ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഈദ് ആഘോഷത്തിനായി സുഡാനിൽ പോയ യുകെ ഡോക്ടർ തിരികെ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർത്ഥന നടത്തി. സുഡാനീസ് വംശജനായ ഡോ. അബ്ദുൾറഹ്മാൻ ബാബിക്കറാണ് കുടുംബത്തെ കണ്ട് മടങ്ങുന്നതിനിടയിൽ കുടുങ്ങി പോയത്. വിമാന സർവീസുകളിൽ കയറി യുകെയിൽ എത്താൻ ശ്രമം നടത്തിയെങ്കിലും വഞ്ചിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ഇയാളെ തിരികെ എത്തിക്കാൻ കഴിയുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. യുകെ വർക്ക് പെർമിറ്റ് ഉണ്ടെങ്കിലും, യുകെ പാസ്‌പോർട്ട് ഉടമകളെ മാത്രമേ അവർ സ്വീകരിക്കുകയുള്ളൂ എന്നതിനാൽ ഒഴിപ്പിക്കൽ വിമാനത്തിൽ കയറാൻ ഇയാൾക്ക് കഴിയില്ല.

അടിയന്തിര രക്ഷാപ്രവർത്തനത്തിൽ ബ്രിട്ടീഷ് പൗരന്മാർക്കാണ് മുൻഗണനയെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഡോ. ബാബിക്കറിന്റെ അവസ്ഥയിലുള്ള ആളുകൾക്ക് യുകെയിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്നും എന്നാൽ അവിടെ നിന്നും എത്തിച്ചേരാനുള്ള മാർഗം സ്വയം കണ്ടെത്തണമെന്നും അധികൃതർ പറയുന്നു. ‘അയൽ രാജ്യങ്ങളുടെ അതിർത്തികൾ തലസ്ഥാനത്ത് നിന്ന് നൂറുകണക്കിന് മൈലുകൾ അകലെയാണ്. യുദ്ധത്തെത്തുടർന്ന് രണ്ടാഴ്ചയോളം ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്’- അവർ കൂട്ടിച്ചേർത്തു. നാല് വർഷത്തിലേറെയായി മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ടുള്ള ഡോ. ബാബിക്കർ സർക്കാർ നടപടിയിൽ നിരാശനാണ്.

അയൽവാസിയായ ഒംദുർമാനിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് സംസാരിക്കുമ്പോൾ, ഇതിനകം നൂറുകണക്കിന് ജീവൻ അപഹരിച്ച സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നുള്ള പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. സുഡാൻ കടന്നു പോകുന്നത് ഇരുണ്ട നാളുകളിലൂടെയാണെന്നും, പ്രിയപ്പെട്ട ആളുകൾ ഉൾപ്പെടെ വെടികൊണ്ട് വീഴുകയായിരുന്നെന്നും, ജീവിതം എങ്ങനെയാകുമെന്ന് അറിയാതെ നോക്കി നിൽക്കുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയിൽ നിന്നാണ് താൻ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.