തായ്‌വാനില്‍ പതിമൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കയോസിയങ് നഗരത്തിലെ യാന്‍ചെങിലാണ് സംഭവം.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.24 നാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്.തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നേരത്തേ ഏഴ് പേര്‍ മരിച്ചതായാണ് ഔദ്യോഗികമായി പുറത്തുവന്ന വിവരം. എന്നാല്‍ കെട്ടിടത്തിന്റെ ഏഴ് മുതല്‍ 11 വരെ നിലകളില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടതായി സിറ്റി ഫയര്‍ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 337 രക്ഷാപ്രവര്‍ത്തകരെയാണ് വിന്യസിച്ചിരിക്കുന്നത്. 139 ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 62 പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപെടുത്തിയതായാണ് റിപ്പോര്‍ട്ട്.

നൂറോളം പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. ഇവരില്‍ കൂടുതല്‍ പേരും ശാരീരികമായി വെല്ലുവിളി നേരിടുന്നവരാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. തീ നിയന്ത്രണവിധേയമായതായാണ് വിവരം.