ലണ്ടന്‍: ഫാസ്റ്റ് ഫുഡ് പ്രേമികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് പഠന റിപ്പോര്‍ട്ട് പുറത്ത്. സബ് വേ ബ്രാന്‍ഡ് ചിക്കന്‍ ഉല്‍പ്പന്നങ്ങളില്‍ ചിക്കന്‍ ഡിഎന്‍എയുടെ അംശം 53 ശതമാനം മാത്രമേയുള്ളുവെന്നാണ് പഠനം പറയുന്നത്. ഫാസ്റ്റ്ഫുഡ് ചെയിന്‍ ആയ സഹ് വേയുടെ ഓവന്‍ റോസ്റ്റഡ് ചിക്കനില്‍ 53.6 ശതമാനം മാത്രമേ ചിക്കന്‍ ഡിഎന്‍എയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ സാധിച്ചുള്ളു. ചിക്കന്‍ സ്ട്രിപ്പ്‌സില്‍ 42.8 ശതമാനം മാത്രമാണ് ഡിഎന്‍എയുടെ സാന്നിധ്യം. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ (സിബിസി) നടത്തിയ അന്വേഷണത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്.
സോയ് ഫില്ലറുകളുടെ ഡിഎന്‍എയാണ് ഇവയില്‍ ശേഷിക്കുന്നതെന്നാണ് വിശദീകരണം. ഫാസ്റ്റ് ഫുഡ് ചെയിനുകളുടെ ചിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. കാനഡയിലാണ് പഠനം നടന്നത്. മക്‌ഡോണാള്‍ഡ്‌സ്, ചിപ്‌റ്റോള്‍, വെന്‍ഡിസ് എന്നീ ചെയിനുകളുടെ ഉല്‍പ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ സബ് വേയുടെ ഫലങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

ഒന്‍ടാരിയോയിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മാറ്റ് ഹാന്‍ഡന്‍ ആണ് പഠനം നടത്തിയത്. റെസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങിയ ആറ് സാന്‍ഡ്വിച്ചുകളിലായിരുന്നു പരിശോധന. സബ് വേയില്‍ നിന്ന് വാങ്ങിയ രണ്ട് സാന്‍ഡ് വിച്ചുകളില്‍ പ്രശ്‌നം കണ്ടെത്തുകയായിരുന്നു. തയ്യാറാക്കാത്ത ചിക്കനില്‍ 100 ശതമാനം ചിക്കന്‍ ഡിഎന്‍എ കണ്ടെത്തിയപ്പോള്‍ പാചകത്തിന് തയ്യാറാക്കിയവയില്‍ ഇത് പകുതിയായി കുറയുകയാണെന്നാണ് വ്യക്തമായത്. എന്നാല്‍ മറ്റ് ചെയിനുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ തകരാറ് ഇല്ലെന്നും കണ്ടെത്തി.