ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കഴിഞ്ഞ വർഷം ബ്രിട്ടീഷുകാർ കുടിച്ചു തീർത്തത് 1 ബില്യൺ കുപ്പി വൈൻ. കഴിഞ്ഞ വർഷം ഇതേ സമയം രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നു. പ്രീ-മിക്‌സ് ഡ് ക്യാനുകളുടെ വിൽപ്പന 20 ശതമാനം ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ദി വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷന്റെ (WSTA) മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച് 2020 ൽ സൂപ്പർമാർക്കറ്റുകളിൽ നിന്നും ഷോപ്പുകളിൽ നിന്നും 1 ബില്യൺ കുപ്പി വൈൻ വിറ്റുപോയിട്ടുണ്ട്. 113 മില്യൺ റോസ് വൈൻ, ഏകദേശം 508 മില്യൺ വൈറ്റ് വൈൻ, 434 മില്യൺ റെഡ് വൈൻ എന്നിങ്ങനെയാണ് കണക്കുകൾ. പകർച്ചവ്യാധിയിലുടനീളം എല്ലാത്തരം മദ്യത്തിന്റെയും വില്പന സൂപ്പർമാർക്കറ്റുകളിൽ കുതിച്ചുയർന്നു. അതേസമയം പബ്ബുകളും റെസ്റ്റോറന്റുകളും അടച്ചിട്ടതോടെ അവിടുത്തെ മദ്യ വില്പന കുത്തനെ ഇടിഞ്ഞു.

ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ബിയറാണ്. ബിയറിന്റെ വില്പന 25 ശതമാനം വർദ്ധിച്ചു. ലോക്ക്ഡൗണിനിടയിൽ ജനങ്ങൾ പ്രീ-മിക്‌സ് ഡ് റെഡി ടു ഡ്രിങ്ക് (RTD) ക്യാനുകൾ തേടിയെത്തിയതോടെ വില്പന 20 ശതമാനം ഉയർന്നു. ലോക്ക്ഡൗണിൽ അർജന്റീനിയൻ വൈനിന്റെ വിൽപ്പന 43 ശതമാനമാണ് വർദ്ധിച്ചത്. 50 മില്യണിലധികം കുപ്പി അർജന്റീനിയൻ വൈനാണ് ബ്രിട്ടീഷുകാർ വാങ്ങിക്കൂട്ടിയത്.

2016-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം തൊണ്ണൂറ്റിയൊന്ന് മില്യൺ കുപ്പി വൈൻ കൂടുതൽ വിറ്റഴിക്കപ്പെട്ടു. സമീപ വർഷങ്ങളിൽ ‘വീട്ടിലിരുന്നുള്ള മദ്യപാനം’ കൂടുതൽ പ്രചാരം നേടിയതാണ് ഈ വൻ വില്പനയുടെ കാരണം. കോവിഡിനെ തുടർന്ന് പബ്ബുകൾ അടച്ചതിനുശേഷം ബ്രിട്ടീഷുകാർ വ്യത്യസ്തമായ ലഹരി പാനീയങ്ങൾ പരീക്ഷിച്ചതായി വൈൻ ആൻഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് മൈൽസ് ബീൽ പറഞ്ഞു. അർജന്റീനിയൻ വൈൻ നിർമ്മാതാക്കൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.