മയക്കുമരുന്നിന് അടിമപ്പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന് കാരണാക്കാരെന്ന് ആരോപിച്ച് നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്റ്റീല്‍ ചവറ്റുവീപ്പകള്‍ കൊണ്ട് ആഫ്രിക്കക്കാരെ വളഞ്ഞിട്ട് തല്ലുന്നതാണ് 1.22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ മാളിലാണ് സംഭവം.

അന്‍സാല്‍ പ്ലാസയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പുറത്തുവിട്ടിരിക്കുന്നത്.

ആക്രമികളുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട് പ്രതിരോധം തീര്‍ത്ത് നിലത്ത് ഇഴയുന്ന ആഫ്രിക്കന്‍ യുവാവാണ് വീഡിയോയില്‍. കയ്യില്‍ കിട്ടിയതുകൊണ്ടെല്ലാം ജനക്കൂട്ടം യുവാവിനെ തല്ലുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായി ഒട്ടേറേ പേര്‍ ഉണ്ടെങ്കിലും യുവാവിനെ രക്ഷിക്കാന്‍ ആരും ഇടപെടുന്നില്ല. എല്ലാവരും കാഴ്ച്ചക്കാരായി നില്‍ക്കുന്നു.

ആഫ്രിക്കക്കാര്‍ക്കെതിരായ ആക്രമണ സംഭവങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ഹോസ്റ്റലുകളിലും കോളേജുകളിലും സുരക്ഷ ശക്തമാക്കുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ധര്‍മ്മേന്ദ്ര കുമാര്‍ പ്രതികരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാലകളില്‍ നിരവധി ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് നൈജീരിയന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. ആക്രണത്തിന് ഇരയായ സാദിഖ് ബെല്ലോ എന്ന വിദ്യാര്‍ത്ഥി ട്വിറ്ററിലൂടെ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടിയിരുന്നു. ‘ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്, ഉടന്‍ സഹായിക്കണം’ എന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ട്വീറ്റ്

വീഡിയോ ദൃശ്യങ്ങൾ കാണാം ….