ഇസ്‌തംബുൾ/ദമാസ്‌കസ്∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവൻ അബൂബക്കർ അൽ–ബഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ സഹോദരിയും പിടിയിൽ. ബഗ്ദാദിയുടെ മുതിർന്ന സഹോദരിയായ റാസ്‌മിയ അവാദാണു ഭർത്താവിനും മക്കൾക്കും മരുമകള്‍ക്കുമൊപ്പം തുർക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വടക്കന്‍ സിറിയയിൽ തുർക്കിയുടെ നിയന്ത്രണത്തിലുളള അസാസ് നഗരത്തിലെ പട്രോളിങ്ങിനിടെയായിരുന്നു റാസ്മിയയെ പിടികൂടിയത്. അലെപ്പോ പ്രവിശ്യയിൽ ഉൾപ്പെട്ടതാണ് ഈ നഗരം.
തിങ്കളാഴ്ച വൈകിട്ട് ഒരു ട്രക്കിലെ കണ്ടെയ്നറിൽ നിന്നാണ് ഇവരെയും കുടുംബത്തെയും പിടികൂടിയതെന്നാണു വിവരം. ഇവരുടെ അഞ്ചു മക്കളും ഒപ്പമുണ്ടായിരുന്നതായി മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. കണ്ടെയ്നറിനകത്തു കുടുംബത്തോടെ താമസിച്ചു വരികയായിരുന്നെന്നാണു കരുതുന്നത്. റാസ്മിയയെയും ഭർത്താവിനെയും മരുമകളെയും നിലവിൽ ചോദ്യം ചെയ്യുന്നതിനായി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവർക്ക് ഐഎസുമായി ബന്ധമുണ്ടെന്ന സംശയം ശക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ഇവർ ഏതൊക്കെ സമയത്ത് ബഗ്ദാദിക്കൊപ്പം ഉണ്ടായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണു ചോദിച്ചറിയാനുള്ളത്. റാസ്മിയയുടെ അഞ്ചു കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.
ഇന്റലിജൻസിനെ സംബന്ധിച്ച് ഐഎസിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ‘സ്വർണഖനിയാണ്’ ഇവരെന്നാണു പേരു വെളിപ്പെടുത്താത്ത തുർക്കി സുരക്ഷാ ഉദ്യോഗസ്ഥൻ വാര്‍ത്താ ഏജൻസികളോട് പറഞ്ഞത്. ഐഎസിന്റെ ഘടനയും ആഭ്യന്തര വിഷയങ്ങളും ഉൾപ്പെടെ അറിവുള്ളവരാണ് അറുപത്തിയഞ്ചുകാരിയായ ഇവരെന്നാണു കരുതുന്നത്. റാസ്മിയയെപ്പറ്റി വളരെ കുറച്ചു വിവരങ്ങൾ മാത്രമാണ് ഇന്റലിജൻസിനുള്ളത്.
അറസ്റ്റിലായത് റാസ്മിയ തന്നെയാണെന്നും, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ തുർക്കിയുടെ പ്രതിബദ്ധതയാണ് ഇതു കാണിക്കുന്നതെന്നും പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ഓഫിസ് അറിയിച്ചു. ഭീകരതയ്ക്കെതിരെയുള്ള എല്ലാ പോരാട്ടവും തുടരുമെന്നും പ്രസിഡന്റിന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഫഹ്റെത്തിൻ അൽത്തൂൻ വ്യക്തമാക്കി. ഐഎസിനെപ്പറ്റി നിലവിലുള്ള രഹസ്യവിവരങ്ങൾ വിപുലീകരിക്കാനും കൂടുതലറിയാനും സാധിക്കുന്നതോടെ ഒളിവിലെ കൂടുതൽ ഭീകരന്മാരെ തകർക്കാനാകുമെന്നും തുർക്കി വ്യക്തമാക്കി.
വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബില്‍ ഒക്ടോബർ 23ന് യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം സിറിയയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഐഎസ് വക്താവ് അബു ഹസ്സൻ അൽ മുജാഹിറും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ അബു ഇബ്രാഹിം അൽ–ഹാഷിമി അൽ–ഖുറൈഷി എന്ന പുതിയ നേതാവിനെ ഭീകരസംഘടന തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇയാളുടെ ഐഎസിലെ സ്ഥാനത്തെപ്പറ്റിയോ ഏതു രാജ്യക്കാരനാണെന്നോ തുടങ്ങിയ യാതൊരു വിവരവും ഇന്റലിജൻസിനു ലഭിച്ചിട്ടില്ല. അൽ–ഖുറൈഷിയെപ്പറ്റിയുള്ള വിവരങ്ങൾ അറിയുന്നതിനുള്ള അവസരം കൂടിയാണു റാസ്മിയയിലൂടെ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
2014 മുതൽ 2017 വരെ ഇറാഖിലെയും സിറിയയിലെയും സുപ്രധാന നഗരങ്ങൾ ഉൾപ്പെടെ കീഴടക്കി സ്വന്തം ഭരണകൂടം സ്ഥാപിച്ചിരുന്നു ബഗ്ദാദി. അക്കാലയളവിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭീകരരെപ്പറ്റിയുള്ള വിവരങ്ങളും അധികമൊന്നും ലഭ്യമായിട്ടില്ല. പലരും മറ്റു പേരുകളിലാണ് സജീവമായിട്ടുള്ളത് തന്നെ. അൽ–ഖുറൈഷിയും അത്തരമൊരാളായിരിക്കാമെന്നാണ് യുഎസ് കരുതുന്നതും.
2019 ആദ്യം, ഐഎസിന്റെ സുപ്രധാന അധികാര കേന്ദ്രങ്ങൾ യുഎസിന്റെ നേതൃത്വത്തിൽ സഖ്യസൈനികർ തകർത്തതോടെ ഒട്ടേറെ ഭീകരർ വടക്കുപടിഞ്ഞാറൻ സിറിയയിലേക്കു രക്ഷപ്പെട്ടിരുന്നു. പലരും സിറിയയിലെയും ഇറാഖിലെയും മരുഭൂമി താണ്ടുന്നതിനിടെ മരിച്ചു വീണു. എല്ലാ പ്രതിബദ്ധങ്ങളും കടന്ന് സിറിയയിലെത്തിയവരിൽ ബഗ്ദാദിയുടെ വിശ്വസ്തരും ബന്ധുക്കളുമുണ്ടായിരുന്നെന്നാണ് റാസ്മിയയുടെ അറസ്റ്റോടെ വ്യക്തമാകുന്നത്.
മറ്റിടങ്ങളിൽ നിന്നുള്ള ഐഎസ് ഭീകരർക്ക് സിറിയയിലേക്കു കടക്കാനുള്ള ‘സ്മഗ്ലിങ് റൂട്ടിൽ’ ഉൾപ്പെട്ടതാണ് റാസ്മിയയെ പിടികൂടിയ അസാസ് നഗരം. 2016ൽ ഈ മേഖലയിൽ നിന്ന് ഐഎസ് ഭീകരരെയും സിറിയൻ കുർദ് പോരാളികളെയും തുർക്കി തുരത്തിയിരുന്നു. എങ്കിലും മേഖലയിൽ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ സജീവമായിരുന്നെന്നാണ് റാസ്മിയയുടെ അറസ്റ്റോടെ വ്യക്തമാകുന്നത്. അസസിനോടു ചേർന്നുള്ള യൂഫ്രട്ടീസ് ഷീൽഡ് സോൺ എന്നറിയപ്പെടുന്ന ഭാഗം സിറിയൻ സൈന്യത്തിന്റെ കീഴിലാണ്.
‘പുതുതായി ഐഎസ് പദ്ധതിയിടുന്ന ആക്രമണങ്ങളെപ്പറ്റി റാസ്മിയയ്ക്ക് അറിയുമെന്നു തോന്നുന്നില്ല. പക്ഷേ സ്മഗ്ലിങ് റൂട്ടിനെപ്പറ്റി വ്യക്തമായ ധാരണ അവർക്കുണ്ട്. ബഗ്ദാദിയുടെ വിശ്വസ്തർ, സഹായത്തിനു നിന്ന മറ്റു ഭീകരസംഘടനകൾ, ഇറാഖിൽ നിന്ന് സിറിയയിലേക്ക് എത്താൻ സഹായിച്ചവർ തുടങ്ങിയവയിൽ ഉൾപ്പെടെ റാസ്മിയയ്ക്ക് അറിവുണ്ടാകും…’ ഹഡ്സൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭീകരവിരുദ്ധ വിഷയ വിദഗ്ധൻ മൈക്ക് പ്രെഗെന്റ് ബിബിസിയോടു പറഞ്ഞു. ഐഎസ് ഭീകരർ ഏതെല്ലാം വഴികളിലൂടെയാണ് തങ്ങളുടെ കുടുംബാംഗങ്ങളെ വിവിധ രാജ്യങ്ങളിലേക്കു മാറ്റുന്നതെന്നു വ്യക്തമാക്കാനും റാസ്മിയ സഹായിക്കുമെന്നാണു സൂചന.
തുർക്കിയുടെ വരവിനെ തുടർന്ന് യുഎസ് സിറിയയിലെ പല കേന്ദ്രങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിച്ചിരുന്നു. ഇതിന്റെ പേരിൽ വൻവിമർശനം നേരിടുന്നതിനിടെയായിരുന്നു തുർക്കിയുടെ നിർണായക നീക്കം. അതിനിടെ, ബഗ്ദാദിയുടെ മരണത്തോടെ ചിതറിപ്പോകുമെന്നു കരുതിയിരുന്ന ഐഎസ് ഭീകരർ കരുത്താർജിക്കുന്നതായുള്ള പുതിയ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
Leave a Reply