ടിവി കാണുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കത്തില്‍ ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്ന് നിന്ന മൂന്ന് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ. ബെംഗളൂരു മല്ലത്തഹള്ളിയിലാണ് സംഭവം. സംഭവത്തില്‍ ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26)യെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. വ്യാപാര സ്ഥാപനത്തിലെ തൂപ്പുകാരിയായ സുധയും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഈരണ്ണയും മൂന്ന് വയസ്സുള്ള മകള്‍ വിനുതയും മല്ലത്തഹള്ളിയിലെ വീട്ടിലാണ് താമസം. ചൊവ്വാഴ്ച ഉച്ചക്ക് സുധ ടിവി കണ്ടു കൊണ്ടിരുന്നപ്പോള്‍ ഭര്‍ത്താവ് വന്ന് റിമോര്‍ട്ട് വാങ്ങി ടിവി ചാനല്‍ മാറ്റി. ഭര്‍ത്താവ് വാര്‍ത്ത ചാനല്‍ വച്ചതിനെ സുധ എതിര്‍ത്തു.

എന്നാല്‍ മൂന്ന് വയസ്സുകാരിയായ മകള്‍ വിനുത അച്ഛനെ അനുകൂലിച്ചാണ് സംസാരിച്ചത്. അമ്മയോട് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. ഇതാണ് സുധയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ സുധ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

രാവിലെ ആറ് മണിക്ക് തന്നെ ജോലിക്ക് പോയതിനാല്‍ ഈരണ്ണ ഇത് അറിഞ്ഞില്ല. തുടര്‍ന്ന് ബുധനാഴ്ച, മകളെ കാണാനില്ലെന്ന് പറഞ്ഞ് സുധ പോലീസില്‍ പരാതി നല്‍കി. കടയില്‍ പോയപ്പോള്‍ തിരക്കില്‍ പെട്ട് മകളെ കാണാതായി എന്നാണ് സുധ പോലീസില്‍ പറഞ്ഞത്.

തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ സുധയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് സുധയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. ബെംഗളൂരു ബിഡിഎ ലേഔട്ടിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പിറ്റേദിവസം രാവിലെ മൃതദേഹം ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി.

അച്ഛനെ അനുകൂലിച്ച സംഭവത്തില്‍ മാത്രമല്ല മറ്റ് കാര്യത്തിലും സുധയ്ക്ക് മകളോട് ദേഷ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മിക്കപ്പോഴും സുധ മകളെയും കൊണ്ടുപോകുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അവിടെ നടക്കുന്ന എല്ലാസംഭവങ്ങളും മകള്‍ അച്ഛനോട് പറയുന്നതില്‍ സുധയ്ക്ക് ദേഷ്യമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.