കവന്‍ട്രി: മൂന്നാം ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന കവന്‍ട്രി ഹിന്ദു സമാജം മൂന്നാം ഓണ നാളില്‍ തന്നെ ആവണി അവിട്ടം ആഘോഷത്തിന് വേദിയൊരുക്കുന്നു. ഓണത്തിന്റെ പാരമ്പര്യ ചടങ്ങുകള്‍ അതേവിധം പിന്തുടരുന്ന സമാജത്തില്‍ വീടുകളില്‍ സദ്യ ഒരുക്കുന്ന പതിവ് ഇക്കുറി ഉപേക്ഷിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു. പതിവായി ചടങ്ങുകളില്‍ നൂറിലേറെപ്പേര്‍ക്കു സദ്യ നല്‍കേണ്ടതിനാല്‍ ഇക്കുറി കൂട്ടുകുടുംബ ഓര്‍മ്മയില്‍ സംഘമായി സദ്യ ഒരുക്കുന്നതിനുള്ള ആലോചനയിലാണ് സമാജം പ്രവര്‍ത്തകരെന്നു കോ-ഓഡിനേറ്റര്‍ കെ ദിനേശ് വ്യക്തമാക്കി.

കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളവും സ്ത്രീകളുടെ വകയായി തിരുവാതിരയും യുവാക്കളുടെ വകയായി നാടന്‍ പാട്ടും കുമ്മിയടിയും ഒക്കെയായി ആഘോഷത്തിന്റെ പുത്തന്‍ പൂക്കാലം തന്നെയാണ് കവന്‍ട്രി ഹിന്ദു സമാജം അംഗങ്ങളെ കാത്തിരിക്കുന്നത്. ഏതാനും കുടുംബങ്ങള്‍ നാട്ടില്‍ അവധി ആഘോഷത്തില്‍ ആണെങ്കിലും ഓണത്തിന്റെ മധുര സ്മൃതി പൂര്‍ണമായും ആസ്വദിക്കാന്‍ വേണ്ടിയാണു ആവണി അവിട്ടം നാളില്‍ ആഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിലും വടക്കന്‍ സംസ്ഥാനങ്ങളിലും രക്ഷാബന്ധന്‍ ആഘോഷം നടക്കുന്നതും ഇതേ ദിവസമാണ്.

കേരളത്തില്‍ നിന്നെത്തുന്ന നാക്കിലയില്‍ തന്നെ ഓണസദ്യ വിളമ്പുന്നതും കവന്‍ട്രി സമാജത്തിന്റെ രീതിയാണ്. മുല്ലപ്പൂ ചൂടിയ നാരിമാര്‍ ചേര്‍ന്നുള്ള തിരുവാതിര മത്സര ഇനമായാണ് നടത്തുന്നതെങ്കിലും ഇക്കുറി മത്സരം ഉണ്ടാവില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. ആഘോഷത്തിന്റെ സമയലാഭത്തിനു വേണ്ടിയാണു ഇങ്ങനെയൊരു മാറ്റത്തിനു തയ്യാറെടുത്തത്. വീടുകളില്‍ തന്നെ നട്ടുവളര്‍ത്തിയ പൂക്കളിറുത്തു കുട്ടികളുടെ നേതൃത്വത്തില്‍ കൂറ്റന്‍ പൂക്കളമിടുന്നതും ആഘോഷത്തിലെ പ്രധാന ഇനമാണ്. ആഘോഷത്തില്‍ പങ്കാളികള്‍ ആകുന്നവരെല്ലാം ചേര്‍ന്ന് പാട്ടും കളികളിലും സംഘടിപ്പിക്കുന്നതും പണ്ടുകാലത്തെ കേരളത്തിലെ ഓണനാളുകളുടെ ഓര്‍മ്മയാണ് സമ്മാനിക്കുക. കവന്‍ട്രി ഷില്‍ട്ടന്‍ വില്ലേജ് ഹാളില്‍ തന്നെയാണ് പതിവ് പോലെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് തന്നെ ആഘോഷങ്ങള്‍ തുടങ്ങും എന്നതും പ്രത്യേകതയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമാജത്തിന്റെ കര്‍ക്കിടക മാസാചരണം നാളെ രാമനാമ സന്ധ്യത്തോടെയാണ് സംഘടപ്പിച്ചിരിക്കുന്നത്. പതിവ് പോലെ ഇക്കുറിയും ഔഷധ കഞ്ഞി സേവയും ഉണ്ടായിരിക്കും. ഔഷധ കൂട്ടുകള്‍ തയാറാക്കി തേങ്ങാപ്പാലില്‍ വേവിച്ചെടുക്കുന്ന കഞ്ഞി രോഗപ്രതിരോധ ശേഷിക്കും ശരീര പുഷ്ടിക്കും ഏറെ പ്രയോജനപ്രദമായി കണക്കാക്കുന്നു. രോഗങ്ങളുടെയും ദുരിതങ്ങളുടെ നാളുകളുമായി എത്തിയിരുന്ന കര്‍ക്കിടകത്തില്‍ രാമനാമം വഴി മനസും ശരീരവും കൂടുതല്‍ ഊര്‍ജ്ജ പ്രദമാക്കുന്ന പാരമ്പര്യ രീതിയുടെ ഓര്‍മ്മ പുതുക്കലാണ് ഓരോ രാമായണ മാസാചരണവും. രാമായണ പാരായണം, രാമായണം ക്വിസ്, രാമായണ കഥകള്‍ എന്നിവയൊക്കെ കര്‍ക്കിടക മാസ ചടങ്ങുകള്‍ ധന്യമാക്കാന്‍ കാരണമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 07727218941