പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ കർക്കിടകവാവ് ബലിതർപ്പണത്തിന് മണപ്പുറം റോഡിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് താൽക്കിലക ബലിത്തറകൾ ഒരുക്കും. മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലുമായി ഇതിനുവേണ്ടി അന്പതോളം ബലിത്തറകളാണ് ഒരുക്കുന്നത്. കർമ്മം നടത്തുന്നതിന് ദേവസ്വം ബോർഡ് നേരത്തെ ലേലം ചെയ്ത് അനുമതി നൽകിയ കർമ്മിമാരുടെ ലിസ്റ്റ് പോലീസിനു കൈമാറിയിട്ടുണ്ട്. മുകളിലെ ശിവക്ഷേത്രത്തിൽ പുലർച്ചെ മൂന്നരയോടെ മേൽശാന്തി മുല്ലപ്പള്ളി സുബ്രഹ്മണ്യൻ നന്പൂതിരിയുടെ കാർമികത്വത്തിൽ വാവുബലിയുടെ ചടങ്ങുകൾ ആരംഭിക്കും. ഐത്യഹ്യപെരുമയേറിയ ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനായി ധാരാളം വിശ്വാസികളാണ് എത്താറുള്ളത്. ഇക്കൊല്ലം ജലനിരപ്പ് ഉയർന്നതിനാൽ മൂന്നു തവണയാണ് ക്ഷേത്രത്തിൽ ആറാട്ട് നടന്നത്. പെരിയാറിന്റെ മറുകരയിലുള്ള ശ്രീനാരായണ ഗുരുസ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടക്കും.
Leave a Reply