ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശൈത്യം ശക്തമാകുകയും കനത്ത മഴയും വെള്ളപ്പൊക്കവും ഗാസയിലെ ദുരിതം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കാൻ അനുമതി നൽകണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങൾ. ഗാസയിലേക്കുള്ള അതിർത്തിയിൽ തടഞ്ഞുവച്ചിരിക്കുന്ന 1.5 ലക്ഷം ടെന്റുകളും മറ്റ് അവശ്യസാധനങ്ങളും ഉടൻ പ്രവേശിപ്പിക്കണമെന്ന് നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ശൈത്യം ആരംഭിച്ചതോടെ ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും കഴിഞ്ഞ ദിവസങ്ങളിലെ വെള്ളപ്പൊക്കം ജനങ്ങളുടെ ദുരിതം കൂടുതൽ വർധിപ്പിച്ചെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സഹായവസ്തുക്കൾ എത്തിക്കുന്നതിനുള്ള അതിർത്തി കവാടങ്ങൾ തുറക്കണമെന്നും തടസ്സങ്ങളില്ലാതെ മാനുഷിക സഹായം വിതരണം ചെയ്യാൻ അനുവദിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും പതിനായിരക്കണക്കിന് പാലസ്തീനികൾ താമസിക്കുന്ന ടെന്റുകളിൽ വെള്ളം കയറി തകരാറിലായി. ആയിരക്കണക്കിന് ആളുകൾക്ക് താമസസൗകര്യം നഷ്ടപ്പെട്ടതിനു പുറമെ ശുചീകരണ സംവിധാനങ്ങളും തകർന്നിട്ടുണ്ട്. മഴയിലും കാറ്റിലും ടെന്റുകൾ തകർന്നുണ്ടായ അപകടങ്ങളിൽ നാല് കുട്ടികളും ഒരു സ്ത്രീയും മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, കടുത്ത വിമർശനങ്ങൾകൊണ്ട് മാത്രം കാര്യമില്ലെന്നും ഇസ്രയേലിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ആയുധവ്യാപാരം അവസാനിപ്പിക്കുകയും വേണമെന്നും ഓസ്ട്രേലിയൻ ഗ്രീൻസ് പാർട്ടി നേതാവ് ഡേവിഡ് ഷൂബ്രിഡ്ജ് ആവശ്യപ്പെട്ടു. അനധികൃത ഇസ്രയേലി കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയ പലസ്തീൻ അഭിഭാഷക ശൃംഖലയുടെ പ്രസിഡന്റ് നാസർ മഷ്നിയും പ്രസ്താവനയെ സ്വാഗതം ചെയ്തെങ്കിലും വാക്കുകൾക്കപ്പുറം ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരെ കൂടുതൽ ഉപരോധങ്ങളും ആയുധക്കയറ്റുമതിക്കും ഇറക്കുമതിക്കും നിയന്ത്രണവും ഏർപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗാസയിലെ കുടുംബങ്ങൾ വെള്ളം കയറിയ ടെന്റുകളിൽ കുട്ടികളെ തണുപ്പിൽനിന്ന് സംരക്ഷിക്കാൻ പാടുപെടുമ്പോഴും സഹായവസ്തുക്കൾ തടയുന്നത് തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. വെടിനിർത്തൽ പാലിക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ അനുസരിക്കാനും ഗാസയിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കാനും എല്ലാ കക്ഷികളോടും നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു. മാനുഷിക സഹായം യഥാർഥത്തിൽ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് സംയുക്ത പ്രസ്താവനയുടെ പ്രധാന ലക്ഷ്യമെന്ന് ഓസ്ട്രേലിയൻ മന്ത്രി മഡലീൻ കിങ്ങും വ്യക്തമാക്കി.











Leave a Reply