കേരളത്തിന്റെ നെഞ്ചുരുകിയുള്ള പ്രാര്‍ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ബാലഭാസ്‌കറിനെ തിരികകൊണ്ടുവരാനായില്ല. മകള്‍ തേജസ്വിനിയ്ക്ക് പിന്നാലെ ബാലുവും വിട പറയുമ്പോള്‍ വയലിനില്‍ വിസ്മയം തീര്‍ക്കുന്ന ആ സംഗീതത്തിന്റെ ആരാധകരും സുഹൃത്തുക്കളും കണ്ണിരിലാണ്. സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ബാലഭാസ്‌കര്‍ (40) ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അന്തരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
തിങ്കളാഴ്ച പൂര്‍ണമായ ബോധം വീണ്ടെടുത്തതോടെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഉറ്റവര്‍ ആശ്വസിച്ചിരുന്നപ്പോഴാണ് ഹൃദയാഘാതത്തിലൂടെ മരണമെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം യൂണിവേഴ്‌സിറ്റി കോളജിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ആരാധകരും സുഹൃത്തുക്കളും സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തൃശൂരില്‍നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തില്‍ ഇടിച്ചത്. അപകടത്തില്‍ ഏകമകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ്രെഡെവര്‍ അര്‍ജുനും ചികിത്സയിലാണ്.
ബാലഭാസ്‌കറെന്ന കഴിഞ്ഞ പതിറ്റാണ്ടിന്റെ വയലിന്‍ ചക്രവര്‍ത്തി മലയാളികളുടെ മനവും കാതുംകവര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഗുരുവും വല്ല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറാണ് ബാലയ്ക്ക് ഈ സംഗീതവില്ലിന്റെ മാസ്മരിക ശക്തി പകര്‍ന്നു നല്‍കിയത്. പരമ്പര്യം മുത്തച്ഛന്‍ നാഗസ്വര വിദ്വാന്‍ ഭാസ്‌കര പണിക്കരില്‍ നിന്നു ലഭിച്ചു. സപ്തസ്വരങ്ങള്‍ വഴങ്ങിയ കാലം മുതല്‍ വയലിനോട് ഒരു ദിവസം പോലും പിരിഞ്ഞിരുന്നിട്ടില്ല ബാല. എങ്ങനെ ഇത്ര സുന്ദരമായി വയലിന്‍ വഴങ്ങുന്നുവെന്നു പലകുറി ആവര്‍ത്തിച്ച ചോദ്യത്തിന് ‘എനിക്കു വയലിനെ പേടിയില്ലെന്ന’ മറുപടിയാണ് എപ്പോഴും ബാല നല്‍കിയിരുന്നത്
ബാലഭാസ്‌കറിന്റെ സംഗീതംപോലെ സുന്ദരമായിരുന്നു ബാലുവിന്റെ പ്രണയവും ഒന്നരവര്‍ഷത്തോളം നീ പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ വിവാഹത്തിന് ബാലഭാസ്‌കര്‍ തയ്യാറായി. 22ാം വയസില്‍ എം.എ. സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ കുടുംബനാഥനായത്. നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലഭാസ്‌കറിനും ലക്ഷ്മിയ്ക്കും തേജസ്വിനിയെ ലഭിച്ചത്.
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ ബാലഭാസ്‌കര്‍ തുടങ്ങിയ ‘കണ്‍ഫ്യൂഷന്‍’ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ്. ‘കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്.. ‘നിനക്കായി’, ‘നീ അറിയാന്‍’ തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് ‘കണ്‍ഫ്യൂഷന്‍’ പുറത്തിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ‘ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു.
Leave a Reply