ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് സറെ ആശുപത്രിയിൽ പ്രസവത്തിനിടെ അടിയന്തര സിസേറിയൻ ശസ്ത്രക്രിയ 30 മിനിറ്റ് വൈകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതര മസ്തിഷ്ക കേടുപാട് സംഭവിച്ചതായി റിപ്പോർട്ട്. 38 ആഴ്ച ഗർഭിണിയായ 26കാരി ഷാനിൻ സ്കിൽട്ടൺ-കോൾ പ്രസവവേദനയോടെ ആശുപത്രിയിലെത്തിയപ്പോൾ ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. അടിയന്തര പരിശോധന ആവശ്യമായിരുന്നിട്ടും വിദഗ്ധ ഒബ്സ്ടെട്രിക്സ് റിവ്യൂ ആവശ്യപ്പെടുന്നതിൽ താമസമുണ്ടായി. ഉച്ചയ്ക്ക് 1.05ന് റിവ്യൂ ആവശ്യപ്പെടേണ്ടതായിരുന്നെങ്കിലും 1.35ന് മാത്രമാണ് നടപടി ഉണ്ടായത്. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് തീരുമാനിച്ചെങ്കിലും ഇതിനകം വിലപ്പെട്ട സമയം നഷ്ടമായിരുന്നു.

2022 ജൂലൈ 18 ന് ജനിച്ച കുഞ്ഞിന് ജനനസമയത്ത് ഓക്സിജൻ ലഭിക്കാതെ ഗുരുതരാവസ്ഥയിലായിരുന്നു. പുനരുജ്ജീവന ചികിത്സ നൽകിയ ശേഷമാണ് ജീവൻ രക്ഷിച്ചത്. പ്ലാസെന്റൽ അബ്രപ്ഷൻ ഉണ്ടായിരുന്നുവെന്ന സംശയവും ഉയർന്നിട്ടുണ്ട്. പിന്നീട് സെറിബ്രൽ പാൾസി സ്ഥിരീകരിച്ചതോടെ കുഞ്ഞിന് നടക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയായി. തല ഉയർത്താനും ഭക്ഷണം വിഴുങ്ങാനും കഴിയുന്നില്ല. ട്യൂബ് വഴി ഭക്ഷണം നൽകണം. ആദ്യ 84 ദിവസം ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞ് പിന്നീട് വീണ്ടും അഡ്മിറ്റ് ചെയ്യപ്പെടുകയും 10 മാസം പ്രായം വരെ ചികിത്സയിൽ കഴിയുകയും ചെയ്തു. ഇപ്പോൾ 24 മണിക്കൂറും പരിചരണം ആവശ്യമാണ്.

സംഭവത്തിൽ ചികിത്സാ വീഴ്ച ഉണ്ടായതായി സറെ ആൻഡ് സസെക്സ് ഹെൽത്ത്കെയർ എൻഎച്ച്എസ് ട്രസ്റ്റ് സമ്മതിച്ചു. ശസ്ത്രക്രിയ കുറഞ്ഞത് 17 മിനിറ്റ് നേരത്തേ നടത്തിയിരിക്കേണ്ടതായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കുടുംബം നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആയുഷ്കാല പരിചരണത്തിനുള്ള നഷ്ടപരിഹാരം ഉറപ്പാക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നു.











Leave a Reply