ജോൺ കുറിഞ്ഞിരപ്പള്ളി

കൂടുതൽ വലിയ പ്രശനങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ വാടകവീട്ടിലെ താമസം രണ്ടാഴ്ച കഴിഞ്ഞു. കൂടുതൽ അഭ്യാസങ്ങൾക്കൊന്നും സമയം കിട്ടിയില്ല. ജോലിസ്ഥലത്ത് ഞങ്ങൾ രണ്ടുപേർക്കും
വളരെ തിരക്കായിരുന്നു. അപ്പോഴേക്കും ഞങ്ങളുടെ അയൽവാസികളും ഹൗസ് ഓണറിൻറെ കുടുംബവും ആയി നല്ല അടുപ്പത്തിലായി. തന്നെയുമല്ല ഞങ്ങൾ രണ്ടുപേരും നല്ല ഡീസൻറ് ചെറുപ്പക്കാരായിരുന്നു, അവരുടെ കണ്ണിൽ. അതുകൊണ്ട് അതാവശ്യം സഹായങ്ങളും അവർ ചെയ്തു തന്നു. ബാംഗ്ലൂരിൽ റേഷൻ ആയികിട്ടുന്ന വെള്ളം അവർ ഞങ്ങൾ ഇല്ലാത്തപ്പോൾ ഞങ്ങൾക്കുവേണ്ടി സംഭരിച്ചു വയ്ക്കും,വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കും. അങ്ങനെ ചില്ലറ സഹായങ്ങൾ ചെയ്തുതരുന്നത് ഞങ്ങൾക്കും ഉപകാരമായിത്തീർന്നു. ഒരു ശനിയാഴ്ച കാലത്ത് ജോർജ് കുട്ടി എഴുന്നേറ്റു. എന്നെയും വിളിച്ചു എഴുന്നേൽപ്പിച്ചു.
“എന്താ കാര്യം?”
“നമ്മൾക്ക് ഇന്ന് നായാട്ടിനുപോകണം.”
“നായാട്ട്?”
“അതെ, നമ്മൾ പോകുന്നത് കൊക്കിനെ വെടിവയ്ക്കാനാണ്. പക്ഷെ കൊക്കുവെടി എന്ന് ആളുകൾ പറയാറില്ല.തന്നെയുമല്ല നായാട്ട് എന്ന് പറഞ്ഞില്ലെങ്കിൽ അതിനു ഒരു വെയിറ്റ് ഇല്ല.”
“ബാംഗ്ലൂർ നഗരത്തിൽ നമ്മൾ നായാട്ടിനു പോകുന്നു എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ചിരിക്കും”
“തനിക്ക് ബാംഗ്ലൂർ നനഗരത്തിൻ്റെ ഭൂമിശാസ്ത്രം അറിയില്ല……………”
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടുപേർ ഞങ്ങളുടെ വീട്ടിലേക്കു വരുന്നതു കണ്ട് ഞങ്ങൾ
സംസാരം നിർത്തി.
അവർ അടുത്ത് വന്നു.”നിങ്ങൾ മലയാളികളാണ് അല്ലെ?”
ചോദ്യം മലയാളത്തിലാണ്.”അതെ.നിങ്ങളോ?” ജോർജ്കുട്ടി പെട്ടെന്ന് തിരിച്ചു ചോദിച്ചു.
“ഞങ്ങളും.”
“അപ്പോൾ നമ്മൾക്ക് മലയാളത്തിൽ സംസാരിക്കാം
അല്ലെ?”
ഞാൻ അമ്പരന്നു നിൽക്കുകയാണ്. അപ്പോൾ ഇത്രയും സമയം സംസാരിച്ചത് ഏതു ഭാഷയിലാണ്?അവർ
ഞങ്ങൾ താമസിക്കുന്നതിനടുത്ത് തന്നെയുള്ളവരായിരുന്നു. ജോസഫും സെൽവരാജനും. അവരും ഞങ്ങളെപ്പോലെ ഒന്നിച്ചു താമസിക്കുകയാണ്. ഏതായാലും ജോർജ് കുട്ടി നായാട്ടിൻറെ കാര്യം
മറന്നു എന്ന് കരുതിയിരിക്കുമ്പോൾ വീണ്ടും അതെ വിഷയം എടുത്തിട്ടു.
” ഞങ്ങൾ നായാട്ടിനു പോകുകയാണ്.നിങ്ങളും വരുന്നോ?”
“അതിനു ഞങ്ങൾക്ക് തോക്കില്ല”
“നന്നായിട്ടു പഠിച്ചാൽ തോക്കില്ല……………..നിങ്ങൾ വരുന്നു എങ്കിൽ വാ. “ജോർജ് കുട്ടി അകത്തുപോയി എയർഗൺ എടുത്തുകൊണ്ടു വന്നു. സ്വെൽവരാജൻ പറഞ്ഞു.”അടിപൊളി,ഞങ്ങളും വരുന്നു.പക്ഷെ ഈ
തോക്ക് ഡ്യൂപ്ലിക്കേറ്റ് ആണോ,അതോ പൊട്ടുന്നതാണോ”
സ്വന്തം തോക്കിനെ അപമാനിച്ചാൽ ആർക്കും ദേഷ്യം വരും .ജോർജ് കുട്ടി 3 യുടെ ഒരു പെല്ലറ്റ് എടുത്തു തോക്കു മടക്കി ചുരുട്ടിക്കൂട്ടി അത് നിറച്ചു. മുറ്റത്തിറങ്ങിനിന്നു ആകാശത്തിലേക്കു വെടി
വെച്ചു. സൈനികർ ആചാരവെടി വെക്കുന്നതുപോലെ.
“കൊള്ളാം” നല്ല ശബ്ദത്തോടെ അത് പൊട്ടി.
അല്പം കഴിഞ്ഞു “ഘിണിം .ഘിണിം” എന്ന ശബ്ദത്തോടെ അടുത്തുണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റ്
പൊട്ടി താഴേക്ക് വീണു.വീണത് ഇലക്ട്രിക്പോസ്റ്റിൻ്റെ സ്റ്റേ വയറിൽക്കൂടി ഊർന്ന് അടുത്തുള്ള വീട്ടുകാരുടെ വീടിൻ്റെ പുറത്തേക്ക് വീണു. ആ വീഴ്ചയിൽ എട്ടുകാലി വല പോലെ അവരുടെ വീടിനുമുകളിൽ പിടിപ്പിച്ചിരുന്ന ടി.വി.ആൻറിന മറിഞ്ഞുവീണു.സാമാന്യം നല്ല ശബ്ദം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ ഓടിക്കൂടി.
ആ ഹൗസ് ഓണർ പറഞ്ഞു,”ഓ കുഴപ്പമില്ല,അത് കെട്ടാനുള്ള കാശു തന്നാൽ മതി”
ജോർജ് കുട്ടി ഉടനെ സമ്മതിച്ചു.”എത്ര രൂപ തരണം?”
“ഇരുന്നൂറ്”
“അമ്പത് രൂപക്ക് ഒരു ദിവസം ജോലിക്ക് ആളെക്കിട്ടും അപ്പോൾ ഇരുന്നൂറുരൂപ?”
കേട്ടുനിന്ന ഒരാൾ മധ്യസ്ഥനായി.”ഇരുന്നൂറു രൂപ കൂടുതലാ,നൂറു കൊടുക്ക്”
“അതൊന്നും പറ്റില്ല.”
“ശരി,അൻപതു രൂപ തന്നാൽ പ്രശനം തീർന്നു.”ഹൗസ് ഓണർ.
മധ്യസ്ഥൻ പറഞ്ഞു ,”അത് ന്യായം”
“ഞാൻ ഇരുപത്തഞ്ചു രൂപതരും”ജോർജ് കുട്ടി
ഹൗസ് ഓണർ പറഞ്ഞു,”ശരി,പോട്ടെ,നമ്മടെ സാറല്ലേ സാർ ഇരുപത്തഞ്ചു രൂപ തരൂ.”
ജോർജ് കുട്ടി എന്നെ നോക്കി,”ഒരു ഇരുപത്തഞ്ചു രൂപ കൊടുക്ക്.
“ഞാൻ എന്തിനു കൊടുക്കണം? താൻ കൊടുക്ക്”
“വാടകയ്ക്ക് വീടെടുത്തത് താനല്ലേ?അപ്പോൾ അതിനോടനുബന്ധിച്ചുണ്ടാകുന്ന ചിലവുകൾ താൻ
എടുക്കണം. തനിക്ക് ഒരു നഷ്ടവും ഇല്ല.”അവർ ആദ്യം ചോദിച്ചത് എത്രയാണ്?”
“ഇരുന്നൂറ്.”
“ഇപ്പോൾ കൊടുക്കുന്നത് എത്രയാണ്?”
“ഇരുപത്തഞ്ച്”
“അപ്പോൾ ഇരുന്നൂറ് കൊടുക്കണ്ട സ്ഥാനത്തു നൂറ്റി എഴുപത്തഞ്ചു രൂപ കുറച്ചു ഇരുപത്തഞ്ചു രൂപ
കൊടുത്താൽ ലാഭം എത്രയാ?”
“നൂറ്റി എഴുപത്തഞ്ച്”
“ഇത്രയുംലാഭം കിട്ടിയിട്ടും തനിക്ക് ഇരുപത്തഞ്ചു രൂപ കൊടുക്കാൻ പറ്റില്ല അല്ലെ?”
അവൻ്റെ കയ്യിൽ കാശുകാണില്ല. ഞാൻ ഇരുപത്തഞ്ച് രൂപ കൊടുത്തു പ്രശനം ഒഴിവാക്കി. അരിശം സഹിക്ക വയ്യാതെ ഞാൻ അകത്തുപോയി ഒരു കസേരയിൽ ഇരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോർജ് കുട്ടി അകത്തു വന്ന് എന്നെ നോക്കി അൽപനേരം നിന്നു .പെട്ടെന്ന് അവൻ്റെ പോക്കറ്റിൽ
നിന്നും ഇരുപത്തഞ്ചു രൂപ എടുത്തു എൻ്റെ പോക്കറ്റിൽ തിരുകി വച്ചു. അവൻ പറഞ്ഞു,” നീ ഇതറിയണം .ചെറുപ്പത്തിലേ അച്ഛൻ മരിച്ചു.’അമ്മ മാനസികരോഗി.ചേട്ടൻ ഉത്തരവാദിത്വമില്ലാതെ കഞ്ചാവടിച്ചു നടക്കുന്നു.കല്യാണം കഴിപ്പിക്കാറായ രണ്ടനുജത്തിമാർ.ഈ പ്രാരാബ്ധങ്ങളെല്ലാം വന്നാൽ ഒരു മനുഷ്യൻ എന്ത് ചെയ്യും?”
ഓടിക്കളിച്ചു തമാശ പറഞ്ഞു നടക്കുന്ന ജോർജ്കുട്ടിയുടെ ചരിത്രം, എനിക്ക്അറിഞ്ഞുകൂടായിരുന്നു. സങ്കടം സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റു. ആ ഇരുപത്തഞ്ച് രൂപ അവൻ്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു. കണ്ണീരടക്കി ഞാൻ പറഞ്ഞു,”ജോർജ് കുട്ടി ക്ഷമിക്കണം,ഞാനറിഞ്ഞില്ല നിനക്ക് ഇങ്ങനെ ഒരു
ചരിത്രം ഉണ്ട് എന്ന്.”
“നീ എന്താ ഈ പറയുന്നത്?ഞാൻ കഴിഞ്ഞ ആഴ്ചകണ്ട സിനിമയുടെ കഥ പറഞ്ഞതല്ലേ?”
(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
വര : അനുജ സജീവ്