ന്യൂസ് ഡെസ്ക് , മലയാളം യുകെ

അമേരിക്കയിൽ കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി വനിത ഡോക്ടർ ഡോ. നിത കുന്നുംപുറത്തിന്റെ(30) മൃതദേഹം ഇന്ന് ഷിക്കാഗോയിൽ എത്തിക്കും. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഇതിനായി നിതയുടെ സഹോദരൻ നിതിനും സഹോദരി ഭർത്താവ് നിഖിലും മിയാമിയിൽ എത്തിച്ചേർന്നിട്ടുണ്ട് . സംസ്കാര ശുശ്രൂഷ എസ് എച്ച് ക്നാനായ കത്തോലിക്കാ പള്ളിയിലാണ് നടക്കുക. സംസാരസമയം തീരുമാനിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു.

കൽപ്പറ്റയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ഡോ . നിതയുടെ വലിയ ആഗ്രഹമായിരുന്നു ഇന്ത്യയിൽ മടങ്ങിയെത്തി വയനാട്ടിൽ സേവനം അനുഷ്ഠിക്കണം എന്നുള്ളത് . കൽപ്പറ്റയിലെ സ്കൂൾ പഠനകാലത്തെ കുറിച്ച് നിത പങ്കുവെച്ച ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ കേരളത്തിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മനസ്സിൽ വിങ്ങലായി. പഠനത്തോടൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തങ്ങളിലും എന്നും മുൻപന്തിയിലായിരുന്ന നിത വയനാട്ടിലേക്ക് മടങ്ങിവരണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിടപറഞ്ഞത് .

മിയാമിയിൽ സർജറി പി ജി വിദ്യാർഥിയായിരുന്ന നിത നേപ്പിൾസിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് കാർ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് . നിതയുടെ ദുരന്തമരണവും രക്ഷിക്കാൻ കനാലിലെ ചീങ്കണ്ണികളുടെ സാന്നിധ്യം തടസ്സം ആയതും ലോകമെങ്ങും വൻ വാർത്തയായിരുന്നു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എം സി തോമസ് -ത്രേസ്യാമ്മ ദമ്പതികളുടെ മകളായ നിത മെഡിസിനിൽ ബിരുദമെടുത്ത ശേഷം സർജറിയിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി മിയാമിയിലെ ആശുപത്രിയിൽ ചേർന്നത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.