മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഇനി യമുനാതീരത്തെ സ്മൃതിസ്ഥലിൽ അന്ത്യവിശ്രമം കൊള്ളും. വാജ്പേയിയുടെ ദത്തുപുത്രി നമിത ഭട്ടാചാര്യ അന്ത്യകർമങ്ങൾ ചെയ്തു. മരണത്തിലും, ആൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യുക എന്ന പരമ്പരാഗത രീതിക്കെതിരെ ശക്തമായ സന്ദേശമാണ് വാജ്പേയി നൽകിയത്.
പ്രമുഖനേതാക്കളുടെ സാന്നിധ്യത്തിൽ പരമോന്നത ബഹുമതികളോടെയാണ് അന്ത്യകർമങ്ങൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാവ് എൽ.കെ അദ്വാനി, വിദേശപ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ബി.ജെ.പി ആസ്ഥാനത്ത് നിന്ന് സ്മൃതിസ്ഥലിലേക്ക് നടന്ന വിലാപയാത്രയിൽ പങ്കെടുത്തു.
ബി.ജെ.പി ആസ്ഥാനത്ത് രാവിലെ മുതൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ ആയിരക്കണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. പൊതുദർശനത്തിനുശേഷം വാജ്പേയിയുടെ മൃതദേഹം സംസ്കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നു. വിലാപയാത്ര കടന്നുപോകുന്ന വീഥിയിൽ അർധസൈനിക വിഭാഗത്തെയും പൊലീസിനെയും വലിയതോതിൽ നിയോഗിച്ചിരുന്നു. വാജ്പേയിയോടുള്ള ആഗരസൂചകമായി യു.കെ ഹൈ കമ്മീഷൻ ആസ്ഥാനത്ത് ദേശീയപതാക പകുതി താഴ്ത്തി കെട്ടി.
Leave a Reply