ന്യൂസ് ഡെസ്ക്, മലയാളം യുകെ

തുടർച്ചയായ ആറാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. എന്നാൽ പണപെരുപ്പ നിരക്ക് ശരിയായ ദിശയിൽ കുറയുന്നതിനാൽ ജൂൺ മാസത്തിൽ പലിശ നിരക്കുകൾ കുറയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നൽകി. ജൂൺ മാസത്തിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത കടുത്ത അനുഗ്രഹമമാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കാരണം കൂടുതൽ ആളുകൾ വായ്പയെടുക്കാനുള്ള സാധ്യത ഭവന വിപണി ഉൾപ്പെടെയുള്ള മേഖലകളിൽ ഉണർവിന് കാരണമാകും.

ഉടനെ തന്നെ പണപ്പെരുപ്പ നിരക്ക് പ്രാഥമിക ലക്ഷ്യമായ 2 % എത്തുമെന്നും രണ്ട് വർഷത്തിനുള്ളിൽ അത് 1.6 ശതമാനമായി കുറയുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇതോടെ ഭാവിയിൽ പലിശ നിരക്കുകൾ കൂടുതൽ കുറയുന്നതിന് വഴിയൊരുക്കും. യുകെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് വിമുക്തമായതായാണ് ബാങ്കിൻറെ വിലയിരുത്തൽ. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ സമ്പദ് വ്യവസ്ഥ 0.4 ശതമാനം വളർച്ച പ്രാപിച്ചതായാണ് അനുമാനിക്കുന്നത്. എന്നിരുന്നാലും യഥാർത്ഥ കണക്കുകൾ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നാളെ പ്രസിദ്ധീകരിക്കും.


ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പലിശ നിരക്കുകൾ നിലനിർത്താനുള്ള തീരുമാനത്തിൽ അംഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടായതായാണ് റിപ്പോർട്ടുകൾ . രണ്ട് അംഗങ്ങൾ പലിശ നിരക്കുകൾ കുറയ്ക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ജൂണിൽ നടക്കുന്ന അടുത്ത യോഗത്തിൽ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി സൂചിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജൂണിൽ പലിശ നിരക്കുകൾ വെട്ടി കുറയ്ക്കുന്നത് പ്രധാനമന്ത്രി ഋഷി സുനകിനും ഭരണപക്ഷത്തിനും അനുകൂലമായ ഘടകമാണ്. പൊതു തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ ഉയർന്ന തോതിലുള്ള പണപ്പെരുപ്പത്തിലും പലിശ നിരക്കുകളിലും ജനങ്ങൾ കടുത്ത അസംതൃപ്തിയിലാണ്