ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബേബി മിൽക്കിന് ഡിസ്കൗണ്ട് നൽകാനുള്ള നിരോധനം നീക്കണമെന്ന ആവശ്യം ശക്തമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ബേബി മിൽക്കിന് ഡിസ്കൗണ്ട് നൽകുന്നതിനുള്ള നിരോധനം നിലനിൽക്കുന്നതു മൂലം പല രക്ഷിതാക്കളും ബുദ്ധിമുട്ടിലാണെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റിയുടെ (സിഎംഎ) റിപ്പോർട്ട് പറയുന്നു. രക്ഷിതാക്കൾക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ബേബി മിൽക്ക് വിപണിയിൽ ലഭ്യമാകണമെന്നാണ് ശുപാർശയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻഎച്ച്എസ് ബ്രാൻഡഡ് ബേബി മിൽക്ക് സർക്കാർ വിതരണം ചെയ്യുന്നതും ആശുപത്രികളിലെ ബേബി മിൽക്കിൽ നിന്ന് ബ്രാൻഡിംഗ് നീക്കം ചെയ്യുന്നതും ശുപാർശകളിൽ ഉൾപ്പെടുന്നു. പ്രധാനമായും മൂന്ന് കമ്പനികളാണ് ഈ മേഖലയിലെ കമ്പോളം കൈയടക്കിയിരിക്കുന്നത്. ഡാനോൺ, നെസ്‌ലെ , കെൻഡാമിൽ – യുകെ എന്നീ കമ്പനികളാണ് യുകെയിലെ ബേബി മിൽക്ക് വിപണിയിലെ 90 ശതമാനവും നിയന്ത്രിക്കുന്നത്. 2021 ഡിസംബറിനും 2023 ഡിസംബറിനും ഇടയിലുള്ള രണ്ട് വർഷങ്ങളിൽ ബ്രാൻഡിനെ ആശ്രയിച്ച് യുകെയിൽ ബേബി മിൽക്കിന്റെ വില 18% മുതൽ 36% വരെ ഉയർന്നതായും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. .
കുറഞ്ഞ വിലയുള്ള ബ്രാൻഡിലേക്ക് മാറുന്നതിലൂടെ ഒരു കുഞ്ഞിൻ്റെ ജീവിതത്തിൻ്റെ ആദ്യ വർഷത്തിൽ 500 പൗണ്ട് വരെ രക്ഷിതാക്കൾക്ക് ലാഭിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത് . കുഞ്ഞുങ്ങളെ പോറ്റാൻ ഫോർമുല പാലിനെ ആശ്രയിക്കുന്ന പുതിയ മാതാപിതാക്കളെ കമ്പനികൾ ചൂഷണം ചെയ്യുകയാണ് എന്ന് പാരൻ്റിംഗ് ചാരിറ്റി എൻസിടിയിൽ നിന്നുള്ള മാക്സിൻ പാമർ പറഞ്ഞു. ബേബി മിൽക്കിനെ ഡിസ്കൗണ്ട് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്നതാണ്. നവജാത ശിശുക്കൾക്ക് മുലയൂട്ടൽ ആണ് ഏറ്റവും ആരോഗ്യകരമെന്നാണ് എൻ എച്ച് എസ് ശുപാർശ ചെയ്യുന്നത്. ഉപഭോക്താക്കൾ ഉയർന്ന വില നൽകുന്ന സാഹചര്യത്തിൽ കടുത്ത ആശങ്ക ഉണ്ടെന്ന് സി എം എ യുടെ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞുങ്ങളുടെ പാലിൻ്റെ വില കുതിച്ചുയരുന്നതിനെ കുറിച്ച് ആശങ്കാകുലരായതിനെ തുടർന്നാണ് സിഎംഎ അന്വേഷണം ആരംഭിച്ചത്, അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Leave a Reply