ശരീരം മുഴുവൻ രോമങ്ങളുമായി നിൽക്കുന്ന ഒരു ഭീമാകാരൻ ചെമ്മരിയാടിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യങ്ങളിൽ വൈറലായി കഴിഞ്ഞു. ലോകം ആശ്ചര്യത്തോടെ നോക്കിയ ഈ ആടിന്റെ പ്രത്യേകതയ്ക്ക പിന്നിലും ഒരു കഥയുണ്ട്. അനങ്ങാനാവാതെ ഇവർ നിൽക്കുന്നതും 35 കിലോയോളം വരുന്ന രോമം മുറിച്ച് മാറ്റുന്നതും എല്ലാം വിഡിയോയിലൂണ്ട്.

ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാൻസ്ഫീൽഡിലെ വനമേഖലയിൽ നിന്നു ബരാക്കിനെ നാട്ടുകാർ കണ്ടെത്തുമ്പോൾ ഇതെന്തു ജീവിയാണെന്ന ആശ്ചര്യമായിരുന്നു കണ്ടെടുത്തവർക്ക്. ദേഹം മുഴുവൻ കട്ടിപിടിച്ച ഭീമൻ കമ്പിളി മൂടിയ ഒരു സത്വം. കണ്ടാൽ ആകാശത്തു നിന്ന് ഏതോ മേഘം ഇറങ്ങി വന്ന് മണ്ണിൽ കിടക്കുകയാണെന്നു തോന്നും. ഏതായാലും ഞെട്ടിയ അധികൃതർ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് അധികൃതർ ചെറുതായി ഒന്നു പരിശോധിച്ചപ്പോൾ സംഭവം മനസ്സിലായി.ബരാക്ക് ഒരു ചെമ്മരിയാടാണ്.

ദീർഘകാലമായി മുറിച്ചു നീക്കാത്തതിനാൽ ഒന്നും രണ്ടുമല്ല, 35 കിലോ കമ്പിളിയാണ് അവന്റെ ദേഹത്തു കുന്നുകൂടി വളർന്നത്. ഈ വലിയ ഭാരം കാരണം നേരെ ചൊവ്വെ ഒന്നു നടക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു ബരാക്ക്. മുഖത്തേക്കും കമ്പിളിരോമം വളർന്നതിനാൽ കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നു.

ഏതോ ഫാമിൽ വളർത്തിയിരുന്ന ബരാക്ക് 5 വർഷം മുൻപ് അവിടെ നിന്നു ഓടി രക്ഷപ്പെട്ടാണ് കാട്ടിലെത്തിയതെന്നാണു കരുതപ്പെടുന്നത്. അന്നു മുതൽ അവന്റെ ശരീരത്തിൽ കമ്പിളി വളർന്നുകൊണ്ടേയിരിക്കുകയാണ്. ചെവിയിൽ ഏതു ഫാമിലേതാണെന്നു വ്യക്തമാക്കിയുള്ള അടയാളമുണ്ടായിരുന്നെങ്കിലും തലയിലെ കമ്പിളി രോമം ഉരഞ്ഞതിനാൽ അതു നഷ്ടമായി. അതിനാൽ ഓസ്ട്രേലിയയിലെ മൃഗസംരക്ഷണ കേന്ദ്രമായ എഡ്ഗാർ സാങ്ച്വറിയിലേക്ക് അവനെ മാറ്റി.

ഏതായാലും കിട്ടിയ ഉടനെ തന്നെ ബരാക്കിന്റെ കമ്പിളി വെട്ടാനുള്ള ഏർപ്പാടാണ് സാങ്ച്വറി അധികൃതർ ആദ്യം ചെയ്തത്. ഒരു മണിക്കൂറോളം ചെലവിട്ടാണ് അവന്റെ ശരീരത്തിൽ നിന്ന് വമ്പിച്ച അളവിലുള്ള കമ്പിളി പ്രത്യേക കത്രിക ഉപയോഗിച്ച് നീക്കം ചെയ്തത്. ജഡപോലെ കട്ടിപിടിച്ചിരുന്ന കമ്പിളിക്കുള്ളിൽ ചുള്ളിക്കമ്പുകൾ, മുള്ളുകൾ, ചെള്ളുകൾ, പുഴുക്കൾ, മറ്റു കീടങ്ങൾ എന്നിവയൊക്കെയുണ്ടായിരുന്നു.കമ്പിളി നീക്കം ചെയ്തപ്പോൾ ഇവയിൽ പലതും പുറത്തുചാടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറേക്കാലമായി തന്നെ കഷ്ടപ്പെടുത്തിയ കമ്പിളിപ്പുതപ്പ് പോയതോടെ ബരാക്കിന്റെ തനി സ്വരൂപം തെളിഞ്ഞു വന്നു.നന്നേ മെലിഞ്ഞു ക്ഷീണിതനായിരുന്നു അവൻ. വമ്പൻ മുടിവെട്ടിനു ശേഷം മരുന്നുകൾ കലക്കിയ വെള്ളത്തിൽ ഒരു കുളി കൂടിയായതോടെ ബരാക്ക് ഉഷാറായി.ദേഹത്ത് നിന്ന് 35 കിലോ ഭാരമാണ് ഒഴിവായിരിക്കുന്നത്.സന്തോഷത്തോടെയും സമാധാനത്തോടെയും അവനിപ്പോൾ എഡ്ഗാർ സാഞ്ച്വറി എന്ന തന്റെ പുതിയ അഭയകേന്ദ്രത്തിലെ മറ്റ് ആടുകൾക്കൊപ്പം വസിക്കുകയാണ്. ബരാക്കിന്റെ ദേഹത്തു നിന്നെടുത്ത കമ്പിളി ഉപയോഗിച്ച് ഏകദേശം 62 സ്വെറ്ററുകളുണ്ടാക്കാം, അല്ലെങ്കിൽ 490 ജോടി സോക്സുകൾ.

എന്നാൽ ഇത്തരത്തിൽ കമ്പിളി വളർന്ന് ഭീകരരൂപിയായ ആദ്യത്തെ ചെമ്മരിയാടല്ല ബരാക്ക്. ഇതിനു മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. 2005ൽ ന്യൂസീലൻഡിൽ നിന്നും ഷ്രെക്ക് എന്നൊരു ചെമ്മരിയാടിനെ ഇതുപോലെ കിട്ടിയിരുന്നു. 27 കിലോ കമ്പിളിയായിരുന്നു ഷ്രെക്കിന്റെ ദേഹത്ത് ഉണ്ടായിരുന്നത്, ആറുവർഷങ്ങളുടെ വളർച്ച. രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വാർത്ത വന്നതോടെ ഷ്രെക്ക് ലോകപ്രശസ്തനായി. ഷ്രെക്കിന്റെ ഈ കമ്പിളിക്കുപ്പായം വെട്ടി നീക്കം ചെയ്യുന്നതിന്റെ ലൈവ് വിഡിയോ ന്യൂസീലൻഡിലെ ദേശീയ ടിവി ചാനലിൽ ലൈവായി കാണിച്ചിരുന്നു. തന്റെ പത്താം ജന്മദിനം ഷ്രെക്ക് ആഘോഷിച്ചത് അന്നത്തെ ന്യൂസീലൻഡ് പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിനൊപ്പമാണ്.

മൂഫ്ലോൺ എന്ന വന്യജീവിയിൽ നിന്നാണ് ചെമ്മരിയാടുകൾ പരിണമിച്ചത്. മനുഷ്യർ ആദ്യം ഇണക്കി വളർത്തിയ ജീവികളിലൊന്നാണ് ചെമ്മരിയാടുകൾ. മൂഫ്ലോണുകൾക്ക് രോമം വളരുമെങ്കിലും അവ തണുപ്പുകാലം കഴിഞ്ഞ് കൊഴിയും. എന്നാൽ മനുഷ്യർക്കൊപ്പം കൂടിയ ചെമ്മരിയാടുകൾക്ക് ഈ ശേഷി ക്രമേണ നഷ്ടപ്പെട്ടു. ഇതിനാൽ, ഇടയ്ക്കിടെ ഇവയുടെ രോമം വെട്ടിയെടുക്കേണ്ടത് ആവശ്യമാണ്. നമ്മൾക്ക് നിസ്സാരമായ പല കാര്യങ്ങളും മൃഗങ്ങൾക്ക് സാരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ബരാക്ക്.