ബാങ്കിൽ നിന്ന് ലോൺ നൽകാത്തതിനെ തുടർന്ന് ബാങ്കിന് തീയിട്ട് യുവാവ്. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. 33കാരനായ വസീം ഹസ്രത് സാബ് എന്ന യുവാവാണ് ബാങ്കിനെതിരെ ‘പ്രതികാര നടപടി’യുമായി രംഗത്തെത്തിയത്. സംഭവത്തില് പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

തീപിടുത്തത്തിൽ 12 ലക്ഷത്തിൽ അധികം നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. അഞ്ച് കംപ്യൂട്ടറുകൾ, ലൈറ്റുകൾ, പ്രിന്റർ, നോട്ടെണ്ണൽ മെഷീൻ, രേഖകൾ, സിസിടിവി,ഫാനുകൾ, ക്യാഷ് കൗണ്ടർ തുടങ്ങിയവ നശിച്ചു.എന്നിവയെല്ലാം നശിച്ചു എന്ന് പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 436, 435, 477 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കാനറ ബാങ്കിൻ്റെ ഹേഡുഗോണ്ട ബ്രാഞ്ചിലാണ് യുവാവ് ലോൺ കിട്ടാൻ അപേക്ഷ നൽകിയിരുന്നത് . എന്നാൽ ലോണിന് സന്നദ്ധത അറിയിച്ച ബാങ്ക് പിന്നീട് പണം നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. സിബിൽ സ്കോർ കുറവാണെന്നായിരുന്നു വിശദീകരണം. ഇതിൽ പ്രകോപിതനയാണ് ഇയാൾ ബാങ്കിന് തീയിട്ടത്. രാത്രി ബാങ്കിന് മുമ്പിലെത്തി ജനൽ ചില്ല് തകർത്ത് പെട്രോൾ അകത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബാങ്കിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിച്ചു. തീയിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വസീമിനെ നാട്ടുകാർ തന്നെ പിടികൂടി.