1000 കോടിയുമായി പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടി, ഭീമനായി മോഹൻലാൽ; ലോകസിനിമയിൽ തന്നെ ചരിത്രമാവാൻ മഹാഭാരതം ഒരുങ്ങുന്നു

1000 കോടിയുമായി പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടി, ഭീമനായി മോഹൻലാൽ; ലോകസിനിമയിൽ തന്നെ ചരിത്രമാവാൻ മഹാഭാരതം ഒരുങ്ങുന്നു
April 18 09:57 2017 Print This Article

ലോകസിനിമയിൽ തന്നെ ചരിത്രമാവാൻ പോകുന്ന മലയാളത്തിലെ ഏറ്റവും മുതൽമുടക്കുളള ചിത്രം മഹാഭാരതം നിിർമ്മിക്കുന്നത് യുഎഇയിലെ പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടി.യുഎഇ എക്‌സ്ചേഞ്ചിന്റെയും എൻഎംസി ഹെൽത്ത് കെയറിന്റെയും സ്ഥാപകനാണ് ബി.ആർ.ഷെട്ടി. 1,000 കോടി ബഡ്‌ജറ്റിലാണ് ( യുഎസ് ഡോളർ 150 മില്ല്യൺ) മഹാഭാരതം നിർമ്മിക്കുന്നത്. എം.ടി.വാസുദേവൻ നായരുടെ നോവലായ രണ്ടാമൂഴത്തെ ആസ്‌പദമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. കേന്ദ്രകഥാപാത്രമായ ഭീമിനായെത്തുന്നത് മോഹൻലാലാണ്.

‘എല്ലാ ഇതിഹാസങ്ങളുടെയും ഇതിഹാസമാണ് മഹാഭാരതം. വിസ്മയിപ്പിക്കുകയും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുകയും ചെയ്യുന്ന കവിതയാണത്. ഈ അഭിമാന സംരംഭത്തിന്റെ ഭാഗമായത് ഏറെ ആവേശം തരുന്നു. ഇന്ത്യയുടെ കാവ്യേതിഹാസത്തെ ലോകത്തിന് മുമ്പാകെ അവതരിപ്പിക്കാന്‍ എനിക്ക് ലഭിച്ച അവസരമാണിത്. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്ര രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്കരിക്കപ്പെടുകയാണ് ഇതിലൂടെ. ഇത് ഒരു നാഴികക്കല്ലു മാത്രമാകില്ല. ഇന്ത്യന്‍ മിഥോളജിയുടെ ഇന്നേവരെയില്ലാത്ത ദൃശ്യസാക്ഷാത്കാരം കൂടിയാകും–ഷെട്ടി പറഞ്ഞു.100 ഭാഷകളിലായി മൂന്നുദശലക്ഷം ജനങ്ങളിലേയ്ക്ക് മഹാഭരത കഥയെത്തുമ്പോള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഏറ്റവും പ്രൗഢമായ ഉറവകളാകും ലോകമെങ്ങും പരന്നൊഴുകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയ്ക്ക് ഒരിക്കലും സാധിക്കില്ലെന്ന് മറ്റുള്ളവര്‍ കരുതിയ വലിപ്പത്തിലും വിസ്തൃതിയിലുമാണ് ഈ ചിത്രം ഒരുങ്ങുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ എല്ലാ അര്‍ഥത്തിലും സ്തബ്ധരാകാന്‍ പോകുകയാണ് ഈ ചലച്ചിത്രകാവ്യത്തിലൂടെ.

എം.ടി.വാസുദേവന്‍നായര്‍ എന്ന പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈ സൃഷ്ടിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ആദ്യം വായിച്ചത്. അതിനുശേഷം ഇപ്പോള്‍ തിരക്കഥയും വായിച്ചു. കാലത്തെ ജയിക്കുന്ന ഈടുവയ്പാണ് എം.ടിയുടെ അക്ഷരങ്ങള്‍. ഇത്രയും കാലം ഇന്ത്യന്‍ സിനിമയുടെ അതിരുകള്‍ക്കുള്ളില്‍ നിറഞ്ഞ ആ മഹാനായ എഴുത്തുകാരന്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഔന്ന്യത്തിത്തിലെത്തും. ഈ ചിത്രത്തിന്റെ സംവിധായകന്‍ വി.എ.ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കരണമികവിലും പൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ അതിരില്ലാത്ത അര്‍പ്പണബോധവും ഊര്‍ജവും തന്നെ ആകര്‍ഷിച്ചുവെന്ന് ഷെട്ടി പറയുന്നു.

പരസ്യ സംവിധാകനെന്ന നിലയിൽ ശ്രദ്ധേയനായ വി.എ. ശ്രീകുമാർ മേനോനാണ് മഹാഭാരരതം സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലെ പ്രമുഖ പരസ്യ ചിത്ര സംവിധായകരിൽ ഒരാളാണ് ശ്രീകുമാർ മേനോൻ. കല്ല്യാൺ ജ്വല്ലേഴ്‌സ് പരസ്യങ്ങളിലൂടെയാണ് മലയാളിക്ക് പരിചിതനാകുന്നത്. പുഷ് ഇന്റ്‌ഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് എം.ഡിയും സിഇഒയുമാണ് ശ്രീകുമാർ മേനോൻ. മണപ്പുറം ഫിനാൻസിന് വേണ്ട് വിവിധ ഭാഷകളിലെ സൂപ്പർതാരങ്ങളെ അണിനിരത്തിയുളള പരസ്യമൊരുക്കിയതും ഇദ്ദേഹമാണ്.

മലയാളം കൂടാതെ ഹിന്ദി, ഇംഗ്ളീഷ്, തമിഴ്,തെലുങ്ക് ഭാഷകളിലും കൂടിയാണ് മഹാഭാരതം ഒരുങ്ങുന്നത്. മികച്ച സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ധരുമായിരിക്കും മഹാഭാരതത്തിൽ അണിനിരക്കുക. ലോക സിനിമയില തന്നെ പ്രഗല്ഭരായവർ മഹാഭാരതത്തിന്റെ ടെക്‌നിക്കൽ ടീമിലുണ്ടായിരിക്കും. ഹോളിവുഡിലെയും ഇന്ത്യയിലെ സിനിമയിലെയും മികച്ച താരങ്ങൾ മഹാഭാരതത്തിലുണ്ടാവും.

രണ്ട് ഭാഗങ്ങളിലായാണ് മഹാഭാരതം ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം സെപ്‌റ്റംബറിൽ തുടങ്ങും. 2020 ൽ റിലീസ് ചെയ്യും. ആദ്യ ഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുളളിൽ രണ്ടാം ഭാഗം തിയേറ്ററിലെത്തും.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles