പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍. കൈക്കുഞ്ഞുമായി ബോട്ട് ജെട്ടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കൗമാരക്കാരനെ പോലീസിലേല്‍പ്പിച്ചപ്പോഴാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തുവന്നത്. സംഭവം എറണാകുളം സെന്‍ട്രല്‍ പോലീസ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെ:

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കൗമാരക്കാരന്റെ കയ്യില്‍ പത്ത് ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ആളാണെന്ന് കരുതിയാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും കൗമാരക്കാരന്റെ പരുങ്ങലുമാണ് നാട്ടുകാരെ ഈ നിഗമനത്തിലെത്തിച്ചത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും പയ്യന്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. അതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലെത്തി.

കുട്ടിയുടെ അച്ഛന്‍ തന്റെ ചേട്ടനാണെന്നും അവര്‍ തലേന്ന് കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയിരിക്കുകയാണെന്നും താനും അവിടേക്ക് പോകുകയാണെന്നുമാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് പോകാന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിങ്ക് പോലീസെത്തി കുഞ്ഞിനെയും പയ്യനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി പോലീസ് വിളിക്കുകയും ചെയ്തു. ഇരുവരോടും വൈകിട്ട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഇവര്‍ എത്തിയതോടെയാണ് ആദ്യം ആശങ്ക നിറച്ച രസകരമായ കഥയുടെ ചുരുളഴിഞ്ഞത്.

പയ്യന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇവരുടെ കല്യാണം ചില കാരണങ്ങളാല്‍ വൈകിയിരുന്നു. പകരം ശനിയാഴ്ചത്തേക്കാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയ്ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് ഇരുവരുടെയും വീട്ടില്‍ അറിഞ്ഞിരുന്നില്ല. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടില്‍ അറിയിക്കാം എന്നാണ് ഇവര്‍ കരുതിയിരുന്നത്.

വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.