താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നി്ന്നും രാജിവെച്ചിരുന്നു. ഈ വിഷയം ഇപ്പോഴും സിനിമാലോകത്ത് വലിയ ചര്‍ച്ചകളുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

സംഭവത്തില്‍ പ്രമുഖരടക്കം നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ പാര്‍വതിയുടെ രാജി സംഘടന എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍ ബാബുരാജ്. വിവാദ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അംഗങ്ങള്‍ കൊഴിഞ്ഞ് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബാബുരാജ് പറഞ്ഞു.

വിഷയത്തെ ഗൗരവമായി കാണുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍വതിയും ഇടവേള ബാബുവുമായി ഉള്ള പ്രശ്നം അമ്മ എക്സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് നടി രചന നാരായണന്‍ കുട്ടിയും വ്യക്തമാക്കി. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയായിരുന്നു പാര്‍വതിയുടെ രാജി.

ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു’, എന്ന് രാജി വിവരം അറിയിച്ച് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.