വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ യാത്രയില്‍ വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് കണ്ടെത്തല്‍. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനാണ്. രാത്രി 1 മണിക്ക് ചാലക്കുടിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ വാഹനം പതിഞ്ഞിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് വെച്ച് ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചതിന് ശേഷം വാഹനം ഓടിച്ചെന്നാണ് അര്ജുന്‍ മൊഴി നല്‍കിയിരുന്നത്.
അതേസമയം അര്‍ജുന്‍ അസമിലേക്ക് പോയെന്നാണ് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. പരുക്കേറ്റ ഇദ്ദേഹം അന്വേഷണം നടക്കുന്നതിനിടെ ഇത്രയും ദൂരം യാത്ര ചെയ്തതില്‍ ക്രൈംബ്രാഞ്ച് ദുരൂഹത സംശയിക്കുന്നുണ്ട്. അപകടം നടക്കുമ്പോള്‍ ബാലഭാസ്കറാണ് കാര്‍ ഓടിച്ചതെന്നാണ് അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ ഡ്രൈവിംങ് സീറ്റില്‍ ഇരുന്ന് അപകടം നടന്നാല്‍ പറ്റുന്ന സമാനമായ പരുക്കാണ് അര്‍ജുന് ഉളളത്. കാല്‍പാദത്തിനും ഇടുപ്പെല്ലിനും പറ്റിയ പരുക്ക് നല്‍കുന്ന സൂചന ഇതാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ താനല്ല കാര്‍ ഓടിച്ചതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ച് നില്‍ക്കുകയാണ്.
ദുരൂഹതകള്‍ അകറ്റാന്‍ ബാലഭാസ്കറിന്റെ അപകടം ഉണ്ടായ കാര്‍യാത്ര പുനരാവിഷ്‌കരിക്കാനും ക്രൈം ബ്രാഞ്ച് ആലോചിക്കുന്നുണ്ട്. തൃശൂര്‍ മുതല്‍ പള്ളിപ്പുറം വരെയാണ് യാത്രയ്ക്ക് ക്രൈംബ്രാഞ്ച് തയാറാകുന്നത്. ഇതിനു മുമ്പായി ബാലഭാസ്‌ക്കറും കുടുംബവും യാത്രചെയ്തു തുടങ്ങിയ വടക്കുംനാഥ ക്ഷേത്രത്തില്‍ കൈംബ്രാഞ്ച് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൂടാതെ പാലക്കാട് ആയൂര്‍വേദ ആശുപത്രിയിലും ബാലഭാസ്‌ക്കര്‍ സാമ്പത്തിക ഇടപാട് നടത്തി എന്ന് പറയപ്പെടുന്ന ലതയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
അന്വേഷണത്തില്‍ ഇതുവരെ വരുത്തിയ വീഴ്ചകള്‍മൂലം ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നതുപോലും കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെത്തിയാല്‍ ബാക്കി കാര്യങ്ങളെല്ലാം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ക്കൊപ്പം കഴിഞ്ഞദിവസം ബന്ധുക്കളുടെ മൊഴികളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയങ്ങളും അടിവരയിട്ടാകും അന്വേഷണം.
ഇതുമായി ബന്ധപ്പെട്ട് അപകടസ്ഥലം ക്രൈംബ്രാഞ്ച് സംഘം വീണ്ടും സന്ദര്‍ശിക്കും. കാര്‍ ഇടിച്ച ശബ്ദവും ബഹളവും കേട്ട് ആദ്യം ഓടിയെത്തിയ സമീപവാസികളെയും വഴിയാത്രക്കാരെയും കണ്ട് വിശദമായ മൊഴിയെടുക്കും. ഇവിടങ്ങളില്‍ നിന്നും കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭ്യമായില്ലെങ്കില്‍ ബാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷമുള്ള കാര്യങ്ങളും അന്വേഷിക്കും. ബാലുവിനെയും കുടുംബത്തെയും മെഡിക്കല്‍ കോളേജില്‍ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചരിച്ച നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, പിന്നീട് വിദഗ്ധ ചികിത്സക്കെത്തിച്ച സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരെ കണ്ട് പരിക്കുകളുടെ സ്വഭാവവും അതുണ്ടാകാനുള്ള സാധ്യതകളും പുനഃപരിശോധിക്കും.
Leave a Reply