നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കാൻ യുഡിഎഫ് ഇന്ന് യോഗം ചേരും. പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പി. ജെ ജോസഫ് വിഭാഗം. കോട്ടയത്ത് നാല് സീറ്റുകൾ വേണമെന്ന് ജോസഫ് വിഭാഗം നിലപാട് സ്വീകരിച്ചു. യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ഉഭയകക്ഷി ചർച്ച നടത്തും.

പത്ത് സീറ്റിൽ വഴങ്ങണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യണമെന്നും കോൺഗ്രസ് പറഞ്ഞു. കോൺഗ്രസിന്‍റെ കർശന നിലപാടിനെ തുടർന്ന് മൂവാറ്റുപുഴ സീറ്റ് വെച്ച് മാറാനുള്ള നീക്കം വേണ്ടെന്ന് വച്ചു.

കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നൽകണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. കോട്ടയത്ത് നേരത്തേ മത്സരിച്ച അഞ്ച് സീറ്റുകളിൽ ഒന്ന് വിട്ടു നൽകാമെന്ന് ജോസഫ് വിഭാഗം അറിയിച്ചു. പകരം മറ്റൊരു സീറ്റ് നൽകണമെന്നും ആവശ്യവും ഉന്നയിച്ചു.

കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് കോണ്‍ഗ്രസ് ജോസഫിനായി നല്‍കാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റുമാനൂരും ചങ്ങനാശേരിയും കൂടി കിട്ടിയേ പറ്റൂ എന്ന നിലപാടിലാണ് ജോസഫ് പക്ഷം.

അതേസമയം, കൊച്ചി സീറ്റിനായി കോൺഗ്രസിൽ പിടിവലി നടക്കുകയാണ്. മത്സര സന്നദ്ധരായി പത്തിലധികം നേതാക്കളാമ് രംഗത്ത്. മുൻ കൊച്ചി മേയർ ടോണി ചമ്മണി, കോർപ്പറേഷൻ മുൻ കൗൺസിലർ ഷൈനി മാത്യു, ഡിസിസി സെക്രട്ടറി സ്വപ്ന പട്രോണിക്സ് എന്നിവരുടെ പേരുകളാണ് പാർട്ടി പരിഗണിക്കുന്നത്. എന്നാൽ കൊച്ചിയോ തൃപ്പൂണിത്തുറയോ വനിത സ്ഥാനാർത്ഥികളെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

2016 ൽ ഡൊമിനിക്ക് പ്രസന്റേഷനെ പരാജയപ്പെടുത്തി സിപിഎമ്മിലെ കെ.ജെ മാക്സി അട്ടിമറി വിജയം നേടിയ കൊച്ചി, ഇത്തവണ തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും ടോണി ചമ്മണിയുടെ പേര് കൊച്ചിയിൽ ഉയർന്ന് വന്നിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ഡൊമിനിക് പ്രസന്റേഷന് വീണ്ടും അവസരം നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.