ന്യൂയോർക്: അത്ലാൻറിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ബഹാമസിൽ നാശം വിതച്ച ദൊരെയ്ൻചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 30 ആയി. ബഹാമസിലെ 70,000 പേർക്ക് അടിയന്തര സഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. നൂറുകണക്കിന് പേരെ കാണാതായെന്നു ബഹാമസ് അധികൃതർ അറിയിച്ചു.
13,500 ലേറെ വീടുകൾ തകർന്നു. കാറ്റ് യു.എസിെൻറ തീരമേഖലകളിലും വൻനാശം വിതച്ചു. സൗത്ത് കാരലൈനയിലും ജോർജിയയിലും പതിനായിരക്കണക്കിനു വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചു. കടൽത്തീരങ്ങളിലും വിനോദസഞ്ചാര കേന്ദങ്ങളിലും നിന്ന് ആളുകളെ ഒഴിപ്പിച്ചു.
അബകോ ദ്വീപിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകാതിരിക്കാൻ വീടിെൻറ മേൽക്കൂരയിലേക്കു കയറ്റിവിട്ട അഞ്ചു വയസ്സുള്ള മകനെയും തേടി അഡ്രിയാൻ ഫറിങ്ടൻ. ചുഴലിക്കാറ്റ് ബാക്കിവെച്ച വെള്ളക്കെട്ടിലൂടെ മുറിഞ്ഞ കാലുമായി ക്ലേശിച്ചാണു മകനെയുംകൊണ്ട് അഡ്രിയാൻ മുന്നോട്ടു നടന്നത്. ഒരു മണിക്കൂറോളം നീണ്ട നടത്തത്തിനിടെ വെള്ളം കയറാത്ത മേൽക്കൂര ഭാഗം കണ്ടപ്പോൾ സുരക്ഷിതമാണെന്നു കരുതി മകനെ അവിടേക്കു കയറ്റിവിടുകയായിരുന്നു.
എന്നാൽ, മേൽക്കൂരയുടെ അറ്റത്തേക്കു പിടിച്ചു കയറുന്നതിനിടെ ആഞ്ഞടിച്ച കാറ്റിൽ പിടിവിട്ട കുട്ടി മറുവശത്തേക്കു തെന്നിവീണു. കുട്ടി വീഴുന്നതു കണ്ടു പൊട്ടിക്കരഞ്ഞ അഡ്രിയാൻ ഫറിങ്ടൻ കലങ്ങിമറിഞ്ഞ വെള്ളത്തിലേക്ക് എടുത്തുചാടി. ചളിവെള്ളത്തിൽ ജൂനിയർ അഡ്രിയാൻ താഴ്ന്നിടത്തേക്കാണ് അഡ്രിയാൻ ഫറിങ്ടൻ നീന്തിച്ചെന്നത്. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.നീന്തിത്തളർന്ന അഡ്രിയാനെ രക്ഷാപ്രവർത്തകരാണ് കണ്ടെത്തിയത്. ഭാര്യയെ നാട്ടുകാർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. അഞ്ചു വയസ്സുകാരൻ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണു രക്ഷാപ്രവർത്തകർ പറയുന്നത്.
Leave a Reply