നിര്‍ണ്ണായകമായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര. 2-1നാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റിന്‍ഡീസിനെതിര തുടങ്ങിയ ഇന്ത്യയുടെ ജൈത്രയാത്ര ഇംഗ്ലണ്ടും, ന്യൂസിലന്‍ഡും ബംഗ്ലാദേശും പിന്നിട്ട് ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കുന്നത് വരെയെത്തി.ധര്‍മ്മശാലയില്‍ ഓസീസ് മുന്നോട്ട് വെച്ച 106 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ബൗളര്‍മാരെ കൈയ്യയിച്ച് സഹായിച്ച പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യയ്ക്കായി രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. രഹാന പുറത്താകാതെ 38 റണ്‍സും എടുത്തു. 76 പന്തില്‍ ഒന്‍പത് ബൗളറികളുടെ സഹായത്തോടെ 51 റണ്‍സാണ് ലോകേശ് രാഹുല്‍ നേടിയത്. പരമ്പരയിലെ ആറാമത്തെ അര്‍ധ സെഞ്ച്വറിയാണ് രാഹുലിന്റേത്.

എട്ട് റണ്‍സെടുത്ത മുരളി വിജയും റണ്‍സൊന്നും എടുക്കുന്നതിന് മുമ്പേ റണ്ണൗട്ടായ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസ്‌ട്രേലിയക്കായി പാത്ത് കുമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 136 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് ഒന്നാം ഇന്നിംഗ്‌സില്‍ 32 റണ്‍സ് ലീഡ് നേടിയ ടീം ഇന്ത്യയുടെ വിജയ ലക്ഷം 106 ആയി ചുരുങ്ങിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്കായി ഗ്രെന്‍ മാക്‌സ് വെല്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. മാക്‌സ്‌വെല്‍ 45 റണ്‍സെടുത്ത് പുറത്തായി. സ്മിത്ത് 17, ഹാന്‍ കോമ്പ് 18, വാര്‍ണര്‍ 6, റിന്‍ഷാ 8, മാര്‍ഷ് 1, കുമ്മിന്‍സ് 12 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.
ഒകീഫും ലിയോണും ഹസില്‍വുഡും പൂജ്യരായി മടങ്ങി. 25 റണ്‍സുമായി വാഡ് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അശ്വിനും ജഡേജയും ഉമേശ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

അര്‍ധ സെഞ്ച്വറി നേടിയ ജഡേജയുടെ ബാറ്റിംഗാണ് ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയെ 32 റണ്‍സ് ലീഡിലെത്തിച്ചത്. ജഡേജ 95 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 63 റണ്‍സെടുത്തു.
ആറിന് 248 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 300 റണ്‍സ് മറികടക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ ജഡേജയും സാഹയും കൂടി 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സാഹ 31 റണ്‍സെടുത്ത് പുറത്തായി.

എന്നാല്‍ പിന്നീടങ്ങോട്ട് പതിവ് പോലെ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച ആവര്‍ത്തിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പൂജ്യനായും കുല്‍ദീപ് യാദവ് ഏഴ് റണ്‍സും എടുത്ത് പുറത്തായി. ഉമേശ് യാദവ് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്കായി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. 34.1 ഓവറില്‍ 92 റണ്‍സ് വഴങ്ങിയാണ് ലിയോണിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. കുമ്മിന്‍സ് മൂന്നും ഹസില്‍വുഡം ഒകീഫും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ദിവസം ഇന്ത്യക്കായി ലോകേശ് രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 124 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ പൂജാര 151 പന്തില്‍ ആറ് ബൗണ്ടറി സഹിതം 57 റണ്‍സെടുത്തു. രഹാന 46ഉം അശ്വിന്‍ 30ഉം റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 11 കരുണ്‍ നായര്‍ (5) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോര്‍.

ഓസ്‌ട്രേലിയക്കായി സ്പിന്നര്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. 28 ഓവറില്‍ 67 റണ്‍സ് വഴങ്ങിയാണ് ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. കുമ്മിന്‍സും ഹസില്‍വുഡും ഓരോ വിക്കറ്റ് വീതം. വീഴ്ത്തി. ഒകീഫിന് വിക്കറ്റൊന്നും ലഭിച്ചില്ല.
നേരത്തെ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസ്‌ട്രേലിയ 300 റണ്‍സെടുത്തത്. സ്മിത്ത് 111 റണ്‍സെടുത്തപ്പോള്‍ വനാര്‍ണറും (56) വൈഡും (57) അര്‍ധ സെഞ്ച്വറി നേടി.