അപഹസ്യം നിറഞ്ഞ കൊലവിളി നടത്തി ഫാന്‍സുകാര്‍ ചുറ്റും ഉണ്ടെങ്കിലും ജയിലില്‍ നിന്നെത്തിയ ദിലീപിന്റെ പെരുമാറ്റം ശാന്തത കൈവിടാതെയും സ്‌നേഹത്തോടും കൂടിയാണ്. ജാമ്യം ലഭിച്ച ആദ്യ ദിവസം കുടുംബക്കാര്‍ക്കൊപ്പം വീട്ടില്‍ തന്നെ കഴിഞ്ഞ ദിലീപ് ഇന്ന് രാവിലെ ആദ്യം പോയത് ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പുണ്യാളന് കൃതജ്ഞത അര്‍പ്പിക്കാന്‍ ആണ്. ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെത്തി മുഴുവന്‍ കുര്‍ബാന കൈകൊണ്ടാണ് ദിലീപ് മടങ്ങിയത്.

Image may contain: 2 people, fire and outdoor

ഇന്ന് രാവിലെ 6.45 മുതല്‍ 8 മണിവരെ ദിലീപ് പള്ളിയിലെ ആരാധന ചടങ്ങുകളില്‍ പങ്കെടുത്തു. പള്ളിയുടെ പ്രവേശന കവാടത്തിന് ഇടതുഭാഗത്തായി സ്ഥാപിച്ചിട്ടുള്ള തിരു സ്വരൂപത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് താരം ആരാധന ചടങ്ങുകളില്‍ പങ്കെടുക്കാനായി പള്ളിക്കകത്ത് പ്രവേശിച്ചത്. നൊവേനയും കുര്‍ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകള്‍ക്കായി പണമടച്ചു. കുര്‍ബാനക്കും നവേനക്കുമുള്ള പണമാണ് വഴിപാടിനത്തില്‍ പള്ളിക്ക് സമര്‍പ്പിച്ചത്.

ചടങ്ങുകള്‍ക്കുശേഷം വികാരി മൈക്കിള്‍ ഡിസൂസയെ കണ്ട് അനുഗ്രഹവും വാങ്ങി.ജയില്‍ മോചനത്തിനായും രാമലീലയുടെ വിജയത്തിനായും നിരവധിപേര്‍ കുര്‍ബ്ബാന കഴിപ്പിക്കാനെത്തിയെന്ന് വികാരി അറിയിച്ചപ്പോള്‍ ദിലീപ് കൈകള്‍കൂപ്പി ദൈവത്തിന് നന്ദി പറഞ്ഞു.നേര്‍ച്ചക്കഞ്ഞിയും കഴിച്ച ശേഷമാണ് ദിലീപ് പള്ളിയില്‍ നിന്നും യാത്രയായത്. ദിലീപ് എത്തിയതറിഞ്ഞ് നിരവധി വിശ്വാസികളും സ്ഥലത്തെത്തിയിരുന്നു. ആലുവ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍ സുഹൃത്തുക്കളായ ഏലൂര്‍ ജോര്‍ജ്ജ്, ശരത് തുടങ്ങിയവര്‍ക്കൊപ്പമാണ് ദിലീപ് പള്ളിയില്‍ എത്തിയത്. നേരത്തെ നേര്‍ന്നിട്ടുള്ള വഴിപാടുകള്‍ കഴിപ്പിക്കുന്നതിനായി ഇന്ന് താരം വിവിധ ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ ആയ വേളയില്‍ ദിലീപ് സങ്കീര്‍ത്തനം വായിച്ചാണ് തടവറയില്‍ സമയം ചെലവിട്ടത്. ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം സെല്ലിലെ ഒരു കോണില്‍ കിടന്നാണ് ദിലീപിന് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. തുടര്‍ച്ചയായി വായനയില്‍ മുഴുകിയപ്പോള്‍ 85 ദിവസത്തോളം ജയിലില്‍ താമസിക്കാനുള്ള ഊര്‍ജ്ജം ദിലീപിന് ലഭിച്ചത് സങ്കീര്‍ത്തനം വായിച്ച ശേഷമാണ്.

ബൈബിളിന്റെ ആശയമാണ് സങ്കീര്‍ത്തനത്തിലൂടെ മനസുകളിലേക്ക് എത്തുന്നത്. പല ജയില്‍ തടവുകാരും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉപയോഗിക്കുന്ന പുസ്തകം. ഇത് തന്നെയായിരുന്നു ദിലീപിന്റെ ജയിലിലെ ഉറ്റ സുഹൃത്ത്. സങ്കീര്‍ത്തനം വായിച്ചു തുടങ്ങിയ ശേഷം ദിലീപിലെ മാറ്റം സഹതടവുകാര്‍ക്കും അനുഭവമായ കാര്യവും അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതുവരെ ജയില്‍ ജീവിതത്തില്‍ വിഷണ്ണനായി ഒറ്റക്കിരുന്ന നടന്‍ സഹ തടവുകാരുടെ പേരും ഊരുമൊക്കെ അന്വേഷിച്ചു തുടങ്ങി.

നേരത്തെ ദിലീപിനെ അനുകൂലിച്ചു കൊണ്ട് സെന്റ് ആന്റണീസ് പള്ളിയിലെ വൈദികന്‍ അദ്ദേഹം ജയിലില്‍ കിടക്കുന്ന സമയത്ത് തന്നെ രംഗത്തെത്തിയിരുന്നു. സങ്കീര്‍ത്തനം വായന തുടങ്ങിയ സമയത്തായിരുന്നു ദിലീപിനെ പിന്തുണച്ച് മഞ്ഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനായ ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസ സമൂഹത്തോട് വൈദികന്‍ ആഹ്വാനം ചെയ്തു. വിശ്വാസികള്‍ വലിയ തോതില്‍ പള്ളിയിലെത്തുന്ന ദിവസമാണ് ചൊവ്വാഴ്ച്ച. ആ ദിവസം തന്നെയാണ് വൈദികന്‍ ഇതിനായി തിരഞ്ഞെടുത്തത്. ജയിലില്‍ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലിന്റെ പ്രസംഗം.

നിരപരാധിയോ അപരാധിയോ ആകട്ടെ എത്രയോ പേര്‍ ജയിലില്‍ കഴിയുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന് വൈദികന്‍ പറഞ്ഞിരുന്നു. കോടതിയുടെ വിധി വരുന്നതുവരെ ദിലീപിനെ ക്രൂശിക്കേണ്ടതില്ലെന്ന് തന്നെയാണ് വൈദികന്‍ സൂചിപിക്കുന്നത്. പ്രത്യേക സാഹര്യത്തില്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ ദിലീപ് സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. നിങ്ങളും ഇത് പോലുള്ള സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കണമെന്നും വൈദികന്‍ വിശ്വാസ സമൂഹത്തോട് പറഞ്ഞത്. നിരവധി സിനിമാ താരങ്ങളും പ്രശസ്തരും നിരന്തരം സന്ദര്‍ശിക്കുന്ന ദേവാലയമാണ് സെന്റ് ആന്റണീസ് പള്ളി. ഇവിടെയാണ് ഇത്തരത്തില്‍ പ്രസംഗം നടന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച സെന്റ് ആന്റണീസ് പള്ളിയിലും ദിലീപ് അടുത്തു തന്നെ കുര്‍ബാന കൊള്ളാന്‍ എത്തുമെന്നാണ് അറിയുന്നത്.