പാരിസ്: സിറിയയിൽ നിന്നുള്ള അഭയാർത്ഥി നടത്തിയ അക്രമത്തിൽ ഫ്രാൻസിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പ്ലേ ഗ്രൗണ്ടിലാണ് കത്തിയുമായി എത്തിയ ഇയാൾ കൊലവിളി നടത്തിയതും അക്രമം നടത്തിയതും . ഒരു കൈ കൊണ്ട് കഴുത്തിൽ കിടന്ന കുരിശുമാലയിൽ പിടിച്ചും മറുകയ്യിൽ കത്തിയും പിടിച്ചാണ് ഇയാൾ പാർക്കിലേക്ക് എത്തിയത്. യോശുവേ സ്‌തോത്രം എന്നു വിളിച്ചു കൊണ്ട് ഇയാൾ പ്രാമിൽ കിടന്ന ഒരു കുരുന്നിലെയാണ് ആദ്യം കുത്തിയത്. കുഞ്ഞിനെ ഇയാൾ തുരുതുരാ കുത്തി. കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു.
ഇയാളുടെ ആക്രമണത്തിൽ പാർക്കിലുണ്ടായിരുന്ന നാലു കുട്ടികൾക്ക് കുത്തേറ്റു. അബ്ദുൽമാഷ് എന്ന 31കാരനാണ് ആക്രമണം നടത്തിയത്. കുരിശുധരിച്ചെത്തിയ ഇയാൾ യോശുവേ സ്‌തോത്രം എന്നു ഉറക്കെ വിളിച്ചു കൊണ്ട് ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെക്കു-കിഴക്കൻ ഫ്രാൻസിലെ അന്നസി ടൗണിലെ ലേക്‌സൗഡ് പാർക്കിൽ ഇന്നലെ രാവിലെ 9.45നാണ് ഇയാൾ ആക്രമണം നടത്തിത്.
കുത്തേറ്റ നാലു കുട്ടികളേയും രണ്ട് മുതിർന്നവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. അതേസമയം ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാൾ സ്വീഡിഷ് പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഭാര്യയുമായി വേർ പിരിയുകയും ചെയ്തിരുന്നു. ഇതിലെ അസ്വാസ്ഥ്യമാണ് കത്തിക്കുത്തിലേക്ക് നീണ്ടത്. 22 മാസത്തിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ കുത്തി വീഴ്‌ത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മുതിർന്നവരുടേയും നില ഗുരുതരമാണ്.
ജനങ്ങൾ ഈ ക്രൂരതയുടെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. അഭയാർത്ഥിയായി സിറിയയിൽ നിന്നും എത്തിയതാണ് ഇയാൾ. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഫ്രാൻസിന്റെ അഭയാർത്ഥി നിയമങ്ങളിൽ മാറ്റം വന്നേക്കും. പത്ത് വർഷം മുൻപ് ഇയാൾക്ക് സ്വീഡൻ അഭയാർത്ഥി സ്റ്റാറ്റസ് നൽകിയിരുന്നു. പിന്നീടാണ് ഫ്രാൻസിൽ എത്തിയത്. ഇയാൾക്കും ഇയാൾ കുത്തിയ അതേ പ്രായത്തിലുള്ള ഒരു കുട്ടിയുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമോ മാനസിക പ്രശ്നമോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ പേടിച്ചരണ്ട നാട്ടുകാർ രാത്രിയിൽ പാർക്കിൽ ഒത്തുകൂടുകയും ഇരകാളായവർക്ക് വേണ്ടി മെഴുകുതിരി തെളിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
Leave a Reply