ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുതിച്ചുയരുന്ന ഭക്ഷ്യവില വലിയ ആശങ്ക സൃഷ്ടിക്കുന്നെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ആൻഡ്രൂ ബെയ്‌ലി. ഹൗസ് ഓഫ് കോമൺസിന്റെ ട്രഷറി കമ്മിറ്റിക്ക് മുൻപിലാണ് ബെയ്‌ലി തന്റെ ആശങ്ക തുറന്നുപറഞ്ഞത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പണപെരുപ്പം വർധിക്കുകയാണെന്നും താൻ നിസ്സഹായനാണെന്നും ബെയ്‌ലി വ്യക്തമാക്കി. 30 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ വിലകൾ കുതിച്ചുയരുകയാണ്. ലക്ഷകണക്കിന് ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴുന്നു. ഈ വർഷം കടുത്ത പ്രതിസന്ധിയാണ് ബ്രിട്ടീഷ് കുടുംബങ്ങളെ കാത്തിരിക്കുന്നത് – ബെയ്ലി വെളിപ്പെടുത്തി.

പണപ്പെരുപ്പ വർധന ഗാർഹിക ചെലവുകളെ ബാധിക്കുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്യും. ഗോതമ്പ്, പാചക എണ്ണ എന്നീ ഉത്പന്നങ്ങളുടെ ലഭ്യതയിലാണ് പ്രധാന ആശങ്ക. റഷ്യയുടെ ആക്രമണം തുടരുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദന രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽ നിന്ന് സാധനങ്ങൾ കയറ്റി അയക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് കീവിലെ ധനമന്ത്രി വിശദീകരിച്ചു. ആഗോളതലത്തിൽ ഗോതമ്പിന്റെ 10 ശതമാനവും യുക്രെയ്‌ൻ വിതരണം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. കൂടാതെ സൂര്യകാന്തി എണ്ണയുടെ പ്രധാന ഉത്പാദകരും യുക്രെയ്നാണ്.

അതേസമയം, ജീവിതച്ചെലവ് പ്രതിസന്ധിക്കിടയിലും തൊഴിലാളികൾ വലിയ ശമ്പള വർദ്ധനവ് ആവശ്യപ്പെടരുതെന്ന വാദം ബെയ്ലി ആവർത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഒരു ശതമാനമായി ഉയർത്തിയിരുന്നു. ഈ വർഷം പണപെരുപ്പം പത്തു ശതമാനത്തിന് മുകളിൽ എത്തുമെന്നാണ് പ്രവചനം.