ജോൺ കുറിഞ്ഞിരപ്പള്ളി

ബാംഗ്ലൂരിൽ മഴപെയ്താൽ എല്ലാം കുഴഞ്ഞു മറിയും. ഓടകൾ നിറഞ്ഞൊഴുകി റോഡുകളിൽ കൂടിയുള്ള യാത്ര ദുസ്സഹമാകും.റോഡിൽ കൂടി പോകുന്ന വാഹനങ്ങൾ ചെളി വെള്ളം തെറിപ്പിച്ച് കാൽനട യാത്രക്കാരെ കുളിപ്പിക്കും.

ശക്തിയായി പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ വിരസമായി റോഡിലേക്ക് നോക്കി ഞാനും ജോർജുകുട്ടിയും ഞങ്ങളുടെ വാടകവീടിൻ്റെ വരാന്തയിൽ ഇരുന്നു. പുറത്തേക്കൊന്നും പോകാൻ തോന്നുന്നില്ല.

ഞങ്ങളുടെ ആ ഇരിപ്പുകണ്ട് സഹതാപം തോന്നിയിട്ടാകണം അക്ക ചോദിക്കുകയും ചെയ്തു,”എന്ന ജോർജുകുട്ടി,പൈത്യകാരൻ മാതിരി ?എന്നാച്ച് ?”

ജോർജ്‌കുട്ടി വെറുതെ ചിരിച്ചു. എന്തുചെയ്യാനാണ് ? പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല . ഒരു തത്വചിന്തകനെപോലെ ജോർജുകുട്ടി പറഞ്ഞു,” ഇത്രയും കാലം നമ്മൾ ഇവിടെ ജീവിച്ചു എന്തു നേടി? നമ്മൾ ബുദ്ധിപരമായി പ്രവർത്തിക്കണം ,ചിന്തിക്കണം. അതുകൊണ്ട് സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യുന്നതിനോ വ്യവസായങ്ങൾ നടത്തുന്നതിനെക്കുറിച്ചോ മാറി ചിന്തിക്കണം.”

ഞാൻ ഒന്നും പറഞ്ഞില്ല.എല്ലാ മറുനാടൻ മലയാളികളും ചിന്തിക്കാറുള്ള കാര്യമാണ്.ബിസ്സിനസ്സ്,വ്യവസായം അങ്ങനെ പലതും മറുനാടൻ മലയാളികളുടെ സ്വപ്നങ്ങളാണ്.

“നമ്മളെപ്പോലെ ബുദ്ധിയുള്ള മലയാളികൾ മടിപിടിച്ച് ഇരിക്കാൻ പാടില്ല.”

പറയുന്നതിൽ അല്പം കാര്യമുണ്ടെന്ന് എനിക്കും തോന്നി. “നമ്മൾക്ക് എന്ത് ബിസ്സിനസ്സ് നടത്താൻ പറ്റും?” ഞങ്ങൾ രണ്ടുപേരും കൂടി ആലോചന തുടങ്ങി.നമ്മുടെ നാട്ടിൽ ഇല്ലാത്ത എന്ത് ബിസ്സിനസ് ആണ് ആരംഭിക്കുവാൻ കഴിയുക?

ഇപ്പോൾ ആയുർവേദം, പ്രകൃതി സംരക്ഷണം ഗ്ലോബൽ വാമിംഗ് ഇങ്ങനെയുള്ള വിഷയങ്ങൾക്ക് നല്ല ഡിമാൻഡാണ്.അങ്ങനെയുള്ള എന്തെങ്കിലും ആകട്ടെ.

പക്ഷെ,ചർച്ചകൾ എങ്ങുമെത്തിയില്ല.

ജോർജുകുട്ടി പറഞ്ഞു,” ബാംഗ്ലൂരിലുള്ള നല്ല ശതമാനം ആളുകൾക്കും അലർജി രോഗങ്ങൾ ഉണ്ട്, ഇതിന് നമുക്ക് ആയുർവേദ മരുന്നുകൾ എന്തെങ്കിലും കണ്ടു പിടിച്ചാലോ?”

വളരെ നേരം ഞങ്ങൾ ആലോചിച്ചിരുന്നു. മൂക്കിപ്പൊടി മുതൽ കാറുകൾ ഇംപോർട്ട് ചെയ്യുന്നതുവരെ പല പദ്ധതികൾ ഞങ്ങൾ ചർച്ച ചെയ്തു. എങ്കിലും ഞങ്ങൾക്ക് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല. ഞങ്ങൾ നടപ്പിലാക്കണം എന്ന് വിചാരിച്ചിരുന്ന കാര്യങ്ങൾ എല്ലാം തന്നെ മറ്റുപലരും നേരത്തെ കണ്ടുപിടിച്ചത് ഞങ്ങളുടെ കുറ്റമാണോ?

ഞങ്ങളുടെ ചർച്ചകൾ നീണ്ടുപോയി. ഇതിനിടയിൽ രാധാകൃഷ്ണൻ ,സെൽവരാജൻ, അച്ചായൻ, ഗംഗാധരൻ ഇങ്ങനെ ഞങ്ങളുടെ ബാംഗ്ലൂർ നോർത്ത് മലയാളി അസോസിയേഷനിലെ പലരും അവധി ദിവസമായതുകൊണ്ട് ഞങ്ങളെ അന്വേഷിച്ചുവന്നു. വന്നവർ എല്ലാവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു.

രാധാകൃഷ്ണൻ പറഞ്ഞു,” വ്യവസായം നമ്മുക്ക് പതുക്കെ ആലോച്ചിച്ച് ചെയ്യാം. ഇപ്പോൾ നമുക്കൊരു ഷോർട്ട് ഫിലിം എടുത്താലോ?”

“അത് നല്ല ഒരു ഐഡിയ ആണ്.നമ്മൾക്ക് ഒരു ഒന്നാന്തരം സംവിധായകൻ കസ്റ്റഡിയിൽ ഉണ്ട്. അദ്ദേഹം തയാറാക്കിയ തിരക്കഥയും ഉണ്ട്.”എന്നെ ആണ് ജോർജ് കുട്ടി കൊണ്ടു വരാൻ നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. എങ്കിലും ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു.

“സംവിധായകൻ ആരായാലും വേണ്ടില്ല, എൻ്റെ കഥവേണം.”കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു.

“പാടത്തിൻ്റെ വരമ്പത്തെ എലി ,എന്ന എൻ്റെ കഥ മതി. അതാകുമ്പോൾ നടി നടന്മാരെ തേടി അലയേണ്ടതില്ല. ഞാൻ നായകൻ, പിന്നെ നായിക..”

ഗംഗാധരൻ ഇടക്കുകയറി പറഞ്ഞു,”നായിക എലിയാണ്, അത് ഇനി പറയേണ്ട കാര്യമില്ല.”

“അല്ല, എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുണ്ട്.”

“തൻ്റെ ഓഫിസിലെ റിസപ്‌ഷനിസ്റ്റ് അല്ലെ? എനിക്കറിയാം, അതുമതി. പേരിന് ചേർന്ന നായിക തന്നെ. സമ്മതിച്ചു, ഒരേ മുഖഛായ , കൊള്ളാം. വാലിൻ്റെ കുറവ് മാത്രം . അത് നമ്മൾക്ക് ശരിയാക്കാം . “ഗംഗാധരൻ പറഞ്ഞു.

“വാൽ നമ്മൾ വച്ചുപിടിപ്പിക്കേണ്ടിവരും. സെൽവരാജൻ മേക്കപ്പ് ആർട്ടിസ്റ് “അച്ചായൻ പറഞ്ഞു.

“ഷോർട്ട് ഫിലിമിന് പാടത്തിൻ്റെ വരമ്പത്തെ എലി എന്നപേര് ചേരില്ല. ക്ളോസറ്റിൽ വീണ എലി എന്നാക്കിയാലോ?”അച്ചായൻ തൻ്റെ വിജ്ഞാനം വിളമ്പി.

“ഗാനങ്ങൾ എഴുതണം ചിട്ടപ്പെടുത്തണം, ക്യാമറ …അങ്ങനെ ഒരുപാട് ജോലികൾ ബാക്കിയുണ്ട്. “ജോർജ് കുട്ടി പറഞ്ഞു.

ഗംഗാധരൻ പറഞ്ഞത് ഓർമ്മിച്ച് രാധാകൃഷ്‌ണൻ ഒരു ചോദ്യം “അത് ..താൻ എങ്ങനെയാ എൻ്റെ ഓഫിസിലെ പെൺകുട്ടിയെ അറിയുന്നത്?”

“ആ പെൺകുട്ടിയെ അറിയാത്തവർ ആരാ ഈ നാട്ടിൽ ഉള്ളത്? “ഗംഗാധരൻ്റെ മറുചോദ്യത്തിൽ രാധാകൃഷ്ണൻ വീണു. “ഞാൻ എൻ്റെ കഥ പിൻ‌വലിക്കുന്നു.”

“അത് പറ്റില്ല, എന്താ കാരണം? “അച്ചായൻ ചോദിച്ചു. ഗംഗാധരൻ പതുക്കെ പുറത്തേക്ക് ഇറങ്ങി, ഒരു സിഗരറ്റ് കത്തിച്ചു. രാധാകൃഷ്ണൻ പറഞ്ഞു, “ഞാൻ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. ഞാൻ പിൻമാറുന്നു.”

“അങ്ങനെ തോന്നുമ്പോൾ വാക്ക് മാറ്റാൻ പറ്റില്ല. നമ്മൾ കഥയും തിരക്കഥയും തയാറാക്കി. മേക്കപ്പ് ആർട്ടിസ്റ്റിനെ കണ്ടുപിടിച്ചു. സംവിധായകൻ റെഡിയായി. അങ്ങനെ മേജറായിട്ടുള്ള കാര്യങ്ങൾ എല്ലാം ഫിക്സ് ചെയ്തു. ഇനി പിന്മാറിയാൽ നഷ്ടപരിഹാരം നൽകണം. പോരെങ്കിൽ നായികയെ വിളിച്ച് ഗംഗാധരൻ വിവരം പറഞ്ഞു കഴിഞ്ഞു.അപ്പോൾ പാടത്തിൻ്റെ വരമ്പത്തെ എലി എന്ന കൊല്ലം രാധാകൃഷ്ണൻ്റെ കഥയിൽ നമ്മളുടെ ഷോർട്ട് ഫിലിം ആരംഭിക്കുകയാണ്. “അതുവരെ മിണ്ടാതിരുന്ന ജോർജ് മാത്യു പറഞ്ഞു.

“ഇതിൽ നിന്നും പിൻമാറാൻ എന്ത് ചെയ്യണം.? “രാധാകൃഷ്ണൻ.

“പതിവുപോലെ എല്ലാവർക്കും മസാലദോശയും കാപ്പിയും”.ആഘോഷമായി എല്ലാവരും മഞ്ജുനാഥ കഫേയിലേക്ക് യാത്രയായി. ഒരു മൊബൈലും കയ്യിൽ പിടിച്ചു് അതുവരെ യാതൊന്നും സംസാരിക്കാതെ ഒരു കസേരയിൽ ഇരിപ്പുറപ്പിച്ചിരുന്ന ഹുസ്സയിൻ പറഞ്ഞു, എൻ്റെ ഷോർട്ട് ഫിലിം റെഡി.”

“എന്താ തൻ്റെ കഥയുടെ പേര്?”

“കൊല്ലൻ രാധാകൃഷ്ണൻെറ എലി”.

“കൊല്ലൻ രാധാകൃഷ്ണൻ അല്ല,കൊല്ലം രാധാകൃഷ്ണൻ”.അച്ചായൻ തിരുത്തി.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി