ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെയിൽസിലെ രാജകുമാരനും രാജകുമാരിയും എന്ന പദവി ലഭിച്ചശേഷം ആദ്യമായി വില്യമും കേയ്റ്റും വെയിൽസ് സന്ദർശനം നടത്തിയിരിക്കുകയാണ്. സാധാരണ ജനങ്ങളോട് വളരെയധികം അടുത്തിടപഴകിയാണ് ഇരുവരും തങ്ങളുടെ സന്ദർശനം നടത്തിയത്. തങ്ങൾക്കുവേണ്ടി പിങ്ക് റോസപ്പൂക്കളുമായി സ്കൂൾ യൂണിഫോമിലെത്തിയ തിയോ ക്രോമ്പ്റ്റൻ എന്ന നാലു വയസ്സുകാരന്റെ കയ്യിൽ നിന്നും ഇരുവരും മുട്ടുകുത്തിയാണ് റോസാപ്പൂക്കൾ വാങ്ങിയത്. വിവാഹശേഷം മൂന്നുവർഷത്തോളം താമസിച്ച ആങ്‌ലെസിയിലും ഇരുവരും സന്ദർശനം നടത്തി. അവിടുത്തെ ഹോളി ഹെഡ് ലൈഫ് ബോട്ട് സ്റ്റേഷനിലെ ജീവനക്കാരുമായും വോളണ്ടിയർമാരുമായും വില്യമും കേയ്റ്റും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് വെയിൽസ് സന്ദർശനം. ആങ്‌ലെസിയിലെ ഹൗസ് ബോട്ട് സ്റ്റേഷന്റെ വാതിൽക്കൽ ഇരുവരെയും കാണുവാനായി നൂറുകണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്.

വെയിൽസിൽ കൂടുതൽ സമയം ചെലവഴിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, വെയിൽസിനോട് അനുബന്ധിച്ച് ചാരിറ്റി സംഘടനകളെക്കുറിച്ചും മറ്റ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദമ്പതികൾ പറഞ്ഞു. സന്ദർശനത്തിനിടയിൽ ഇരുവരും തങ്ങളുടെ മക്കളെ വളർത്തുന്നത് വളരെയധികം മാതൃകാപരമാണെന്ന് പരാമർശിച്ച കടുത്ത ആരാധകരിൽ ഒരാളോട് വില്യം തമാശയായി തങ്ങൾ ഒരു ബേബി സിറ്ററിനെ അന്വേഷിക്കുന്നുണ്ട് എന്നായിരുന്നു മറുപടി പറഞ്ഞത്. ഇത്തരത്തിൽ സാധാരണ ജനങ്ങളുമായി വളരെയധികം ഇഴുകിച്ചേർന്നായിരുന്നു ഇരുവരും തങ്ങളുടെ സന്ദർശനം നടത്തിയത്. ഇതിനുശേഷം ഇരുവരും സ്വാൻസിയ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.