ഓസ്ട്രേലിയയിൽ മലയാളി ടാക്സി ഡ്രൈവറെ തദ്ദേശീയർ ആക്രമിച്ചു. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തു പരുക്കേറ്റു. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാർട്ടിലെ ഭക്ഷണശാലയിലായിരുന്നു ആക്രമണം. വംശീയ ആക്രമണമാണെന്നു കാട്ടി ഇയാൾ ടാസ്മാനിയൻ പൊലീസിനു പരാതി നൽകിയിട്ടുണ്ട്.ഹൊബാർട്ടിലെ മക്ഡൊണാൾഡ്സ് റസ്റ്ററന്റിൽ ശനി പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. തദ്ദേശീയരായ അഞ്ചുപേർ (നാലു യുവാക്കളും യുവതിയും) ഭക്ഷണശാലയിലെ ജീവനക്കാരുമായി തർക്കിക്കുന്നത് ലീ മാക്സ് കണ്ടിരുന്നു. ഇവിടെനിന്നു തിരിച്ചിറങ്ങിയപ്പോഴാണ് ഇവർ ആക്രമണം നടത്തിയത്.