ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിനും വെയിൽസിനും വേണ്ടിയുള്ള പുതിയ അസിസ്റ്റഡ് ഡൈയിങ് നിയമം പൂർണ്ണമായി ഉടൻ നടപ്പിലാക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബിൽ പാർലമെന്റിൻ്റെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാലതാമസം നേരിടുന്നത്. ബിൽ നടപ്പിലാക്കാൻ ഏകദേശം നാല് വർഷം വരെ എടുക്കാം എന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബിൽ നടപ്പിലാക്കുന്നതിന് കൂടുതൽ കാലതാമസം എടുക്കുന്നത് അസിസ്റ്റഡ് ഡൈയിങ് നിയമത്തെ അനുകൂലിക്കുന്നവർ കടുത്ത വിമർശനമാണ് ഉയർത്തിയത്. നിയമത്തിൽ ഒപ്പുവെച്ച് രണ്ട് വർഷത്തിനുള്ളിൽ മരിക്കാനുള്ള സഹായം ലഭ്യമാക്കണമെന്ന് ബില്ലുകളെ പിന്തുണയ്ക്കുന്നവർ മുമ്പ് വ്യക്തമാക്കിയിരുന്നു. ബിൽ അവതരിപ്പിച്ച ലേബർ പാർട്ടി എംപിയായ കിം ലീഡ്‌ബീറ്റർ ഈ കാലയളവിനെ ബില്ലിനെ കൂടുതൽ കുറ്റമറ്റതാക്കാൻ ഉചിതമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ആറ് മാസത്തിനുള്ളിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് രണ്ട് ഡോക്ടർമാരും ഒരു ഹൈക്കോടതി ജഡ്ജിയും പരിശോധിച്ച് ബോധ്യപ്പെടുന്ന മാരക രോഗമുള്ള വ്യക്തികൾക്ക് അസിസ്റ്റഡ് ഡൈയിംഗ് ബില്ലിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതാണ് ബിൽ. ലേബർ എംപി കിം ലീഡ്‌ബീറ്റർ ഒരു സ്വകാര്യ ബില്ലായാണ് പാർലമെന്റിൽ ഇത് അവതരിപ്പിച്ചത് . അതുകൊണ്ടാണ് പാർട്ടി വിപ്പില്ലാതെ എംപിമാർക്ക് ഇതിനെ അനുകൂലിക്കണമോ എതിർക്കണമോ എന്ന കാര്യത്തിൽ സ്വന്തമായ തീരുമാനം കൈക്കൊള്ളാൻ സാധിച്ചത് . ക്രിസ്ത്യൻ സഭയും നിരവധി സാമൂഹിക സംഘടനകളും ബില്ലിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ തന്നെ ബില്ലിനോട് എതിർ അഭിപ്രായമുള്ള ഒട്ടേറെ പേർ ഉണ്ടായിരുന്നു. ഭരണപക്ഷമായ ലേബർ പാർട്ടിയിൽ നിന്ന് 234 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 147 പേർ എതിർത്ത് വോട്ട് ചെയ്തു. മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിലെ 23 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 92 പേർ ബില്ലിന് എതിരായി ആണ് വോട്ട് ചെയ്തത്.
Leave a Reply