ബാംഗ്ലൂർ ഡേയ്‌സ് : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതുന്ന നോവൽ അധ്യായം 13

ബാംഗ്ലൂർ ഡേയ്‌സ് : ജോൺ കുറിഞ്ഞിരപ്പള്ളി എഴുതുന്ന  നോവൽ അധ്യായം 13
February 27 04:37 2021 Print This Article

ജോൺ കുറിഞ്ഞിരപ്പള്ളി

“ബാംഗ്ലൂർ സൗത്ത് ഈസ്റ്റ് അസോസിയേഷന് ഒരു ലെറ്റർ പാഡും രസീത് ബുക്കും സംഘടിപ്പിക്കണം.”ജോർജ് കുട്ടി പറഞ്ഞു. ഞാൻ കേട്ടതായി ഭാവിച്ചതേയില്ല.

“ഞാൻ പറഞ്ഞത് താൻ കേട്ടില്ലേ?”ജോർജ് കുട്ടി വീണ്ടും എന്നോട് ചോദിച്ചു.

“കേട്ടു,പക്ഷെ,അത് സെക്രട്ടറിയും ട്രഷററും കൂടി ചെയ്യേണ്ട ജോലിയാണ്. ഞാൻ പ്രസിഡണ്ട്, അതായത് താൻ പറഞ്ഞിരുന്നതു പോലെ എവിടെ ഒപ്പിടണം എന്ന് പറഞ്ഞാൽ ഒപ്പ് ഇടും.”

അടവ് ഫലിക്കുന്നില്ല എന്ന് ജോർജ് കുട്ടിക്ക് മനസ്സിലായി. വൈകുന്നേരം ജോർജ് കുട്ടി കോൺട്രാക്ടർ രാജനെ കണ്ടപ്പോൾ പറഞ്ഞു,”എനിക്ക് ട്രഷറർ ജോലിയും സെക്രട്ടറി ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. ഞാൻ വളരെ തിരക്കിലാന്ന്. അതു കൊണ്ട് താൻ ട്രഷറർ ആയിക്കോ.”

രാജൻ കേട്ടപാടെ സമ്മതിച്ചു.

“നമ്മൾക്ക് ലെറ്റർ ഹെഡ് അടിപ്പിക്കണം, രസീത് ബുക്ക് വേണം അതെല്ലാം തയ്യാറാക്കാൻ ഞാൻ ട്രഷററെ ഏൽപ്പിക്കുന്നു.”

രാജൻ പറഞ്ഞു ,”ശരി,ഒരു ഇരുനൂറ്റമ്പത് രൂപ വേണം,ഇപ്പോൾ എൻ്റെ കയ്യിൽ കാശില്ല. ഞാൻ ഒരു കോൺട്രാക്ട് കൊടുത്തിട്ടുണ്ട്. കിട്ടിയാൽ പിന്നെ പ്രശ്നമില്ല.”

ജോർജ് കുട്ടി എന്നെ നോക്കി. ഞാൻ സൂര്യൻ അസ്തമിക്കുന്നതും നോക്കി നിൽക്കുകയാണ്. അതുകൊണ്ട് അവർ പറയുന്നത് ഒന്നും കേൾക്കുന്നില്ല.

ജോർജ് കുട്ടി പറഞ്ഞു.”എന്നാൽ കോൺട്രാക്ട് കിട്ടിയിട്ട് പ്രിൻറ് ചെയ്യിച്ചാൽ മതി. എവിടെയാണ് കോൺട്രാക്ട് എടുത്തിരിക്കുന്നത്?എത്ര ലക്ഷം വരും?”

“ഇവിടെ ഒരു ഗൗഡയുടെയാണ് വർക്ക്. അവരുടെ പട്ടിക്കൂടിന് ഒരു വാതിൽ ഫിറ്റു ചെയ്യണം. ഇരുനൂറ്റമ്പത്‌ രൂപ ചോദിച്ചിട്ടുണ്ട്. നൂറ്റമ്പത് അയാളും പറയുന്നു. നടന്നാൽ ഭാഗ്യം.”രാജൻ പറഞ്ഞു.

” ആരു നടക്കുന്ന കാര്യമാ പറയുന്നത്? കൂട്ടിൽ കിടക്കുന്ന പട്ടി എങ്ങോട്ട് നടക്കും.?”

“പട്ടിയും ഗൗഡയും നടക്കുന്ന കാര്യമല്ല, കോൺട്രാക്റ്റ് നടക്കുമോ എന്നാണ് പറഞ്ഞത്. “രാജൻ വിശദീകരിച്ചു.

പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നിൽക്കുകയാണെങ്കിലും എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. രാജൻ കോൺട്രാക്ടറെക്കൊണ്ട് കാര്യം നടക്കില്ല എന്നുറപ്പായി. രസീത് ബുക്കില്ലാതെ എങ്ങനെ പിരിവിന് ഇറങ്ങും?പിരിച്ചില്ലെങ്കിൽ എങ്ങനെ ഓണം നടത്തും?

ഓണം ഇല്ലെങ്കിൽ എങ്ങനെ കലാപരിപാടികൾ നടത്തും?

ആരെയെങ്കിലും വീഴ്ത്തണം.”ശരി,നമുക്ക് ആലോചിക്കാം”, എന്ന് പറഞ്ഞു ജോർജ് കുട്ടി നടന്നു. ഞങ്ങൾ ബ്രദേഴ്‌സ് ബേക്കറിയുടെ മുൻപിൽകൂടി സി .എസ്സ്.ഐ.ചർച്ചിൻ്റെ അടുത്തേക്ക് പോകുമ്പോൾ ബിഷപ്പ് ദിനകരൻ ഒരു കീറിയ ജീൻസും ഒരു ടീ ഷർട്ടും ധരിച്ച് അവിടെ നിന്നു പ്രസംഗിക്കുന്നു.

“ഈശ്വരനെ തേടി ഞാൻ നടന്നു,അവിടെയുമില്ല ഈശ്വരൻ, എവിടെയുമില്ല ഈശ്വരൻ, അവസാനം ഞാൻ എന്നിലേക്ക്‌ തിരിഞ്ഞു.”ദിനകരൻ കത്തി കയറുകയാണ്. ഒരു അൻപതുപേരോളം കേൾവിക്കാരായുണ്ട് .

“ഇത് കലാഭവനിലെ ആബേലച്ചൻ എഴുതിയ പാട്ടല്ലേ? ഇതെങ്ങനെ തമിഴൻ ദിനകരൻ പ്രസംഗത്തിന് ഉപയോഗിക്കുന്നു?”

,”ഇന്നലെ ദിനകരൻ പള്ളിയിൽ പ്രസംഗത്തിന് ഒരു പ്രസംഗം എഴുതി തരണമെന്ന് പറഞ്ഞു,ഞാൻ എഴുതിക്കൊടുത്തതാ.”

“കൊള്ളാം,നല്ല ബിഷപ്പ് തന്നെ. ഭാഗ്യമില്ലാത്ത ബിഷപ്പ്. “ഞാൻ പറഞ്ഞു.

“തലവര ,എങ്ങനെ ജീവിക്കേണ്ടതാണ്. ഒരു തൊപ്പിയൊക്കെ വച്ച് നല്ല പള പള മിന്നുന്ന കുപ്പായം ഒക്കെ ഇട്ട് ചെത്തി നടക്കാൻ ഭാഗ്യം ഇല്ലാതെ പോയി.”

ഞാൻ പറഞ്ഞു, “എപ്പോഴാ ഭാഗ്യം വരിക എന്ന് ആര് അറിഞ്ഞു ?”

“ശരിയാ .നാട്ടിൽ പോയി താറാവ് വളർത്തിയാലോ എന്ന് പുള്ളിക്കാരന് ഒരഭിപ്രായം ഉണ്ട്. കാശുള്ള ബിഷപ്പ് ആകാൻ അരോ ഉപദേശിച്ചു കൊടുത്ത വഴിയാണ്.”

കുറച്ചു നേരം ഞങ്ങൾ അവിടെ നിന്നു പ്രസംഗം കേട്ടു. ജോർജ്കുട്ടി പറഞ്ഞു “ഇങ്ങനെ നിന്നാൽ പറ്റില്ല. ഓണം നടത്തേണ്ടതാണ്. എങ്ങിനെയെങ്കിലും ഫണ്ട് പിരിവ് തുടങ്ങണം. നമുക്ക് തൽക്കാലം കാഥികൻ രാധാകൃഷ്ണനെ വീഴ്ത്തി നോക്കാം.”

“നമുക്ക്? ഞാനില്ല.”

“തന്നെ കാണുമ്പോഴേ അറിയാം, ഒരു അരസികൻ ആണെന്ന്. ഓണം ആഘോഷിക്കേണ്ട, എന്നു പറയുന്ന ആദ്യത്തെ മറുനാടൻ മലയാളിയാണ് താൻ.”

“ഹേയ്, ഓണം വേണം. അതിന് എവിടെ ഒപ്പ് ഇടണം എന്നു പറഞ്ഞാൽ മതി.”

“കോമഡി കള. ഒരു പുതിയ പാർട്ടി വന്നിട്ടുണ്ട്. നമുക്ക് ഒന്നു ചാക്കിട്ടു നോക്കാം.. ഒരു ജോർജ് വർഗ്ഗീസ്. ”

ഇതെല്ലാം എങ്ങിനെ കണ്ടു പിടിക്കുന്നു എന്നായി എൻ്റെ സംശയം.

“ഇനി ജോർജ് വർഗീസിനെ കണ്ടുപിടിക്കണം”

“.അയാൾ എവിടെ കാണും?”

“മിക്കവാറും കോശിയുടെ ശ്രീവിനായക ബാറിൽ കാണും.”

തേടിച്ചെന്നു. ആവശ്യക്കാരന് ഔചിത്യമില്ല. ഞങ്ങളുടെ പ്ലാനും പദ്ധതികളും എല്ലാം യാതൊരു ചോദ്യവുമില്ലാതെ കേട്ട് നിശബ്ദനായി ഇരുന്നു ജോർജ് വർഗീസ്. അവസാനം ഒരു ചോദ്യം.”തന്റെ പേര് എന്താ?”

“ജോർജ് കുട്ടി.”

“ദൃശ്യത്തിലെ ജോർജ് കുട്ടിയെ താൻ തോൽപ്പിക്കും അടവുകളുടെ കാര്യത്തിൽ. ഒന്ന് പോ മോനെ ദിനേശാ”.

ഒന്നും മിണ്ടാതെ അല്പസമയം നിന്നിട്ട് ജോർജ് കുട്ടി പറഞ്ഞു,”നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ട. പക്ഷെ ഓണത്തിന് വരണം. പ്രോഗ്രാം മോഡറേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ശബ്ദം നല്ലതായിരുന്നു. പക്ഷെ താൽപര്യമില്ലെങ്കിൽ എന്ത് ചെയ്യാനാണ്?ഓണത്തിന് ഏതായാലും വരണം.”

ജോർജ് കുട്ടി നടന്നു. പിറകെ ഞാനും. പുറകിൽ നിന്നും വിളിക്കുന്നു ,ജോർജ് വർഗീസ്.

“ജോർജ് കുട്ടി നിൽക്കൂ,കാശ് ഞാൻ തരാം. അപ്പോൾ അനൗൺസ്‌മെൻറ് മോഡറേഷൻ എല്ലാം ഞാൻ, ഓക്കേ?”

ഇരുന്നൂറ് രൂപ ജോർജ് വർഗ്ഗീസ് പോക്കറ്റിൽ നിന്നും എടുത്ത് ജോർജ് കുട്ടിക്ക് കൊടുത്തു.

വാങ്ങി താങ്ക്സ് പറഞ്ഞു നടക്കുമ്പോൾ അയാൾ വീണ്ടും വിളിച്ചു, ഞങ്ങൾ തിരിഞ്ഞു നിന്നു .”ഒരു കാര്യം ഉറപ്പായി, ദൃശ്യം 2 ഇറങ്ങും,ഉറപ്പാ. ഒന്ന് പരിശ്രമിച്ചു നോക്ക്,തനിക്കുപറ്റിയ റോൾ കാണും.”

അയാൾ ഉറക്കെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles