ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഇംഗ്ലണ്ടിൽ പ്ലാസ്റ്റിക് സ്‌ട്രോ, സ്റ്റിറര്‍, പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവയുടെ വില്പനയ്ക്ക് ഇന്ന് മുതൽ നിരോധനം. സിംഗിൾ – യൂസ് പ്ലാസ്റ്റിക് വസ്തുക്കളുടെ വിൽപ്പനയും വിതരണവും തടയുന്ന പുതിയ നിയമനിർമ്മാണത്തിനുള്ള സമയപരിധി ഏപ്രിൽ ആയിരുന്നുവെങ്കിലും കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കാലതാമസം നേരിടുകയായിരുന്നു. ഇന്ന് മുതൽ ഇംഗ്ലണ്ടിൽ ഇവ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും. കാലതാമസമുണ്ടായിട്ടും, സിംഗിൾ – യൂസ് പ്ലാസ്റ്റിക് മൂലം വർധിച്ചുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരുങ്ങുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു. “പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ നമ്മുടെ പോരാട്ടത്തിന്റെ അടുത്ത ഘട്ടമാണ് പ്ലാസ്റ്റിക് സ്‌ട്രോ, സ്റ്റിറര്‍, പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവയുടെ നിരോധനം. ഭാവിതലമുറകൾക്കായി നമ്മുടെ സമുദ്രത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷന്തോറും ഇംഗ്ലണ്ടില്‍ 5 ബില്യണ്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍ , 316 ദശലക്ഷം പ്ലാസ്റ്റിക് സ്റ്റിററുകള്‍, 1.8 ബില്യണ്‍ പ്ലാസ്റ്റിക്-സ്റ്റെംഡ് കോട്ടണ്‍ ബഡ്‌സ് എന്നിവ ഉപയോഗിച്ച് വരുന്നു. പ്ലാസ്റ്റിക് സ്‌ട്രോ ഉപയോഗം കുട്ടികളിലടക്കം ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സർക്കാരിന്റെ ഈയൊരു നീക്കം ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെങ്കിലും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് ക്ലീൻ അപ്പ് ബ്രിട്ടന്റെ സ്ഥാപകനായ ജോൺ റീഡിനെപ്പോലുള്ള പ്രചാരകർ അഭിപ്രായപ്പെട്ടു. ആളുകളുടെ പെരുമാറ്റത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഗവൺമെന്റിന് അർഹതയുണ്ടെന്ന് അവർ അറിയിച്ചു. പ്ലാസ്റ്റിക് സ്ട്രോ, ഹാംബർഗർ പാക്കറ്റുകൾ തുടങ്ങിയവ വലിച്ചെറിയുമ്പോൾ അത് പ്രകൃതിയ്ക്ക് ദോഷകരമാകുന്നുവെന്ന് ആളുകൾ സ്വയം മനസിലാക്കേണ്ടതുണ്ട്. സിംഗിള്‍ – യൂസ് പ്ലാസ്റ്റിക് ബാഗുകളിലുള്ള തങ്ങളുടെ 5 പെന്‍സ് ചാര്‍ജ് മൂലം പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പന 95 ശതമാനം കുറച്ചു എന്ന് പരിസ്ഥിതി സെക്രട്ടറി പറഞ്ഞു.
കൊറോണ വൈറസ് ഉടലെടുത്തതിന് പിന്നാലെ ഡിസ്പോസിബിൾ മാസ്കുകളും പിപിഇകളും പുതിയ വില്ലന്മാരായെത്തിയിരുന്നു. ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകളിൽ കുടുങ്ങുന്ന ജീവികളുടെ എണ്ണം വർധിച്ചുവരികയാണെന്ന് ആർഎസ്‌പിസിഎയുടെ വന്യജീവി മേധാവി ആദം ഗ്രോഗൻ പറഞ്ഞു. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കളിലേക്ക് പൊതുജനങ്ങൾ തിരിയേണ്ട സമയം അടുത്തിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Leave a Reply