ബ്രസീലിലെ റിയോ ഡീ ജെനീറോയില്‍ കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 100 മരണം. ചൊവ്വാഴ്ച മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ അമ്പതിലധികം സ്ഥലത്ത് മണ്ണിടിച്ചിലുകള്‍ ഉണ്ടായി, നാനൂറോളം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു.

ഇതിനകം തന്നെ നിരവധി വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. എണ്‍പതോളം വീടുകള്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

കുതിച്ചൊഴുകുന്ന വെള്ളത്തില്‍ വാഹനങ്ങളും മനുഷ്യരും അകപ്പെട്ടിരിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പല വീഡിയോകളിലും ആളുകള്‍ വെള്ളത്തിനൊപ്പം കുതിച്ചൊഴുകി പോകുന്നതും വീടുകള്‍ക്ക് മേല്‍ കനത്ത് മണ്ണ് വന്നടിയുന്നതുമൊക്കെ കാണാം. നിരവധി ആളുകളുള്ള ഒരു ബസ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന കാഴ്ച ഹൃദയഭേദകമാണ്.

ഈ വര്‍ഷം ആദ്യം മുതല്‍ തെക്കന്‍ ബ്രസീലിലെ വിവിധ ഭാഗങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. ഈ മാസമാദ്യം സാവോ പോളോയില്‍ ഉണ്ടായ കനത്ത മഴയില്‍ 24 പേര്‍ മരിച്ചിരുന്നു.