അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം എല്ലാവരുടെയും മനംകവരുന്നതാണ്. അതോടൊപ്പം തന്നെ പതഞ്ഞൊഴുകുന്ന വെള്ളത്തിന് സമീപമുള്ള ആ കുടിലും ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം കനത്ത മഴയ്ക്ക് പിന്നാലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നുകൂടെ രൗദ്രഭാവം പൂണ്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ ഓലകുടിലിലേക്കായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരുടെ ശ്രദ്ധ പതിഞ്ഞത്.
ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലുള്ള ആ ചെറിയ കുടിലിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. 2018-ലെ മഹാപ്രളയകാലത്ത് കുടിലിന്റെ മുകളില്‍ വരെ വെള്ളമെത്തിയെന്നല്ലാതെ കുടിലിന് പോറല്‍പോലും ഏറ്റിട്ടില്ലായിരുന്നു.
2017ലാണ് ഈ കുടില്‍ സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരാണ് ഈ കുടില്‍ നിര്‍മ്മിച്ചത്.
സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളൊന്നും ഈ കുടിലില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ദത്തമായ മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പടെ നിര്‍മ്മിച്ചിരിക്കുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
‘പാറപ്പുറത്തെ നിര്‍മ്മാണം മറ്റ് നിര്‍മ്മാണങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്‌കരമാണ്. പാറകള്‍ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കുകയില്ല. പകരം പാറകള്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്തി വേണം അവിടേയ്ക്ക് തൂണുകള്‍ ഉറപ്പിക്കാന്‍. ഈ ബലത്തിലാണ് മുഴുവന്‍ കുടിലും നില്‍ക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച രണ്ട് പ്രധാന വിടവുകളിലാണ് ഇവിടുത്തെ കുടിലും നില്‍ക്കുന്നത്’. സഹജന്‍ പറയുന്നു
കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാള്‍ ബലവും ഭംഗിയും ഉണ്ടെന്നതാണ് കാരണമെന്നും സഹജന്‍ വിശദീകരിക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ കാട്ടുമുളകള്‍ ഉപയോഗിക്കും.
എന്നാല്‍ പ്രത്യേക അനുമതി ഉണ്ടെങ്കിലേ വനത്തില്‍ നിന്നുള്ള മുളകള്‍ കൊണ്ടുപോകാനാകൂ. അതിനാല്‍ മറ്റുള്ളയിടങ്ങളില്‍ ഇത്തരം നിര്‍മ്മിതികള്‍ കുറവായിരിക്കും. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതില്‍ ഈറ്റ ഇല മാത്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റി വിരിക്കണം. ഇത്തരത്തില്‍ പത്തോളം ഹട്ടുകള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഇവര്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും സഞ്ചാരികളെ കാത്ത് ഉറപ്പിന്റെ പ്രതീകമായി ആ കുടില്‍ അവിടെ തന്നെയുണ്ടാകും.
Leave a Reply