ഹരിയാന: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഇയാളുടെ അനുയായികള്‍ നടത്തിയ കലാപത്തില്‍ ഹരിയാന സര്‍ക്കാരിന് നഷ്ടം 126 കോടി രൂപ. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് 20വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് ഇയാളുടെ അനുയായികള്‍ എന്നവകാശപ്പെടുന്ന ആയുധധാരികളായ ആള്‍ക്കൂട്ടം നടത്തിയ കലാപത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കണക്ക് അനുസരിച്ച് ഹരിയാന സര്‍ക്കാരിനുണ്ടായ നഷ്ടം 1,26,68,71,700 രൂപയാണ്. അക്രമബാധിത ജില്ലകളില്‍ അംബാലയിലാണ് ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്. 46.84 കോടി രൂപയാണ് ഇവിടുത്തെ നഷ്ടം. 14.87 കോടി രൂപയുടെ നഷ്ടമാണു ഫത്തേഹാബാദിനുണ്ടായത്. ഗുര്‍മീതിന്റെ ആശ്രമത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ 13.57 കോടി രൂപയുടെ നാശനഷ്ടമാണുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട പഞ്ച്കുളയില്‍ നാശനഷ്ടം 10.57 കോടിയാണ്.

നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിയാന അഡ്വക്കേറ്റ് ജനറല്‍ പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.