ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് ഏഴുവിക്കറ്റിന്‍റെ ആധികാരിക ജയം. വെസ്റ്റിന്‍ഡീസിന്‍റെ 321 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് എട്ട് ഓവര്‍ ബാക്കിനില്‍ക്കെയാണ് മറികടന്നത്. ഷാക്കിബ് അല്‍ ഹസന്‍ 124 റണ്‍സോടെയും ലിറ്റണ്‍ ദാസ് 94 റണ്‍സോടെ പുറത്താകാതെ നിന്നു. ഏകദിനത്തില്‍ വേഗത്തില്‍ 6000 റണ്‍സും 200 വിക്കറ്റുമെന്ന നേട്ടം ഷാക്കിബ് സ്വന്തമാക്കി.
16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഷാക്കിബ് ഈ ലോകകപ്പിലെ തന്റെ രണ്ടാം സെഞ്ചുറി കുറിച്ചത്. ഉറച്ച പിന്തുണയുമായി ലിറ്റൻ മറുവശത്തും നിലയുറപ്പിച്ചു. സൗമ്യ സർക്കാർ (29), തമീം ഇക്ബാൽ (48), മുഷ്ഫിഖുർ റഹിം (1) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലദേശിനു നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ സർക്കാർ – തമീം ഇക്ബാൽ സഖ്യം 52 റൺസ് കൂട്ടിച്ചേർത്തു.
നേരത്തെ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത അന്‍പത് ഓവറില്‍ 321 റണ്‍സ് എടുത്തു. വിന്‍ഡീസിനായി ഷായ് ഹോപ്പും, ഷിമറോണ്‍ ഹെയ്റ്റ്മെയറും അര്‍ധസെഞ്ചുറികള്‍ നേടി. ബംഗ്ലദേശിനായി മുസ്താഫിസുർ റഹ്മാൻ, മുഹമ്മദ് സയ്ഫുദ്ദീൻ എന്നിവർ മൂന്നു വിക്കറ്റ് വീതം പിഴുതു. ഷാക്കിബ് അൽ ഹസൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
Leave a Reply