ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമുണ്ടായ ശേഷം നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള നിയന്ത്രണം മനുഷ്യ വാസമുള്ള എല്ലായിടത്തും കഴിഞ്ഞ കുറേ ആഴ്ചകളായി അനുഭവിച്ചു വരികയാണ്. വീടിന്റെ വാതിൽ അടയ്ക്കുന്നതുപോലെ രാജ്യങ്ങൾ അടച്ചിടുക. സങ്കല്പിച്ചിട്ട് പോലും ഇല്ല. പൊതു ഗതാഗതം ഇല്ല, കട കമ്പോളങ്ങൾ ഇല്ല, ആരോഗ്യ രക്ഷാ സ്ഥാപനങ്ങൾ പോലും നാമം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത് അനുഭവിച്ച ഒരു തലമുറയാണ് നാമെല്ലാവരും. ഈ ഘട്ടത്തിലും നമ്മെ കരുതലോടെ കാത്ത ഭരണ സംവിധാനം ആണ് നമ്മുടെ തുണയായത്.

ഓരോരോ രാജ്യങ്ങളിൽ നിയന്ത്രണ ഇളവുകൾ നല്കാൻ തുടങ്ങുകയാണ്. രോഗ ഭീതി പൂർണമായും ഒഴിഞ്ഞിട്ടാണ് ഇളവുകൾ എന്ന് കരുതണ്ട. ഇതിലും കൂടുതൽ ഉണ്ടാവരുത് എന്ന ബോധത്തോടെ വേണം ഇളവ് സ്വാഗതം ചെയ്യുവാൻ. വീട്ടിൽ ഇരിക്കാൻ പഠിച്ച നാമെല്ലാം ഇനി പുറത്ത് എങ്ങനെ ഒക്കെ ആവാം എന്ന് കൂടി തീരുമാനിച്ചു വേണം പുറത്തിറങ്ങി തുടങ്ങാൻ. പുറത്തിറങ്ങിയാൽ പാലിക്കാൻ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടേണ്ടതാണ്. നിയമ നടപടി പേടിച്ചല്ല രാജ്യസുരക്ഷയെ കരുതിയാകണം നിയന്ത്രണങ്ങൾ പാലിക്കാൻ.

ശുചിത്വ പരിപാലനം തന്നെ ആണ് പ്രധാനം. കയ്യുറകൾ, മാസ്ക് എന്നിവ ഉറപ്പായി ശീലം ആക്കുക. അവയുടെ ശുചിത്വ പരിപാലനം മറക്കരുത്. പുനരുപയോഗം ചെയ്യുന്നവർ ചൂട് വെള്ളത്തിൽ സോപ്പ് അണുനാശിനി എന്നിവ ഉപയോഗിച്ച് അണു വിമുക്തം ആക്കണം.
മുഖം ,നാസാ ദ്വാരങ്ങൾ, ചെവി, കണ്ണ്, വായ് എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടുവാൻ പാടില്ല. ചുമക്കുക, തുമ്മുക, കോട്ടുവായ് വിടുക ,ചിരിക്കുക ഒക്കെ ചെയ്യുമ്പോൾ മുഖം ടൗവ്വൽ ,ടിഷ്യു പേപ്പർ എന്നിവ കൊണ്ട് മറയ്ക്കുക. ഭക്ഷണം കഴിക്കും മുമ്പ് കൈകൾ വൃത്തിയായി ശുചി ആക്കുക. ഭക്ഷണം കഴിക്കുമ്പോൾ വായ് അടച്ചു പിടിച്ചു സാവകാശം നന്നായി ചവച്ചു കഴിക്കുക. ഒരുമിച്ച് ഒരു പത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന രീതി വേണ്ട. ഭക്ഷണ ശേഷവും കയ്യ്, വായ് കഴുകാൻ മറക്കണ്ട. ചൂട് വെള്ളം ഉപയോഗിച്ച് കഴുന്നതും കവിൾ കൊള്ളുന്നതും ഏറെ നന്ന്.

രാവിലെ അഞ്ചര ആറു മണിയോടെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ, പല്ല് തേപ്പ് മലമൂത്ര വിസർജനം, ശൗച ക്രിയകൾ എന്നിവ ചെയ്യുക. അല്പം ചെറു ചൂട് വെള്ളം കുടിക്കുക. നാരങ്ങാ നീര് ചേർത്ത്, തേൻ ചേർത്ത്, ഗ്രീൻ ടീ, അങ്ങനെ ഏതെങ്കിലും ആയാലും മതി. അര മണിക്കൂർ സമയം, കുറഞ്ഞത് ആയിരം ചുവടെങ്കിലും നടക്കുക. യോഗാസനങ്ങൾ അറിയാവുന്നവർ അത് പരിശീലനം നടത്തുക, അതല്ല സ്‌കൂളിൽ പഠിച്ച ഡ്രിൽ എക്സർസൈസുകൾ ആണെങ്കിൽ അവ ചെയ്യുക. തുടർന്ന് അവരവരുടെ അസ്വസ്ഥത അനുസരിച്ചുള്ള ആയുർവേദ തൈലം ചൂടാക്കി ദേഹം ആസകലം തേച്ചു നന്നായി തിരുമ്മുക. അരമണിക്കൂർ സമയം കഴിഞ്ഞു ചൂട് വെള്ളത്തിൽ ദേഹം കഴുകുക. തല സാധാരണ വെള്ളം കൊണ്ടു കഴുകിയാൽ മതി , ചൂട് വെള്ളം വേണ്ട. കുളി കഴിഞ്ഞ് അണു തൈലമോ വൈദ്യ നിർദേശം അനുസരിച്ചുള്ള ഉചിതമായ തൈലമോ മൂക്കിൽ ഒഴിക്കുക. അവശ്യം എങ്കിൽ കണ്ണിൽ അഞ്ജനം എഴുതുക.

കുളികഴിഞ്ഞാൽ സാധാരണ വിശപ്പ് ഉണ്ടാകും. പുറമെ ഒഴിക്കുന്ന വെള്ളം ആന്തരിക ഊഷ്മാവ് കൂടുകയാൽ ദഹന രസങ്ങൾ പ്രവർത്തിക്കാനിടയാക്കും. പ്രഭാതത്തിൽ ദഹിക്കാൻ താമസം ഉണ്ടാകാത്ത ഭക്ഷണം കഴിക്കുക. ധാന്യങ്ങൾ ഉപയോഗിക്കുന്നതിന്റെ മൂന്നിരട്ടി പയർ വർഗ്ഗങ്ങൾ, പഴം ,പച്ചക്കറികൾ പ്ലേറ്റിൽ ഉണ്ടായിരിക്കുന്നതാണ് നന്ന്. ഇലക്കറി പ്രധാനമാക്കുക. മുരിങ്ങയില ചീരയില എന്നിവ ആകാം. മത്സ്യ മാംസങ്ങൾ ഇടയ്ക്കിടെ മാത്രമേ ഉപയോഗിക്കാവു. നിത്യവും വേണ്ട.
ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ അധികം ഭാരവും വണ്ണവും ഉള്ളവർ കരൾ തൈറോയിഡ് രോഗങ്ങൾ ഉള്ളവർ ആഹാര കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ്‌ അനുയോജ്യമായ ഔഷധം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. മത്തങ്ങ, കാരറ്റ്, വെള്ളരി എന്നിവ അരിഞ്ഞത്, ചെറുപയർ, ഉലുവ, മുതിര, കടല, എന്നിവ മുളപ്പിച്ചത്, കഴിക്കുന്നത് ഗുണകരമാകും.
ആഹാരങ്ങൾക്കിടയിൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത്. ചുക്ക്, മല്ലി, ഉലുവ, ജീരകം, കരിങ്ങാലി കാതൽ, പതിമുകം, കറുവ, ഏലക്ക, കുരുമുളക്, മഞ്ഞൾ എന്നിങ്ങനെ ഉള്ളവയിൽ അനുയോജ്യമായവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കണം. പേരക്ക,മുന്തിരി സബർജെല്ലി, ആപ്പിൽ, മൾബറി,എന്നിവയോ ബദാം ഈന്തപ്പഴം കശുവണ്ടി കടല എന്നിവ അളവ് ക്രമീകരിച്ചു കഴിക്കണം. വിശക്കുമ്പോൾ ആഹാരം കഴിക്കാനും ദാഹിക്കുമ്പോൾ വെള്ളം കുടിക്കാനും പ്രത്യേക ശ്രദ്ധ വേണം.
ഏറെ വെള്ളം കുടിക്കുന്നതും, സാത്മ്യമായതും ദഹിക്കാൻ താമസമില്ലാത്തതും ദേശ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണം ആണെങ്കിൽ പോലും അസമയത്തും അളവിൽ അല്പമായിട്ടോ അധികമായിട്ടോ കഴിക്കുന്നതും, മലമൂത്ര വിസർജനം പോലെ ഉള്ള സ്വാഭാവിക ശരീര പ്രവർത്തനം തടയുന്നതും ഉറക്ക തകരാറുകൾ ഉണ്ടാകുന്നതും നമ്മൾ കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കില്ല. ഇതറിഞ്ഞു വേണം ആഹാര കാര്യങ്ങൾ നിശ്ചയിക്കുവാൻ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആഹാര ശേഷം കുടിക്കുന്ന ദ്രവ ദ്രവ്യങ്ങൾ അനുപാനം എന്നാണ് പറയുക. ശരീരത്തിന് ഊർജസ്വലത കിട്ടാനും ഭക്ഷണം കഴിച്ചത് ശരിയായി ഉള്ളിൽ വ്യാപനം നടക്കാനും ഉചിതം ആയ അനുപാനം കുടിക്കാൻ ഉണ്ടാവണം. ചുക്ക് വെള്ളം, മല്ലിവെള്ളം, ജീരക വെള്ളം എന്നിവ ആണ് സാധാരണം. മോരും വെള്ളം, മോരിൽ ഇഞ്ചി മുളക് കറിവേപ്പില ഒക്കെയിട്ടത്, മോര് കാച്ചിയത് എന്നിവയും ആകാം. ഭക്ഷണം കഴിഞ്ഞ് കുപ്പികളിൽ കിട്ടുന്ന കൃത്രിമ പാനീയങ്ങൾ മധുര പദാർത്ഥങ്ങൾ പാലുല്പന്നങ്ങൾ എന്നിവ ആരോഗ്യകരമാകില്ല.

കൂടുതൽ ജാഗ്രതയോടെ വ്യക്തി അധിഷ്ഠിതമായ ആരോഗ്യ രക്ഷയ്ക്കും ആഹാരശീലങ്ങൾക്കും ആയുർവേദ ഡോകടർമാരുമായി ബന്ധപ്പെടുക, ആവശ്യം എങ്കിൽ രോഗ പ്രതിരോധ ഔഷധങ്ങൾ ചികിൽസകൾ അവസരോചിതമായി സ്വീകരിക്കുക.

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154