മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നും വരുന്ന അവഞ്ചേഴ്‌സിന്റെ പുതിയ ചിത്രമായ എന്‍ഡ് ഗെയിമിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമകള്‍. ചിത്രം നാളെയാണ് തിയ്യറ്ററുകളിലെത്തുക. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ചിത്രം ചില ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ചൈനയില്‍ പ്രദര്‍ശനം ആരംഭിച്ചത്. ഒന്നാംദിനം 107.2 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 750 കോടി രൂപ) ആണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചൈനയില്‍ ഓരോ 15 മിനുറ്റിലും അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഷോ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകനന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി അവസാനക്കളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്സ് പട. സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ഭൂമിയിലേക്ക് എത്തുന്ന താനോസ് എന്ന വില്ലനെ എതിരിടാൻ അവഞ്ചേഴ്സിനു കഴിയുമോ? എങ്ങനെയായിരിക്കും അവഞ്ചേഴ്സിന്റെ പോരാട്ടം? ആ പടയോട്ടം കാണാനും അവഞ്ചേഴ്സ് സീരിസിലെ അവസാനചിത്രത്തിന് സാക്ഷിയാവാനും ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള അവഞ്ചേഴ്സ് ആരാധകർ.

ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’.