അദ്ധ്യായം – 38
വിമര്‍ശനത്തിനും ആകാം നല്ലഭാഷ

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്‌കൂള്‍ വാര്‍ഷികത്തില്‍ ഞാന്‍ എഴുതി അവതരിപ്പിച്ച നാടകം പൊലീസിന്റെ ക്രൂരതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. ഫലം പൊലീസ് എന്നെ നക്‌സല്‍ ആയി മുദ്രകുത്തി. പണ്ഡിത കവി കെ. കുഞ്ഞുപിള്ള പണിക്കര്‍ സാര്‍ സ്റ്റേഷനില്‍ എത്തി വിശദീകരിച്ചതുകൊണ്ട് നടപടിയുണ്ടായില്ല. പക്ഷേ, അത്യാവശത്തിനു ചീത്ത കേട്ടു. എസ്.ഐയുടെ വക ഒരടിയും കിട്ടി. 1990ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്നും പുറത്തു വന്ന എന്റെ ആദ്യ നോവല്‍ കണ്ണീര്‍പ്പൂക്കളിനു അവതാരിക എഴുതിയ തകഴിച്ചേട്ടന്‍ ഈ സംഭവം അറിഞ്ഞപ്പോള്‍ ഉപദേശിച്ചതു ”മറ്റുള്ളവരുടെ ആക്ഷേപങ്ങള്‍ കേട്ട് മനസമാധാനം നഷ്ടപ്പെടുത്തരുത്. നിലയില്ലാത്ത കയങ്ങളില്‍ എത്തി നോക്കരുത്.” ഇന്നു സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍ കാണുമ്പോള്‍ ഓര്‍ക്കും. അന്നു നാട്ടില്‍ കേട്ട ആക്ഷേപവും പൊലീസ് വിളിച്ച ചീത്തയും എത്രഭേദം. അച്ചടി മാധ്യമത്തില്‍ നിന്നു പുതുതലമുറ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലേക്കു ശ്രദ്ധതിരിച്ചപ്പോഴും കമന്റുകള്‍ക്ക് സംസ്‌കാരമുണ്ടായിരുന്നു. പക്ഷേ, ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോഗിലും കഥമാറി. ആര്‍ക്കും ആരേയും ആക്ഷേപിക്കാം. പ്രഭവസ്ഥാനം കണ്ടെത്തുമ്പോഴേക്കും കമന്റുകള്‍ സമുദ്രവും മരുഭൂമിയും താണ്ടി ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറം എത്തിയിരിക്കും. വാര്‍ത്ത ‘വൈറല്‍’ ആയി എന്നു പറഞ്ഞാല്‍ വൈറല്‍ പനിപോലെ പടര്‍ന്നു പിടിച്ചെന്നു സാരം.

ജനമനസ്സുകളില്‍ ശക്തമായി ഇടപെടുന്നവരും സ്വാധീനം ചെലുത്തുന്നവരുമാണ് എഴുത്തുകാര്‍. അവരുടെ കൃതികളെ അളന്നുമുറിച്ചു വിധി നിര്‍ണ്ണയം നടത്തുന്ന നിരൂപകര്‍ സാഹിത്യത്തിന് എന്നും ഒരു മുതല്‍ക്കൂട്ടാണ്.  ഇന്ന് എഴുത്തുകാരന്റെ ജീവിതം വ്യത്യസ്തമാണ്. ബഹുസ്വരതയുടെ സിംഫണി എന്നതിനെ ലളിതമായി നിര്‍വ്വചിക്കാം. എഴുത്തുകാരന്‍ അവന്റെ സര്‍ഗ്ഗാത്മകമായ സാദ്ധ്യതകള്‍ കണ്ടെത്തിയും അനുഭവത്തിന്റെ വെളിച്ചത്തിലും വിവിധ ജ്വാലാമുഖങ്ങള്‍ സൃഷ്ടിക്കുന്നു. അത് നോവല്‍, കഥ, കവിത, നാടകം എന്നീ പാരമ്പര്യനിഷ്ഠവും സര്‍ഗാത്മകവുമായുള്ള മേഖലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അവിടേക്ക് ചരിത്രവും ശാസ്ത്രവും മാനസികവിഷയങ്ങളും കടന്നുവരുന്നു. ഇത് സാഹിത്യത്തില്‍ പുതുമയുള്ളതും വൈജ്ഞാനികവുമായ അനുഭവമാണ്. സര്‍ഗ്ഗാത്മകസാഹിത്യവുമായി ബന്ധമുള്ള ഒരാള്‍ ഇത്തരം വൈജ്ഞാനിക രചനകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭംഗി അനുവാചകനു തിരിച്ചറിയാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ രചനകള്‍ ശ്രദ്ധേയങ്ങളായിത്തീരും. ഇത്തരം രചനാവേളകളില്‍ എഴുത്തുകാര്‍, ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളെ അപ്പാടെ ആശ്രയിക്കാനാവില്ല. അവയില്‍ പലതും തെറ്റായ വിവരങ്ങളുടെ കൂമ്പാരങ്ങള്‍ കൂടിയാണ്. ചതിയില്‍ പെടാനുള്ള സാദ്ധ്യതകള്‍ വളരെക്കൂടുതലാണ്. എന്നാല്‍ എഴുത്തുകാരുടെ വിപുലമായ വിജ്ഞാനബോധം അതിനെ മറികടക്കുന്നുണ്ട്.

വാല്‍മീകി രാമായണത്തെപ്പറ്റിയും വിമര്‍ശനമുണ്ടായിട്ടുണ്ട്. എഴുത്തച്ചന്‍ മലയാള ഭാഷയുടെ പിതാവായി അറിയപെടുമ്പോള്‍ ചെറുശേരി അതിനു തുല്യന്‍ എന്നു വിളിച്ചു പറയുന്നവരുണ്ട്. ഈ വിമര്‍ശന നിരൂപണ മേഖലകളില്‍ വിശാലമായ ഒരു നീതിബോധമുണ്ട്. അവര്‍ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ പരിശോധിച്ചാല്‍ അതിന്റെ തെളിമ തിട്ടപ്പെടുത്താന്‍ സാധിക്കും. ജനാതിപത്യം പോലെ സാഹിത്യത്തിനും സര്‍ഗ്ഗപരമായ ഒരു മാനമുണ്ട്. ഇന്ന് പ്രവാസികളില്‍ ചൂഷണത്തിന് വിധേയരാകുന്ന പല എഴുത്തുകാരുമുണ്ട്. അവരുടെ ജീവിത കഥകളില്‍ ആകുലതകള്‍ കാണാം. കാവ്യലോകത്തിന്റെ വാതായനങ്ങളിലൂടെ സഞ്ചരിക്കുന്ന പലര്‍ക്കും മാനസികപീഢനങ്ങള്‍ സ്വാഭാവികമാണ്. അവരില്‍ പലരും ശത്രുക്കളെ ഉണ്ടാക്കിയവരുമാണ്. എഴുത്തിലെ ജീര്‍ണതകള്‍ പുറത്തുകൊണ്ടുവരുന്നവരാണ് ഭാഷയെ ചൈതന്യമാക്കുന്നത്. അവിടെ ശത്രുവോ മിത്രമോ ഇല്ല. അവര്‍ സാഹിത്യത്തോടു ദയയും കരുണയുമുള്ളവരാണ്. അക്രമാസക്തിയും അത്യഗ്രഹങ്ങളും അവരില്‍ കാണില്ല. ഇക്കൂട്ടരാണ് വിമര്‍ശക ബുദ്ധി ജീവികള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ബ്ലോഗ്, ട്വീറ്റര്‍ വീരന്മാര്‍ പൂര്‍വികര്‍ സൃഷ്ടിച്ച മഹത്തായ പാരമ്പര്യം മറക്കുന്നു. ഒരു ലേഖനത്തെയൊ ഗ്രന്ഥത്തെയൊ മറ്റു സാഹിത്യ സൃഷ്ടിയെയോ അച്ചടി മാധ്യമത്തിലൂടെ വിമര്‍ശിക്കുന്നവര്‍ ഇന്നും പാരമ്പര്യം മറക്കുന്നില്ല. അഭിപ്രായവും എതിര്‍വാദവും ആധികാരികമാകുന്നു. ഒരേ വിഷയം അച്ചടിമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ചാനല്‍ ചര്‍ച്ചകളില്‍ വരുന്നതും തമ്മില്‍ എത്ര അന്തരമുണ്ട്? രണ്ടാമത്തേത് പലപ്പോഴും കാര്യമായ ഗൃഹപാഠമില്ലാതെ പറയുന്നതാണ്. എന്നിട്ടും എന്തും പറയാമെന്ന അവസ്ഥ. നാളെ അതു മറന്ന് മറ്റൊന്നില്‍ കയറിപ്പിടിക്കാം എന്ന ചിന്തയാണ് ഇക്കൂട്ടരെ ഭരിക്കുന്നത്. നമ്മുടെ സാമൂഹിക മാധ്യമങ്ങള്‍ സാഹിത്യത്തോട് കാട്ടുന്നതും ഉത്തരവാദിത്തമില്ലാത്ത സമീപനമാണ്. സാഹിത്യത്തിന്റെ മാധ്യമം ഭാഷയാണ്. അത് ഒരു സംസ്‌കാരവുമാണ്. ആ ഭാഷയില്‍ വിപ്ലവം സൃഷ്ടിക്കുന്നവരാണ് സര്‍ഗപ്രതിഭയുള്ള എഴുത്തുകാര്‍. ഒരു സാഹിത്യകാരന്റെ സൃഷ്ടിയുടെ മൂല്യം ഉരകല്ലില്‍ ഉരച്ചു നോക്കുന്നവരാണ് നിരൂപകര്‍. അവര്‍ പറയുന്നത് ഒരിക്കലും അപ്രിയസത്യമായി മാറുന്നില്ല. ഇന്റര്‍നെറ്റ് യൂഗം അനന്ത സാധ്യതകളാണ് മനുഷ്യന് നല്‍കുന്നത്. എന്നാല്‍ അതില്‍ നിന്നു വരുന്ന ചിലരുടെ വാക്കുകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം അകറ്റുന്നു. ആ ഭാഷ അതിര്‍ വരമ്പുകള്‍ കടന്നു ചെളിപുരണ്ട ഭാഷയായി മാറുന്നു. സാഹിത്യത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അത് അസാധരണ അനുഭവമാണ്.

വസ്തുനിഷ്ടമായി പഠിച്ചാല്‍ ഓരോ ഭാഷയ്ക്കും അവരുടേതായ അര്‍ഥബോധതലങ്ങളുണ്ട്. അത് മനസിലാക്കുന്ന അര്‍ഥബോധക്ഷമതയുള്ളവരില്‍ കാണുന്ന ആന്തരികമായ ആശയബോധമാണ് സത്യം, ജ്ഞാനം, ആസ്വാദനം മുതലായവ. എന്നാല്‍ ഇവിടെ മറ്റൊന്നുകൂടിയുണ്ട്. ആശയബോധമന്ത്രതന്ത്രങ്ങളായ ആനന്ദം, ആസൂയ, നിരര്‍ത്ഥക ജല്പനങ്ങള്‍ ഇതൊക്കെ പുതിയ അര്‍ത്ഥതലങ്ങളെ കണ്ടെത്തുന്നു. മധുരമായ ശബ്ദം, സുന്ദരമായ സാഹിത്യരചന, സുന്ദരിയായ പെണ്ണ്. എന്തുകൊണ്ടാണ് നാം ഉപയോഗിക്കുന്ന വാക്കുകളില്‍ ആ മധുരം കടന്നു വരാത്തത്? ഈ പ്രപഞ്ചത്തില്‍ അതല്ലേ നിറഞ്ഞു തൂളുമ്പേണ്ടത്? സാഹിത്യ രചനകള്‍ക്ക് ദിശാബോധവും ആശയങ്ങളും നല്‍കുന്നവരാണ് വിമര്‍ശകര്‍, ആശയങ്ങള്‍ മറ്റുള്ളവര്‍ക് അഴകും ആരോഗ്യവും നല്‍കുമ്പോള്‍ എഴുത്തുകാരനെപ്പോലെ വിമര്‍ശകനും ഒരു പ്രതിഭയായി മാറുന്നു. സൈബര്‍ യുഗത്തില്‍ ആശയങ്ങളെ വികാരപരമായി നേരിടുന്നു. ഓരോ വിഷയവും വിവാദത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അല്പബുദ്ധികളില്‍ നിന്നും അധമവാക്കുകള്‍ പുറപ്പെടുന്നു. അതിനെ ആവിഷ്‌കാര സ്വതന്ത്യമായി വികലമനസുള്ളവര്‍ വിലയിരുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് ആധുനിക ലോകത്തു മനസിനെ അടിമകളാക്കുന്നു എന്നതാണ്.

വലിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ടീം വര്‍ക്കിന്റെ ആവശ്യകത രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ വിഖ്യാതനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. പക്ഷേ, ഈ ടീമിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. റഫര്‍ ചെയ്യുന്നത് മറ്റു ഗ്രന്ഥങ്ങളാകാം., ലേഖനങ്ങളാകാം, രേഖകളാകാം. അതില്‍ ഏതൊക്കെ വിശ്വസനീയമായതെന്നും ഏതൊക്കെ പൊതു സ്വത്താണെന്നും മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി ഈ സഹായികള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ഗ്രന്ഥകാരന്‍ പെട്ടുപോകും. എഴുത്തിന് ആധികാരികത വരുത്താനാണ് കൂടുതല്‍ റഫറന്‍സ് നടക്കുന്നത്. അതുതന്നെ പാളിയാലോ? എനിക്കും പറ്റിയിട്ടുണ്ട് പാളിച്ച. സഹായസംഘത്തിന്റെ അറിവില്ലായ്മയോ അവിവേകമോ മനപ്പൂര്‍വ്വമായി ചെയ്തതുതന്നെയോ ആകാം. പ്രതികൂട്ടിലാക്കുന്നത് ഗ്രന്ഥകാരന്‍ തന്നെ. സോഷ്യല്‍ മീഡിയ എഴുത്തുകാരെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തില്‍ അറിയാതെ ഞാനും കണ്ടുപോയി തെറ്റി ഇനിയില്ല. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ടെന്നു തിരിച്ചറിയുന്നു. വോട്ടിങ് യന്ത്രം വേണ്ട, ബാലറ്റ് മതിയെന്നു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അച്ചടി മഷി മായാതിരിക്കട്ടെ.