ഡ്രൈവറുടെ സഹായത്തോടെ എസ്ഐ സി.എച്ച്. സതീഷിന്റെ നേതൃത്വത്തിൽ കുറുവാമൂഴി നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കോടതി ഇയാളെ റിമാൻഡ് ചെയ്തു. അനുജയെ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

എരുമേലി പൊലീസ് സ്റ്റേഷനിലെ സിസിടിവി കൺട്രോൾ റൂമിലെ ക്യാമറകൾ ഇറക്കുമതി ചെയ്തത് യുഎസിൽ നിന്നാണ്. ശബരിമല തീർഥാടന പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയേറെ മികച്ച സംവിധാനമുള്ള കൺട്രോൾ റൂം സ്ഥാപിച്ചത്. സൂം ചെയ്താൽ തെളിമ നഷ്ടപ്പെടില്ലെന്നതാണു പ്രത്യേകത. ഒട്ടേറെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ക്യാമറയിൽ തെളിഞ്ഞിട്ടുണ്ട്. കൺട്രോൾ റൂമിൽ‍ 34 സിസിടിവികളാണുള്ളത് . സ്റ്റേഷനിലെ ഹൈടെക് സെല്ലിന്റെ പ്രവർത്തനവും മികച്ചതാണ്.