ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ ദിവസം ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തതായി റിപ്പോർട്ട്. ഏകദേശം 45,000 ത്തോളം പ്രതിഷേധക്കാരാണ് ശനിയാഴ്ച പാർക്ക് ലെയ്‌നിൽ നിന്ന് വൈറ്റ്‌ഹാളിലേക്ക് ബാനറുകളും പ്ലക്കാർഡുകളും വഹിച്ചുകൊണ്ട് മാർച്ച് നടത്തിയത്. പ്രതിഷേധത്തിന് പിന്നാലെ പോലീസ് 18 പേരെ അറസ്റ്റ് ചെയ്തു.

സ്റ്റാർ ഓഫ് ഡേവിഡിനുള്ളിൽ സ്വസ്തിക പതിപ്പിച്ച ലേഖനങ്ങൾ വിതരണം ചെയ്ത നാല് പേരും അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സ്റ്റാർ ഓഫ് ഡേവിഡ് ഇസ്രയേലിനെ പ്രതിനിധീകരിക്കാൻ ഉപയോഗിച്ച് വരുന്ന ചിഹ്നമാണ്. ഇതിലൂടെ ഇസ്രയേലിനോടുള്ള വിദ്വേഷമാണ് പ്രതിഷേധക്കാർ കാണിച്ചത്. പ്രകടനത്തിൽ വംശീയ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പെരുമാറ്റത്തെ തുടർന്ന് ഒരാൾ അറസ്റ്റിയിലായിട്ടുണ്ട്. ഹമാസിലെ അംഗങ്ങൾ ധരിക്കുന്നതിന് സമാനമായ വെള്ള അറബി ലിപിയുള്ള പച്ച തലപ്പാവ് ധരിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

വൈകുന്നേരം അഞ്ചു മണിയോടെയാണ് പ്രതിഷേധക്കാർ വൈറ്റ്ഹാളിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങിയത്. ഉദ്യോഗസ്ഥർ നേരത്തെ നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ചവരെയാണ് സേന അറസ്റ്റ് ചെയ്‌തത്. പബ്ലിക് ഓർഡർ ആക്ടിലെ സെക്ഷൻ 35 പ്രകാരം പിരിഞ്ഞു പോകാൻ വിസമ്മതിച്ച ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.