ലണ്ടന്‍: സി.പി.ഐ(എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ബ്രിട്ടനില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്(ഗ്രേറ്റ് ബ്രിട്ടന്‍) സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായി നടക്കുന്ന ദേശീയ സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നതിനായി പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടനിലെത്തും. മാഞ്ചസ്റ്ററില്‍ വെച്ചാണ് ഇക്കുറി എ.െഎ.സി നാഷണല്‍ കോണ്‍ഫറന്‍സ് നടക്കുന്നത്.

മാര്‍ച്ച് 31ന് നടക്കുന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സഖാവ് സീതാറാം യെച്ചൂരി സംസാരിക്കും. ബ്രിട്ടനിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്തുകാരനും കവിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന അന്തരിച്ച സഖാവ് അവ്താര്‍ സിംഗ് സാദിഖിന്റെ നാമത്തിലാകും ഇക്കുറി സമ്മേളന വേദി അറിയപ്പെടുക. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഏപ്രില്‍ 1ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ സമ്മേളനത്തിന് മുന്‍പായി തന്നെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും പ്രതിനിധികള്‍ എ ഐ സി ദേശീയ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കും. എ ഐ സി ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സ് എ ഐ സി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

മാഞ്ചസ്റ്റര്‍ ഡിഡ്‌സ്ബാറിയിലെ ബ്രിട്ടാനിയ കണ്‍ട്രി ഹോട്ടലിലെ അവ്താര്‍ സിംഗ് സാദിഖ് നഗറിലാകും ഇക്കുറി സമ്മേളനം നടക്കുക. ഉച്ചക്ക് കൃത്യം പന്ത്രണ്ടര മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം അറിയിച്ചു.