ജോൺ കുറിഞ്ഞിരപ്പള്ളി
ഞങ്ങൾ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ജോർജ് കുട്ടിയെ അന്വേഷിച്ച് ആരോ രണ്ടുപേർ വന്നിരുന്നു എന്ന് ഹൗസ് ഓണർ പറഞ്ഞു. അസോസിയേഷൻ കാര്യങ്ങൾ സംസാരിക്കാൻ ആരെങ്കിലും വന്നതായിരിക്കും, എന്ന നിഗമനത്തിൽ എത്തി ഞങ്ങൾ. ഓണം ഫണ്ട് പിരിവിനായി പലരേയും ചുമതലപ്പെടുത്തിയിരുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർ വീണ്ടും ഞങ്ങളെ അന്വേഷിച്ചുവന്നു.
അവർ ഹോസ്‌കോട്ടയിൽ നിന്നും ജോർജ് കുട്ടിയെ തേടി വരണമെങ്കിൽ എന്തോ കാര്യമായ പ്രശ്നമുണ്ട്. അതിൽ ഒരാളെ ജോർജ് കുട്ടിക്ക് പരിചയം ഉണ്ട്. അവർ പ്രശ്നം അവതരിപ്പിച്ചു. അവരുടെ മലയാളി അസോസിയേഷൻ വാർഷിക ആഘോഷത്തിനായി തയ്യാറെടുപ്പിലായിരുന്നു. അതിനുവേണ്ടി ഒരു നാടകം പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ. എന്നാൽ നിർഭാഗ്യവശാൽ സംവിധായകനും അഭിനേതാക്കളും തമ്മിൽ വഴക്കായി അടിയിൽ അവസാനിച്ചു. സംവിധായകൻ നാടകം ഉപേക്ഷിച്ചുപോയി. അടുത്ത ശനിയാഴ്ച പരിപാടി നടത്തേണ്ടതാണ്. നിങ്ങളുടെ അസോസിയേഷനിൽ കഥാപ്രസംഗം പറയുന്നവരും നല്ല അഭിനയേതാക്കളും മറ്റും ഉണ്ടെന്ന് കേട്ടു. അതുകൊണ്ട് പ്രോഗ്രാം നടത്താൻ സഹായിക്കണം, അതാണ് അവരുടെ ആവശ്യം.
എങ്ങനെയെങ്കിലും പരിപാടി നടത്തണം. പറ്റിയ ആരെങ്കിലും നാടകം സംവിധാനം ചെയ്യാൻ അറിയാവുന്നവർ ജോർജ് കുട്ടിയുടെ പരിചയത്തിൽ ഉണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. ജോർജ് കുട്ടി പറഞ്ഞു,”ഞാൻ ഒന്ന് ആലോചിക്കട്ടെ.”.
എന്നിട്ട് എന്നെ വിളിച്ചുമാറ്റിനിർത്തി ഒരു ചോദ്യം “സഹായിക്കണ്ടേ?”
“പക്ഷെ ആരെ കണ്ടുപിടിക്കും?കൊല്ലം രാധാകൃഷ്ണൻ?”
“ഛെ ,അയാൾ? നമ്മുടെ അടുത്ത് ഒരാളുണ്ട്.”
ഞാൻ ചോദിച്ചു,” ആരാ.?”
“താൻ തന്നെ അല്ലാതെ ആരാ.”
“ഞാനോ?”
“അതെ താൻ. ഇനി ഒരാഴ്ച ഷേവ് ചെയ്യണ്ട. അപ്പോൾ തനിക്ക് ഒരു ഓഞ്ഞ നാടക സംവിധായകൻറെ ലുക്ക് വരും.”
“എന്നെക്കൊണ്ടെങ്ങും പറ്റില്ല .”
“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ?.ഇങ്ങനെയല്ലേ ഓരോ പണിയും പഠിക്കുന്നത്. അറിയാത്ത ആളുകളാകുമ്പോൾ ബഹുമാനം കൂടും. ഡോണ്ട് വറി .”
ഞാൻ ഒന്നും മിണ്ടിയില്ല.
“ഞാനും കൂടെ വരാം.”
ഞാൻ ഗൗരവം നടിച്ചിരുന്നു അവരുടെ സിറ്റുവേഷൻ ഒക്കെ ഒരിക്കൽക്കൂടി വന്നവർ വിശദീകരിച്ചു, ഇനിയൊരാഴ്ചമാത്രം.
ഞങ്ങൾ ശനിയാഴ്ച ഉച്ചയാകുമ്പോൾ വന്നേക്കാം എന്ന് പറഞ്ഞെങ്കിലും അവർക്ക് അത്ര വിശ്വാസം വരുന്നില്ല.
കാലത്തു തന്നെ വരണം,ഞങ്ങൾ ടാക്സി അയക്കാം എന്നായി അവർ.
ജോർജ് കുട്ടി എന്നെ ഗൗരവത്തിൽ ഒന്ന് നോക്കി.
അവർ പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”തൻ്റെ ആ ഓഞ്ഞ മോന്തയും കാണിച്ച് പാവത്തിനെപോലെ ഇരിക്കരുത്. താൻ ഒരു സംവിധായകനാണ് എന്ന് ഓർമ്മ വേണം.”
അവർ പറഞ്ഞിരുന്ന പോലെ ശനിയാഴ്ച കാലത്ത് ഞങ്ങൾ എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ ഒരു ടാക്സിയുമായി വന്നു. ഞങ്ങൾ മുങ്ങുമോ എന്ന് അവർക്ക് പേടിയുള്ളതുപോലെ തോന്നി. വേഗം റെഡിയായി കാറിൽ കയറുമ്പോൾ ജോർജ് കുട്ടി പറഞ്ഞു,”സമയം ഉണ്ടായിട്ടല്ല, പിന്നെ നിങ്ങളെ ഒഴിവാക്കാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ചിട്ടാണ്.”
ജോർജുകുട്ടി വീണ്ടും എന്നോട് പറഞ്ഞു,” താൻ നല്ല ഗൗരവത്തിൽ ഇരുന്നോണം. നിൻറെ വളിച്ച ചിരി ഒന്നും അവരുടെ അടുത്ത് കാണിച്ചേക്കരുത്.”
ഞാൻ നല്ല ഗൗരവത്തിൽ ഇരുന്നു ഒരു സംവിധായകനായി പോയില്ലേ?.
പത്തു മണിയായപ്പോൾ ഞങ്ങൾ നാടകം നടത്തുന്ന ഓഡിറ്റോറിയത്തിൽ എത്തി. എല്ലാ കലാകാരന്മാരും കലാകാരികളും അടിയന്തര പ്രാധാന്യം മനസ്സിലാക്കി നേരത്തെ വന്നിരുന്നു. ഇനി റിഹേഴ്സലിന് സമയമില്ല. ഞാൻ നാടകപുസ്തകം വാങ്ങി നോക്കി. മലയാളത്തിലെ പ്രസിദ്ധമായ ഒരു നാടകമാണ്, അല്പം പഴയതാണ്. നടീനടന്മാർക്ക് നിർദ്ദേശങ്ങൾ കൊടുത്തു.
സ്റ്റേജിലേക്ക് ആവശ്യമായ പ്രോപ്പർട്ടീസ്സ് തയ്യാറാക്കി രംഗസംവിധാനം ചെയ്യാൻ ഒരാളെ ഏർപ്പെടുത്തി. ഏതോ ഹനുമാൻ ചവിട്ടുനാടകക്കാരുടെ ഒരു കട്ട് ഔട്ടർ സ്റ്റേജ് സെറ്റിങ്ങിനായി അവർ എത്തിച്ചിരുന്നു. പട്ടിക കഷണങ്ങളും വിറകു തടിയും മുളയും എല്ലാം ഉപയോഗിച്ച് ഞങ്ങൾ അത് കെട്ടി ഒരു തരത്തിൽ സ്റ്റേജ് സെറ്റ് ചെയ്തു .
കർട്ടണിൽ ഒരു വലിയ കുരങ്ങിൻറെ ചിത്രവും അവരുടെ കലാസമിതിയുടെ പേരും ഉണ്ടായിരുന്നത് ഒരു വലിയ ചിത്രം ഒട്ടിച്ച് മറച്ചു.
വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചു.
നാടകം ആരംഭിക്കുന്നതിന് അനൗൺസ്മെൻറ് തുടങ്ങി. എനിക്കും ജോർജ് കുട്ടിക്കും പ്രത്യേകം സ്വാഗതവും നന്ദിയും ഒട്ടും കുറയ്ക്കാതെ അവർ വിളമ്പി. പ്രശസ്ത സംവിധായകൻ എന്ന് പറയുന്നത് കേട്ട് രോമാഞ്ചകഞ്ചുകമണിഞ്ഞു,എന്നുപറയുന്നതാണ് ശരി.
നാടകം ആരംഭിച്ചു, ആദ്യത്തെ രംഗം വലിയ കുഴപ്പമില്ലാതെ പോയി.
രണ്ടാമത്തെ രംഗത്തിൽ സ്റ്റേജ് സെറ്റിംഗ് മാറ്റണം. സാധാരണ അമച്വർ നാടകങ്ങളിൽ ചെയ്യുന്നതുപോലെ ഭിത്തിയിലെ കലണ്ടർ മാറ്റുകയും ജനൽ കർട്ടൻ മാറ്റുകയുമാണ് ഞങ്ങളും പ്ലാൻ ചെയ്തിരുന്നത്. അപ്പോൾ രംഗം മാറും,വീടും മാറും.
രണ്ടാമത്തെ രംഗം ഒരു തൊഴിലാളിയുടെ വീടാണ്. ജനൽ കർട്ടൻ മാറ്റി ചിത്രങ്ങൾ മാറ്റി.
രംഗം സെറ്റ് ചെയ്തു .
ഒരു റൗഡി സ്റ്റേജിലേക്ക് വരികയാണ്. അയാൾക്ക് പറഞ്ഞിരിക്കുന്ന വേഷം ലുങ്കിയും തലയിൽ ഒരു കെട്ടും ആണ്. നടൻ വസ്ത്രം നോക്കുമ്പോൾ അയാളുടെ ലുങ്കി ജനൽ കർട്ടൻ ആയി ഫിറ്റു ചെയ്തു വെച്ചിരിക്കുകയാണ്. അടി വസ്ത്രം മാത്രമേ ഇപ്പോൾ നടൻ ധരിച്ചിട്ടുള്ളു..അയാൾ ഒറ്റ വലിക്ക് ജനൽ കർട്ടനാക്കി വച്ചിരുന്ന ലുങ്കി വലിച്ചെടുത്തു.
അയാളുടെ ലുങ്കിയുടെ കൂടെ ജനലിന്റെ ഒരു കഷണവും ഒടിഞ്ഞു പോയി..അയാൾ സ്റ്റേജിലേക്ക് ഓടി വന്നത് ജനലിന്റെ ഒരു ഭാഗവും വലിച്ചുകൊണ്ടാണ്.കൂടാതെ അയാൾ ലുങ്കി വലിച്ചെടുത്ത ശക്തിയിൽ കുരങ്ങൻറെ മുകളിൽ ഒട്ടിച്ചുവച്ചിരുന്ന കലണ്ടർ ഇളകി വീണു.
കാണികൾ കൂവി വിളിച്ചു, കൈയ്യടിച്ചു .”കുരങ്ങൻ,കുരങ്ങൻ”, എന്ന് ആർത്തുവിളിച്ചു ചിരിക്കാൻ തുടങ്ങി..
റൗഡി കഷത്തിലിരുന്ന കുപ്പി തുറന്ന് മദ്യം വലിച്ചുകുടിക്കുന്നതാണ് സീനിൽ.
അയാൾ ജോജി എന്ന സിനിമയിൽ ഫഹദ് ഫാസിൽ പറഞ്ഞ തെറിയും പറഞ്ഞു വായിലെ മദ്യം സ്റ്റേജിലേക്ക് തുപ്പി.
കാണികൾ എല്ലാവരും കുറുക്കൻറെ ജോലി ഏറ്റെടുത്തതുപോലെ തോന്നുന്നു..
സ്റ്റേജിൽ രംഗ സംജ്ജീകരണം നടത്തിയ ആൾ ഷർട്ടിൻ്റെ കയ്യും കയറ്റി സ്റ്റേജിലേക്ക് വന്നു.
“എന്താടാ നിനക്ക് ? ”
“ഇത് താനൊന്നും കുടിച്ചു നോക്ക്.”
അയാൾ കുപ്പി വാങ്ങി വായിലേക്ക് ഒഴിച്ചതും ഒറ്റ തുപ്പ് അടുത്തുനിന്ന നടൻറെ മുഖത്തേക്ക്.
മദ്യമായി നിറച്ചത് ആരോ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പിയിലായിരുന്നു. പരിചയക്കുറവുകൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല. സദസ്സിൽനിന്നും കുരങ്ങൻ എന്ന് വിളിക്കുന്നതുകേട്ട് കാര്യമറിയാത്ത നടൻ ഒന്നാംതരം “ജോജി ബ്രാൻഡ്”തെറി സദസ്സിനെ നോക്കി വിളിച്ചുപറഞ്ഞു.”ആരാടാ കുരങ്ങൻ?ധൈര്യം ഉണ്ടെങ്കിൽ കയറിവാടാ ,”
അയാൾ വെല്ലുവിളിച്ചു.
രംഗം തയ്യാറാക്കിയ ആൾ മൈക്കിൻ്റെ അടുത്തുവന്നു വിശദീകരണം ആരംഭിച്ചു.”സുഹൃത്തുക്കളെ,നമ്മളുടെ നാടകം സംവിധാനം ചെയ്തിരുന്ന വ്യക്തി വഴക്കിട്ടുപോകുകയും പകരം നമ്മൾ ഒരാളെ അവസാന നിമിഷത്തിൽ സംഘടിപ്പിക്കുകയും ആണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. പരിചയക്കുറവുകൊണ്ട് എനിക്ക് തെറ്റ് പറ്റിപ്പോയി. എന്നാൽ പകരം വന്ന സംവിധായകന് ഇതെല്ലം ശ്രദ്ധിക്കാമായിരുന്നു.”
ജോർജ് കുട്ടി പതുക്കെ എൻ്റെ ചെവിയിൽ പറഞ്ഞു,”അവൻ തടിയൂരാനുള്ള ലക്ഷണമാണ് കാണിക്കുന്നത്. നമ്മൾ വന്ന ടാക്സി അപ്പുറത്തു കിടപ്പുണ്ട്.
നമുക്ക് മുങ്ങാം” .
രണ്ടു ചെറുപ്പക്കാർ സ്റ്റേജിലേക്ക് കയറി വന്നു.”എവിടെ നാടകം സംവിധാനം ചെയ്യുവാൻ കൊണ്ടുവന്നവർ?”രണ്ടുപേരുടെയും കാൽ നിലത്തുറയ്ക്കുന്നില്ല.
ചോദ്യം ജോർജ് കുട്ടിയോടാണ്.
“വരൂ കാണിച്ചുതരാം”. ജോർജ് കുട്ടി പറഞ്ഞു.”താനും വാ എൻ്റെ കൂടെ.”
ഞങ്ങൾ നാലുപേരും കൂടി സ്റ്റേജിന് പുറത്തിറങ്ങി. സ്റ്റേജിനു പുറത്തായി ഒരു പച്ച ഷർട്ടുകാരൻ്റെ നേതൃത്വത്തിൽ മൂന്നു നാലുപേർ മദ്യപിച്ചുകൊണ്ടിരിക്കുന്നു. “ആ പച്ച ഷർട്ടുകാരനാണ് “ജോർജ് കുട്ടി പറഞ്ഞു.
അവർ രണ്ടുപേരും പച്ച ഷർട്ടുകാരനെ ലക്ഷ്യമാക്കി ഓടി .ജോർജ്‌കുട്ടി എന്നോടായി പറഞ്ഞു,”തോമസ് കുട്ടി വിട്ടോടാ തിരിഞ്ഞു നോക്കണ്ട.”
(തുടരും)
Leave a Reply