പിറന്ന മണ്ണിൽ ഒരു മേൽക്കൂര ഒരുക്കുവാൻ… കുടുംബത്തിലെ എല്ലാവരെയും കൈപിടിച്ചു ഉയർത്തുവാൻ.. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഒരു താങ്ങാവാൻ… ഭാരിച്ച ഉത്തരവാദിത്വങ്ങളും പേറി ഇറങ്ങി പുറപ്പെട്ടവരാണ് മലയാളികളിൽ കൂടുതലും. അങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായി ആഫ്രിക്കയിലെ ഘാനയില്‍ എത്തി അകാലത്തില്‍ വിടപറഞ്ഞ ഫറോക്കുകാരന്‍ ബാലുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഭാര്യ നീതുവിനെയും ഏക മകള്‍ രുദ്രലക്ഷ്മിയെയും ഘാനയില്‍ തനിച്ചാക്കി ബാലു മണ്ണോടു ചേര്‍ന്നു. കൊറോണ വൈറസ് വ്യാപനം നിമിത്തം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അവിടെത്തന്നെ സംസ്‌കരിച്ചത്. വ്യാഴാഴ്ച ( 30/04/2020) ഘാനയിലെ OSU ഫ്യൂണറൽ സെന്ററിൽ വച്ചാണ് സംസ്‌കാരം നടന്നത്.
ലോകത്തിനെ പല രാജ്യങ്ങളിലും ഉള്ള പവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര പോലെ ഈ അമ്മയുടെയും കുഞ്ഞിന്റെയും നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നീതുവും മകളും ഘാനയില്‍ തന്നെ തുടരുകയാണ്. സമ്പൂര്‍ണ പിന്തുണയുമായി ഘാന ഇന്ത്യൻ മലയാളി അസോസിയേഷൻ ( GIMA ) പ്രവര്‍ത്തകര്‍ ഒപ്പമുള്ളതാണ് ഏക ധൈര്യം.
ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് നീതു വീണുപോയിട്ട് ദിവസങ്ങളായി. ഘാനയിലെത്തുമ്പോള്‍ കൈകോര്‍ത്തുപിടിച്ചിരുന്ന പ്രിയതമന്‍ ഇപ്പോഴില്ല. അരികില്‍ ആറുവയസ്സുകാരി മകള്‍ രുദ്രലക്ഷ്മി ഒന്നും അറിയാതെ നില്‍ക്കുന്നു. നാട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ നീതുവിന്റെ അച്ഛനുമമ്മയും. ബാലു (40) ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. മലയാളികള്‍ അധികമില്ലാത്ത ഘാനയില്‍ ഓട്ടമൊബീല്‍ വര്‍ക്‌ഷോപ്പ് നടത്തുകയായിരുന്നു ബാലു. ആറുമാസം മുന്‍പാണ് നീതു ബാലുവിന്റെ അടുത്തേക്ക് എത്തുന്നത്. ഒരുമിച്ച് ജീവിതം തുടങ്ങി അധിക നാളുകളാവും മുന്‍പേ ബാലു മരണത്തിന് കീഴടങ്ങി.
ഭര്‍ത്താവിന്റെ മരണവും കോവിഡ് ഭീതിയും ഉണ്ടാക്കിയ അരക്ഷിതാവസ്ഥയിലാണ് നീതുവും മകളും. അപരിചിതമായ നാട്ടില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണു നീതുവെന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു. പലപ്പോഴും നീതു നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നു… പ്രിയതമന്റെ മരണത്തെ ഉൾക്കൊള്ളുവാൻ ഇതുവരെ നീതുവിന് സാധിച്ചിട്ടില്ല … എന്താണ് പറയുന്നത് എന്നുപോലും പലപ്പോഴും തിരിച്ചറിയുന്നില്ല.. കേൾക്കുന്നവരുടെ ഹൃദയം തകരുന്ന അവസ്ഥ. അച്ഛനെന്താണ് സംഭവിച്ചതെന്ന് മകള്‍ രുദ്രാലക്ഷ്മിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അമ്മയുടെ സങ്കടത്തിന്റെ കാരണവുമറിയില്ല.
നീതുവിനെയും മകളെയും അക്രയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ താമസസ്ഥലത്തിന് അടുത്തുള്ള ആശുപത്രികള്‍ എല്ലാം നിറഞ്ഞു കവിഞ്ഞതുകൊണ്ട് ബാലുവിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സ്ഥലം പോലും നീതുവിനു കിട്ടിയിരുന്നില്ല. ഒടുവില്‍ ഘാന ഇന്ത്യൻ മലയാളി അസോസിയേഷൻ (GIMA) പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് 40 കിലോമീറ്റര്‍ അകലെയാണു മൃതദേഹം സൂക്ഷിച്ചത്.
കോഴിക്കോട് ഫറോക്ക് അടുത്തുള്ള നല്ലൂര്‍ ആണ് ബാലുവിന്റെ വീട്. അവസാനമായി മകനെ ഒരു നോക്ക് കാണാന്‍ പോലുമാവാത്ത സങ്കടത്തില്‍ അമ്മ മീരയും അച്ഛന്‍ ദേവദാസും. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന അച്ഛന്‍ ദേവദാസ് പക്ഷാഘാതം വന്നു കിടപ്പിലാണ്. ചേലേമ്പ്ര തോട്ടശ്ശേരി സുബ്രഹ്മണ്യന്റെയും ഉദയ റാണിയുടെയും മകളാണ് നീതു. വിമാനസര്‍വീസുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എത്രനാള്‍ അപരിചിതമായ സ്ഥലത്ത് മകള്‍ക്കൊപ്പം നില്‍ക്കേണ്ടി വരുമെന്നു നീതുവിന് അറിയില്ല.
സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണു ഘാനയില്‍ തന്നെ ബാലുവിന്റെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. ഒറ്റപ്പെട്ടു കഴിയുന്ന നീതുവിനെയും മകളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്റെ സുഹൃത്തുക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ കത്തുകള്‍ അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് പ്രവാസികൾ മറുനാട്ടിൽ നരകിക്കുന്ന അവസ്ഥ…. ഭരണാധികാരികൾ കണ്ണ് തുറക്കുന്നതിനായി കാത്തിരിക്കുന്നു… പിറന്ന മണ്ണിൽ എത്താൻ എന്ന് സാധിക്കും എന്ന ശങ്കയോടെ…
Leave a Reply