ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് മാനദണ്ഡ പ്രകാരം റെഡ് ലിസ്റ്റിൽ നിന്നും നാല്പത്തേഴു രാജ്യങ്ങളെ കൂടി നീക്കിയതായി യു കെ ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. ഒക്ടോബർ 11 തിങ്കളാഴ്ച രാവിലെ 4 മണി മുതൽ പുതിയ മാറ്റങ്ങൾ നിലവിൽവരും. ഇതോടെ റെഡ് ലിസ്റ്റ് ഏഴു രാജ്യങ്ങളായി ചുരുങ്ങിയതായും ട്രാൻസ്‌പോർട്ട് സെക്രട്ടറി അറിയിച്ചു. പുതിയ നിയമങ്ങളോടെ യു കെയിലേക്ക് സൗത്ത് ആഫ്രിക്ക, മെക്സിക്കോ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കും. ഇതോടെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ഈ രാജ്യങ്ങളിൽ നിന്നും യുകെയിലേയ്ക്ക് തിരിച്ചുവരുന്നതിനു മുൻപായുള്ള കോവിഡ് ടെസ്റ്റും, തിരിച്ചു വന്നതിനു ശേഷമുള്ള ക്വാറന്റൈനും ആവശ്യമില്ല. എന്നാൽ യുകെയിലെത്തിയ ശേഷം രണ്ടാമത്തെ ദിവസം കോവിഡ് ടെസ്റ്റിനു വിധേയരാകേണ്ടതാണെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു.


പുതിയ ഇളവുകൾ നൽകുന്നത് ഡബിൾ- വാക്സിനേറ്റഡ് ആയ കൂടുതൽ ടൂറിസ്റ്റുകളെ യുകെയിലേയ്ക്ക് ആകർഷിക്കുന്നതിനും കൂടിയാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി വ്യക്തമാക്കി. പുതിയ നിയമങ്ങളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നതായി എയർലൈൻ അധികൃതർ വ്യക്തമാക്കി. തിരിച്ചെത്തിയശേഷം രണ്ടാമത്തെ ദിവസത്തെ പി സി ആർ ടെസ്റ്റ്‌ എന്ന നിബന്ധന ഈ മാസം അവസാനത്തോടെ ഇല്ലാതാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഇതിനു പകരമായി വ്യക്തികൾ റാപ്പിഡ് ടെസ്റ്റുകൾ ചെയ്താൽ മതിയാകും. പോസിറ്റീവ് ആയാൽ മാത്രം പിസിആർ ടെസ്റ്റ് എന്ന രീതിയിലേക്ക് നടപടികളുണ്ടാകും എന്ന പ്രതീക്ഷയിലാണ് എയർലൈൻ അധികൃതരും.


കൊളംബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക് , ഇക്വഡോർ, ഹെയ്ത്തി, പനാമ, പെറു, വെനസ്വേല എന്നീ ഏഴ് രാജ്യങ്ങൾ ഇപ്പോഴും റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിൽ എത്തുന്നവർക്ക് 11 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്നാണ് ചട്ടം. വരും ദിവസങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.