അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായി ജയിലിൽ കഴിയുന്ന നടൻ  ദിലീപിന്റെ നാലാമത്തെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളിയിരുന്നു. തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിക്കുന്നത്. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണു ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.  ജയില്‍വാസം 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിനു പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ആലുവ പൊലീസ് ക്ലബില്‍ വെള്ളിയാഴ്ച രാവിലെ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണു ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചത്. നാലാം തവണയുള്ള ജാമ്യാപേക്ഷ ഫലം കാണണമേ എന്ന പ്രാർത്ഥനയുമായാണ് ദിലീപ് ഫാൻസ്‌ പ്രവർത്തകർ ഉള്ളത്.