40 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടിയോക്കാവുന്ന പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാക്കാന്‍ ഒരു പ്രതീക്ഷയുടെ തിരിനാളം. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള നീക്കങ്ങള്‍ മലയാളികള്‍ സജീവമാക്കുമ്പോള്‍ പ്രതീക്ഷയുടെ മറ്റൊരു സൂചന കൂടിയെത്തുന്നു. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഓമാനിലെ ആശുപത്രികള്‍ ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി ഏറ്റെടുക്കുമെന്ന വാര്‍ത്തയാണ് ഇത്. അങ്ങനെ വന്നാല്‍ യുഇഎയിലെ നിയമനടപടികള്‍ പോലും പണമടച്ച് ഒഴിവാക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പിനാകും.
മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. മറ്റ് കേസുകള്‍ യുഎഇയിലെ കോടതിയുടെ പരിഗണനയിലും. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനായാല്‍ തന്നെ മലയാളികള്‍ രാമചന്ദ്രേട്ടനെന്ന വിളിക്കുന്ന പ്രവാസി വ്യവസായിക്ക് ജയില്‍ മോചനം ഉറപ്പാകും. അതേ സമയം ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ അറ്റ്ലസ് രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടി വരും.
കടക്കെണിയില്‍ നിന്ന് രാമചന്ദ്രനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ ബിആര്‍ ഷെട്ടിയുടെ ഗ്രൂപ്പ് തയ്യാറാകുന്നതെന്നാണ് സൂചന. അബുദാബി കേന്ദ്രീകരിച്ചാണ് ഷെട്ടിയുടെ എന്‍ എം സി ഹെല്‍ത്തിന്റെ പ്രവര്‍ത്തനം. അറ്റ്‌ലസ് ഗ്രൂപ്പിന് യു.എ.ഇ.യില്‍ ഇരുപതോളം ജൂവലറികളും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ 18 സ്ഥാപനങ്ങളും ആണ് ഉള്ളത് . ഇതെല്ലാം പൂട്ടിപ്പോയി. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നത് ഒമാനിലെ അറ്റ്‌ലസ് ആശുപത്രികളാണ്.ഈ ആശുപത്രികള്‍ ഷെട്ടി വിലയ്ക്ക് വാങ്ങിയാല്‍ വണ്ടി ചെക്ക് കേസെല്ലാം ഒത്തുതീര്‍പ്പാകും. ഇത് യാഥാര്‍ത്ഥമായാല്‍ രാമചന്ദ്രനു മകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് സൂചന.